കൊല്ലപ്പരീക്ഷയുടെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടിയതിന്റെ സന്തോഷം എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിച്ചിട്ട് രാജുവിന് ഒരു പിടിയും കിട്ടുന്നില്ല.
ഏപ്രില്‍ ഫൂള്‍ മുതലുള്ള ദിവസങ്ങള്‍ ഏതൊക്കെ രീതിയില്‍, എന്തൊക്കെ കലാപരിപാടികളാല്‍ തിളക്കം കൂട്ടണമെന്ന് ആത്മാര്‍ത്ഥമിത്രം കണ്ണനുമായി അല്പം "കൂലംകഷായം" ആയിത്തന്നെ ആലോചിച്ച് തലപുകച്ചു. ആ പുകച്ചിലിന്റെ അവസാനം ഒരു സത്യം അവര്‍ തിരിച്ചറിഞ്ഞു;
"പണമേ, നീയില്ലാതെ നമുക്കെന്താഘോഷം"...
ശരിയായ പകിട്ടു നിറഞ്ഞ ആഘോഷം നടപ്പിലാക്കണമെങ്കില്‍, വിഷു വരണം. എന്നാലേ കൈനീട്ടം വകയില്‍ കാര്യമായി വല്ലതും തടയൂ.
വിഷുവിന് മാമന് നാട്ടില്‍ വരുന്നുണ്ടെന്ന ന്യൂസ് പബ്ലിഷ് ആയതോടെ സന്തോഷം തലയ്ക്കടിച്ചു.
എന്തൊക്കെ പ്രതിബന്ധമുണ്ടായാലും, ഇക്കുറി സൈക്കിള്‍ പഠിച്ചിട്ടുതന്നെ കാര്യം..കണ്ണന്റെ തലയില്‍ നിന്നും പുറത്ത് ചാടിയ ഒരു ചിരകാലാഭിലാഷം.
ഓരോ വെക്കേഷനും അവന്റെ അമ്മയുടെ "കുരുത്തം കെട്ടോന് അതീന്നും കൂടി വീണ് കയ്യും കാലും ഒടിയാത്ത കുറവേ ഉള്ളൂ" എന്ന ഡയലോഗിന്റെ മലവെള്ളത്തില്‍ ആ ആഗ്രഹം ഒലിച്ചുപോകാറാണ് പതിവ്.
രാജൂന് ഒരുവിധം നന്നായി സൈക്കിള്‍ ചവിട്ടാനറിയാം. അപ്പോള്‍ ചങ്ങാതീടെ ആ എളിയ മോഹം ഏതു വിധേനയും സാധിപ്പിയ്ക്കേണ്ടത് അവന്റെ ധാര്‍മികമായ ചുമതലയായി അവന് ഏറ്റെടുത്തു.
അടുത്തത്, ഒരു അടിപൊളി സിനിമയ്ക്കു പോണം. വീട്ടില്‍ നിന്ന് അത് പാസ്സാക്കിയെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും, കയ്യും മെയ്യും മറന്ന് പോരാടാന്‍ തീരുമാനമായി. വിഷൂന്റന്ന് ഒരു സാദാ പടത്തിനുള്ള പെര്മിഷന് ഒപ്പിക്കാം.
പക്ഷേ........ കണ്ണന് അതും പോരാ.. ഒരു പടം കൂടി ലിസ്റ്റ് ചെയ്യണമെന്നു വാശി. (അതും ഉച്ചപ്പടം). അവസാനം അതിനുള്ള അവസരം ഒപ്പിയ്ക്കുന്ന കീറാമുട്ടി അവന് തന്നെ ഏറ്റെടുത്തു.
സന്തോഷം.... ഇവനാണ് യഥാര്‍ത്ഥ ചങ്ങാതി. ഒന്നുരണ്ട് വയസ്സുകൊണ്ട് തന്നേക്കാള്‍ ചെറുതാണെങ്കിലും, ചിന്തയിലും പ്രവര്‍ത്തിയിലും അഞ്ചാറ് കൊല്ലം മുന്നില്‍ നടക്കുന്ന അവനെ എങ്ങനെ ബഹുമാനിയ്ക്കാതിരിയ്ക്കും?
