Wednesday, August 22, 2007

എന്റെ ഓണം

കേട്ടുമറന്നൊരു പൂവിളി കാതിന്നമൃതം പകരുമ്പോള്‍,
പാടിപ്പഴകിയൊരോണപ്പാട്ടെന്നോര്‍മയിലൊഴുകുമ്പോള്‍,

വാസന്തം വന്നോരോ തളിരിലുമുണരുവതറിവൂ ഞാന്‍..
ആനന്ദത്തിന്നലയൊലിയെങ്ങും പടരുവതറിവൂ ഞാന്‍..

പാടവരമ്പത്തെങ്ങോ മെതിയടിയമരുവതറിവൂ ഞാന്‍..
ഓലക്കുടയുടെ കീഴില്‍ മാബലിയണയുവതറിവൂ ഞാന്‍..

ആടും പൊന്‍കതിര്‍ മിന്നും വെയിലിന്നാടയതണിയുമ്പോള്‍,
മാറും മാമല നാടിന്‍ മായിക രൂപം കാണ്മൂ ഞാന്‍..

ആഴക്കടലിന്നിക്കരെ നോവിന്‍ നീറുകളിഴയുമ്പോള്‍,
തീമഴ പൊഴിയും കനവില്‍ വീണ്ടും കനലുകളെരിയുമ്പോള്‍,

ഓണനിലാവിന്‍ കുളിരെന്നുയിരായലിയുവതറിവൂ ഞാന്‍..
ആശ്വാസത്തിന്‍ തൂവലിതെന്നെത്തഴുകുവതറിവൂ ഞാന്‍..!!

6 comments:

ചന്ദ്രകാന്തം said...

നന്മയുടെ ഉണര്‍ത്തുപാട്ടുമായി, സമൃദ്ധിയുടെ പൂത്താലവുമേന്തി...
വീണ്ടും ഓണം വരവായി..

എല്ലാര്‍ക്കും... പൊന്നോണാശംസകള്‍ !!!

ശ്രീ said...

ഈ ഓണ വിഭവം ഇഷ്ടമായി...

ഓണത്തിന്റെ ഓര്‍‌മ്മകള്‍‌ എന്നും സാന്ത്വനമേകട്ടെ... എല്ലാ മലയാളികളുടേയും മനസ്സിലും ഓണസ്മൃതികള്‍‌ സന്തോഷം പകരട്ടേ...

ഓണാശംസകള്‍‌!

വേഴാമ്പല്‍ said...

ചന്ദ്രകാന്തം, ഓണം കവിത നന്നായിരിക്കുന്നു.

ചന്ദ്രകാന്തം said...

ഈ ഓണപ്പൂക്കളത്തിലെത്തി തുമ്പപ്പൂവിട്ട എല്ലാര്‍ക്കും നന്ദി.

[ nardnahc hsemus ] said...

:)) നന്നായിട്ടുണ്ട്!

അപ്പു ആദ്യാക്ഷരി said...

ഞാനിതിപ്പോഴേ കണ്ടുള്ളൂ..
നനായിരിക്കുന്നു...