Sunday, May 24, 2009

ഒറ്റമൈനയുടെ കാഴ്ച

പകുതിയിലേറെ പച്ചപ്പഴിഞ്ഞുപോയ ചില്ല;
തണലൊതുക്കിയിരുന്നാലും
ചിറകിനു തീ പിടിയ്ക്കും.
കാറ്റിളക്കങ്ങള്‍ക്കു മീതെ
പുതുക്കി മേച്ചില്‍ നടത്തുമ്പോഴെല്ലാം
ചിലമ്പിച്ച മുറുമുറുപ്പുകള്‍ ഉച്ചത്തിലെഴുതും.

മട തകര്‍ന്നു മരിച്ചവന്റെ കണ്ണും
ഉരുള്‍പ്പൊട്ടിയ ഒഴുക്കും
ചോരതുപ്പി വീണ മെയ്‌മാസപ്പൂക്കള്‍
വിവര്‍ത്തനം ചെയ്യുന്നു.

നനഞ്ഞ വെയില്‍
പുള്ളികുത്തിക്കളിയ്ക്കും അടുപ്പുകള്‍
എവിടെയും ചോദ്യാക്ഷരങ്ങളില്‍ത്തന്നെ.

തൊണ്ട നീറ്റുന്ന അക്ഷരത്തെറ്റുകള്‍ മായ്ക്കാന്‍
ആഴമറിയാത്ത മണ്‍ഭരണിയില്‍ നിന്നും
ഉയിര്‍കൊള്ളും വെള്ളത്തിനായി
ഇനിയുമേറെ കല്ലുപെറുക്കിയിടണമെന്ന്‌
ഇരിപ്പുമുറിയിലെ ഒറ്റജാലകം
പകര്‍ത്തിയെഴുതുന്നു.

****************************

Sunday, April 26, 2009

കാണാക്കിളിവാതിൽ

എന്നാണടച്ചതെന്നോ
ഇന്നേവരെ തുറന്നിട്ടേയില്ലെന്നോ
ആരും പറഞ്ഞുകേട്ടിട്ടില്ല.

അച്ഛനോര്‍മ്മ വച്ച കാലവും
അച്ഛാഛന്റെ ഓര്‍മ്മയിലുള്ള കാലവും
ഉള്ളൊന്നു തുറക്കാന്‍ പറ്റീട്ടില്ലെന്ന്‌.

മുട്ടി നോക്കിയിരിയ്ക്കാം..
ഇല്ലാത്താക്കോലിട്ട്‌ ശ്രമിച്ചിരിയ്ക്കാം,
ഇപ്പൊ തുറക്കാമെന്ന്‌ അഹങ്കരിച്ചിരിയ്ക്കാം..

കണ്ണടയ്ക്കാത്ത, കാതനക്കാത്ത കാത്തിരുന്ന്‌
നിശാഗന്ധി പൂക്കും സംഗീതം അറിയുന്നവന്‍
സൂത്രക്കണക്കില്‍ പാതി തുറക്കുമെന്നൊരു പഴങ്കഥ.

താക്കോല്‍പ്പഴുതിലൂടെയുള്ള
രഹസ്യ സഞ്ചാരങ്ങളെ കേട്ടിട്ടുണ്ട്‌;
അനുഭവിച്ചിട്ടുമുണ്ട്‌.
അതിന്മേലുള്ള കണക്കിലും
അനുമാനത്തിലുമൊതുങ്ങുമോ ഉള്ളറ.

എലിപ്പുറത്തു പുറപ്പെട്ടുപോയി
പൂട്ടുകളെത്ര പൊളിയ്ക്കുന്നു..!

കള്ളന്‍ കയറാതെ,
കയറിയോരൊന്നും പുറത്തുപോകാതെ,
അലസമെന്ന വിധം ചാരിയിട്ടേയുള്ളൂ..
എന്നിട്ടും...
അറിഞ്ഞൊന്നു മനസ്സ്‌ തുറക്കാന്‍..

Tuesday, April 7, 2009

വെള്ളം ഉറങ്ങിക്കിടക്കുകയാവും..

കൈനീട്ടിത്തൊടാന്‍ തോന്നും..

ഒന്നു തറപ്പിച്ചു നോക്കിയാല്‍
‍ആകാശക്കണ്ണാടിയില്‍
എന്റെ കറുത്തമുഖം കാട്ടിത്തരും.

ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന്‌ മേനിയുലയ്ക്കും.

മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
ശ്വാസം തുളുമ്പാത്ത നില്‍പ്പിലാണ്‌
നിന്റെ ചന്തം.

ഞാനറിയാതെ കുതിയ്ക്കുന്നുണ്ട്‌ മനസ്സ്‌.

നഖമുന തട്ടുമ്പോഴേയ്ക്കും
അനങ്ങിക്കളയരുത്‌.