വെക്കേഷന് പ്രോഗ്രാംസിലെ അടുത്ത ഇനങ്ങള്‍ക്ക് രംഗപടം ഒരുക്കാന്‍ അത്ര കഷ്ടപ്പാടില്ല. ഒരു പാക്കറ്റ് വില്‍സ്, കൂട്ടത്തില്‍ ചിക്കന്‍ ബിരിയാണി. ഇതൊക്കെ സിനിമാ വഹയില്‍ പുറത്തിറങ്ങുമ്പോള്‍ നടത്തിയെടുക്കാം. പിന്നേം കാശുണ്ടെങ്കില്‍ ഓരോ ബീറ്. (വെറും ആറാം ക്ലാസ്സിലെത്തി നില്ക്കുന്നോര്ക്ക് അതിത്തിരി അഹങ്കാരമല്ലേന്ന് രാജൂന് പോലും തോന്നിപ്പോയി.)
എല്ലാറ്റിനും മുന്നോടിയായി സൈക്കിള്‍ പഠിത്തം തുടങ്ങാന്‍ തീരുമാനമായി. വീട്ടിലുള്ള സൈക്കിള്‍, പഠനസാമഗ്രിയായി അനുവദിച്ചുകിട്ടില്ല എന്നതിനാല്‍, വര്‍ഗീസേട്ടന്റവിടുന്ന് വാടകവണ്ടി എടുത്തു. വിഷൂന് മുന്‍പ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിഞ്ഞാല്‍, സിനിമാട്രിപ്പ് ഒരു "സൈക്കിള്‍ യാത്രാനുഭൂതി"യാക്കി മാറ്റാം എന്നൊരു ഗൂഡാലോചനയുടെ ഉന്തും തള്ളും രണ്ടാളുടേയും മനസ്സിലുണ്ടായിരുന്നു.
വീടിന് മുന്നില്‍ വെട്ടുവഴിയാണ്. അതിലുണ്ടായിരുന്ന മണ്ണെല്ലാം മാസങ്ങള്‍ക്കുമുന്‍പ് കുറെ നല്ല മനുഷ്യരുടെ ശ്രമഫലമായി നിരത്തിയിട്ട ചരലിന് വഴിമാറിക്കൊടുത്തിരിയ്ക്കുന്നു. വഴിയുടെ അരികിലൂടെ ഒരാള്‍ക്ക് നടക്കാവുന്ന വീതിയില്‍ കല്ലില്ലാതെ കിടക്കുന്ന ഒറ്റയടിപ്പാതയാണ് സാധാരണ സൈക്കിള്‍ യജ്ഞക്കാര് "ഹൈവേ" ആയി ഉപയോഗിയ്ക്കുന്നത്. തങ്ങളും അവരുടെ പിന്‍ഗാമികളായി.
ആദ്യദിവസം കണ്ണനെ കയറ്റിയിരുത്തി, ഒരു കൈ ഹാന്‍ഡിലിലും, മറുകൈ സീറ്റിനു പിന്നിലും പിടിച്ച് "സൈക്കിളില്‍ പിച്ച"വയ്ക്കുന്നതിന്റെ ഒന്നാം പാഠം രാജു തുടങ്ങിവച്ചു.
കണ്ണന്റെ അമ്മയ്ക്ക് വായതുറക്കാന്‍ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട്, "കുട്യോള് വെലുതാവ്വല്ലേ, ഇതൊക്കെ പഠിച്ചിരിക്യേണ്ടേ.." എന്ന തന്റെ അമ്മയുടെ വാല്‍സല്യധാരയുടെ തേന്തുള്ളികള് രണ്ടാളും നുണഞ്ഞിറക്കി.
ഹാന്‍ഡില്‍ സ്റ്റ്രെയിറ്റ് ആയി പിടിയ്ക്കൂ, നേരെ നോക്കൂ.. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ രാജു നിര്‍ലോഭം കൊടുത്തുകൊണ്ടിരുന്നു. അതെല്ലാം ശിരസാവഹിയ്ക്കുമ്പോള്‍.... കാലീന്ന് പെഡല്‍ പോകും; കണ്ണന് പിന്നേം താഴേയ്ക്ക് നോക്കും, .. അങ്ങനെയങ്ങനെ....
ചവിട്ടി ക്ഷീണിയ്ക്കുമ്പോള്‍ ഒരു ഇടവേളയ്ക്കു വേണ്ടി, വഴിയരുകിലെ കലുങ്കില്‍ എങ്ങിനെ കാലുകുത്താം എന്നത് വളരെ വിദഗ്ദ്ധമായി രാജു പഠിപ്പിച്ചു കൊടുത്തു.
പെഡലില്‍ ഒറ്റക്കാലൂന്നി മറുകാല് പിന്നിലൂടെ വീശി സീറ്റില്‍ കയറിക്കൂടുന്ന വിദ്യ സ്വന്തമായി അത്ര വശമില്ലാത്തതിനാല്‍, ആ പാഠം അവസാനം പഠിക്കാന്‍ മാറ്റിവച്ചു.
പിന്നീടായിരുന്നു ഏറ്റവും മര്‍മ്മപ്രധാനമായ "ബ്രേക്കിടല്‍" കര്‍മ്മ പരിശീലനം. ഏതെല്ലാം രീതിയില്‍, ആവശ്യം വരുന്ന സന്ദര്‍ഭങ്ങളേവ, ശ്രദ്ധിച്ചില്ലെങ്കില്‍ വരുന്ന അപകടങ്ങള്‍....... രാജൂന്റെ പ്രഭാഷണം ആനപ്പുറത്തിരിയ്ക്കുന്ന ഗമയോടെ സൈക്കിള്‍പ്പുറത്തിരുന്ന് കണ്ണന് കേട്ടു.
മൂന്നുനാല് ദിവസത്തെ കഠിനപ്രയത്നം ഒടുവില്‍ "വേഗം" കണ്ടു. രാജു കൈവിട്ടാലും ചവിട്ടാം എന്നായി. അങ്ങനെ ഗുരുമനസ്സ് ആനന്ദാശ്രു പൊഴിയ്ക്കാന്‍ തയ്യാറെടുക്കവേ......... അശ്രുവിന്റെ സകലമാന സ്പെസിഫിക്കേഷനും തകിടം മറിച്ച് സങ്കടാശ്രുവാക്കിക്കൊണ്ട്, ഗുരുവിന്റേയും ശിഷ്യന്റേയും കയ്യില്‍നിന്നും കാര്യങ്ങള്‍ കൈവിട്ടു പോയി.
നൂറുമീറ്ററോളം ഒറ്റയ്ക്കു ചവിട്ടി, മെല്ലെ ബ്രേയ്ക് പിടിച്ച്,വിജയിച്ച സന്തോഷത്തില്‍ ഗുരുവിനെ ചെറുതായൊന്നു തിരിഞ്ഞുനോക്കി, കലുങ്കില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമിച്ചതും..., ഇളകി നിന്നിരുന്ന സിമന്റ് കഷ്ണം കണ്ണനേയും കൊണ്ട് നേരെ താഴെ രണ്ടാള്‍ക്ക് താഴ്ചയുള്ള തോട്ടിലേയ്ക്ക്....... "യ്യോ" എന്നൊരു നിലവിളി മാത്രം ബാക്കി....
ഇടിവെട്ടു കൊണ്ടവനെ പാമ്പും, തേളും, പഴുതാരയും ഒന്നിച്ചു പെരുമാറിയ പോലുള്ള ഗുരുവിന്റെ നില്‍പ്പുകണ്ട്, ശിഷ്യന്റെ സൈക്കിള്‍ പോലും റോഡില്‍ തല ചുറ്റി വീണു.
അതിദാരുണമായ സംഗതി ഇതൊന്നുമല്ല.......
കഷ്ടി ഒരാള്‍ പൊക്കത്തില്‍ തോട്ടില്‍ വളര്‍ന്നു നില്ക്കുന്ന, നല്ല കായികബലമുള്ള മുള്ളുകൊണ്ടലങ്കരിച്ച പൂക്കൈതയുടെ കൊരലിലേയ്കാണ്(തലപ്പ്) കണ്ണന് ക്രാഷ്ലാന്റ് ചെയ്തത്. കൂര്‍ത്ത മുള്ളുകള്‍ തലോടുന്ന സുഖംകൊണ്ട്, അവന്റെ "കുരല്" കാര്യമായി പുറത്തു വരുന്നില്ല. ദയനീയമായ നോട്ടം... ഈ "ത്രിശങ്കുനരകത്തീന്ന്" എന്നെ കരകേറ്റടാ... എന്ന് ശരശയ്യയില്‍ കിടന്നുള്ള ഞരക്കനിവേദനം മാത്രമേ സാധ്യമാകുന്നുള്ളൂ..
കലുങ്കില്‍ നിന്ന് കയ്യെത്തിച്ചാല്‍ കിട്ടുന്നതിലും താഴെയാണ് അവന്റെ കിടപ്പ്. അനങ്ങിപ്പോയാല്‍, ഇപ്പോള്‍ കുത്തിക്കയറി പണിയെടുക്കുന്നവ കൂടാതെ, അടുത്തുള്ള മുള്ളുകള്‍ വരെ ഒന്ന് കുത്തി നോക്കും.