കാല്‍വിരല്‍ തൊട്ട്‌ മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ്‌ നില്‍ക്കുമെങ്കില്‍..
മുങ്ങിയും പൊങ്ങിയും
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്‌,
നിന്നില്‍ മയങ്ങണം.

ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ
ചുളിവീഴാത്ത വിരിപ്പാകണം നീ.

നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും.

ആ നിമിഷത്തില്‍,
നിശ്ചലത വലിച്ചു മാറ്റി,
എന്നില്‍ കുതിര്‍ന്നുപോയ
അവസാന തുള്ളിയ്ക്കായ്‌
നീ നിര്‍ത്താതെ കരയുമോ..
പകരമായ്‌ തന്ന
എന്റെ ജീവനെപ്പോലുമോര്‍ക്കാതെ..

**************************

Sunday, March 29, 2009

പരീക്ഷക്കണക്കുകൾ

നിരയൊപ്പിച്ച്‌ നിര്‍ത്തിയ
മെലിഞ്ഞ ഒറ്റകളെ വിഴുങ്ങി,
വെട്ടും കുത്തും കിട്ടി തെറിച്ചവരെ
തൊട്ടു കൂട്ടി,
കൊഴുത്ത സംഖ്യകള്‍ ഏമ്പക്കമിടും.

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.

ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി
മാര്‍ക്കുലിസ്റ്റുണ്ടാക്കുന്നത്‌
ഇങ്ങനെയാണ്.

Sunday, March 8, 2009

ചുകപ്പിന്റെ നിറം

ഒരേ മടിത്തട്ടിൽ കേട്ട കഥയിൽനിന്നും
പലനിറം പൂശിയ ശരികൾ,
ചില്ലുപൊടി കൂട്ടിയുണക്കിയ നൂലിൻ തുമ്പിൽ
തമ്മിൽ തമ്മിൽ തരം നോക്കി
കൊത്തി പറക്കുന്നുണ്ട്‌.

കൊയ്തുപാടത്തുനിന്നും
അരിവാളുകൾ
തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്‌
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്‌, കാറ്റ്‌ വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത്‌ ..?

ദ്രവിച്ച തായ്‌ത്തടിയിൽ
പടർന്ന്‌ കുഴഞ്ഞ വള്ളികൾ
ഇല പൊഴിയ്ക്കാത്ത നേരമില്ല.

വഴിയില്ലായ്മകളിലേയ്ക്ക്‌
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും...

Wednesday, February 25, 2009

വേലിയേറ്റത്തിനൊടുവില്‍

ചുറ്റിലും തിളയ്ക്കുന്ന തിരകള്‍ക്ക്‌
പിടികൊടുക്കാത്ത ഉള്‍ക്കടലിലാണ്‌
മുങ്ങിപ്പോകുന്നത്‌.

ആവര്‍ത്തനങ്ങളില്‍ നിന്ന്‌
പണിപ്പെട്ടു തിരിച്ചുപിടിച്ച ശ്വാസം
ഹൃദയത്തിലെ ആണിപ്പാടിലെ ചോരയ്ക്കൊപ്പം
ഇറങ്ങിപ്പോക്കിന്റെ വക്കോളമെത്തും.

അപ്പോഴും ശാന്തനായൊരു മണല്‍ത്തിട്ട
ഒഴുക്കിന്റെ മുറിപ്പാടുകളില്‍
മണലുണക്കി, തിളക്കം ചേര്‍ത്തുകൊണ്ടിരിയ്ക്കും.

സ്വന്തമെന്ന്‌ നട്ടുനനച്ചതൊക്കെ
അഹങ്കാരമായി കായ്ച്‌
നഷ്ടങ്ങളായി വീഴുന്നിടത്താണ്‌
മുനവച്ചു നോവിയ്ക്കുന്ന
ഈയാംപുല്ലുകളുണ്ടാവുന്നതെന്ന്‌
പറഞ്ഞുതരും.

Monday, February 16, 2009

വിട്ടുപോകാതെ..

ഞരമ്പിലോടും വര്‍ണ്ണധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം.

മഞ്ഞവെയിലില്‍ മുങ്ങാന്‍,
പച്ചവിരിപ്പില്‍ ചിറകുണക്കാന്‍,
ചുമരിലെ ചതുരക്കാഴ്ച
നിലമിറങ്ങും ആകാശത്തുണ്ട്‌ തന്നു.
വിരിച്ചിട്ട വെളിച്ചത്തെ..
ഒരിക്കലും കെട്ടുപിണയാത്ത
മഴനൂലുകളെ..
അമിട്ടുവിരിയിക്കുന്ന
നക്ഷത്രങ്ങളെ തന്നു.

മാനത്തേയ്ക്ക്‌ കണ്‍തുറന്നിട്ടും,
സ്വപ്നങ്ങള്‍,മനസ്സറിയാതെ പെയ്തിറങ്ങി
അലിവുള്ള മണ്ണിനെ പ്രണയിച്ചത്‌,
അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റാവാം.

**********************