കൈതക്കാല് വെട്ടി, അതേ കിടപ്പില്‍ കണ്ണനെ താഴേയ്ക്ക് മറിയ്ക്കുക എന്ന ഐഡിയബള്‍ബ് രാജൂന്റെ തലച്ചോറില്‍ മിന്നി. വെട്ടുകത്തിയ്ക്കായി വീട്ടിലേയ്ക്ക് കുതിയ്ക്കുമ്പോള്‍.. ബുള്‍ബ് ഒന്നുകൂടി മിന്നി.... കണ്ണന്റെ അമ്മയെങ്ങാന്‍ കണ്ടാല്‍........
ഒടുക്കം, വടക്കുപുറത്തൂടെ പതുങ്ങി അമ്മിക്കല്ലിന്റടുത്തിരിയ്ക്കുന്ന വെട്ടുകത്തിയും സംഘടിപ്പിച്ച് വരുന്നതുവരെ... കണ്ണന് ഉത്തരായണം കാത്തുകിടക്കുന്ന ഭീഷ്മപിതാമഹന്റെ റോളിലങ്ങനെ....... പാവം!!!
തോട്ടിലെ കയ്യെത്തുന്ന എല്ലാ കൈതകളുടെയും കാലുപിടിച്ച്, കാല് വഴുതുമ്പോളെല്ലാം ഭൂമിയില്‍ തൊട്ടു വന്ദിച്ച്, ഒരു വിധം രാജു ലക്ഷ്യം കണ്ടു. കണ്ണന് 'കുടിയിരിയ്ക്കുന്ന' കൈതയ്ക്ക് തരക്കേടില്ലാത്ത വണ്ണമുണ്ട്. രണ്ടുമൂന്നു വെട്ടുകള്‍ക്കെങ്കിലും മുറിഞ്ഞില്ലെങ്കില്‍ .... തന്റെ ചങ്ങാതീടെ കാര്യം കട്ടപ്പൊക.
ഓര്‍മ്മയില്‍ വന്ന എല്ലാ ദൈവങ്ങളേയും വരിക്കുനിര്‍ത്തി പ്രാര്‍ത്ഥിച്ച്, കണ്ണന് "അലര്‍ട്ട്" സിഗ്നല്‍ കൊടുത്ത് ആഞ്ഞുവെട്ടി.
രാജുവിന്റെ കൈകളുടെ വിറയല്‍ കൈതയിലേയ്ക്കും, അതിന്റെ ശബ്ദരൂപം കണ്ണന്റെ തൊണ്ടയിലേയ്ക്കും പടര്‍ന്ന്... "ന്റമ്മേ".... എന്നു പുറത്തു വന്നു.
ഒടുക്കം, അദ്ധ്വാനഫലം, ഈശ്വരന് കണ്ണന്റെ രൂപത്തില്‍, താഴേയ്ക്കെത്തിച്ചു തന്നു. അവനെയും മുറുകെപ്പിടിച്ച്, ഇഴഞ്ഞും, വലിഞ്ഞും രാജു ഒരുവിധം മുകളിലെത്തി. ഭാഗ്യത്തിന് ആ പരിസരത്ത് പ്രേക്ഷകരാരും ഉണ്ടായിരുന്നില്ല.
മെല്ലെ കണ്ണന്റെ ഷര്‍ട്ടൂരി. വേലിയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പച്ച പറിച്ച് കയ്യിലിട്ട് ഞെരടി, അവന്റെ ചുകപ്പു പെയിന്റടിച്ച മേനിയിലേയ്ക്ക് ഒറ്റിച്ചതും.......... നീറ്റലിന്റെ ഉച്ചസ്ഥായിയില്‍ രാജുവിന്റെ കാതടപ്പിച്ചുകൊണ്ട് കണ്ണന് പാഞ്ഞു..... വീടിന്റെ കിഴക്കുവശത്തുള്ള കുളത്തില്‍ ചാടി.
ചങ്ങാതിയ്ക്ക് പിന്തുണ നല്കാന്, ഒപ്പം ചെന്ന്, ചോരകൊണ്ട് സ്പ്രെപെയിന്റിങ്ങ് നടത്തിയ ഷര്‍ട്ട് കഴുകിയെടുക്കാന്‍ രാജുവും സഹായിച്ചു.
കുറച്ചു സമയത്തിനുശേഷം കണ്ണന്റമ്മേടെ വഹ ചെറിയൊരു വെടിക്കെട്ടും കണ്ണന്റെ വഹ കുഴല്‍പ്പറ്റും അവരുടെ സ്വന്തം ഉമ്മറത്തു വച്ച് അരങ്ങേറി. അതോടെ ഇനി അടുത്തതെന്ത് എന്നൊരു രൂപവുമില്ലാതെ വീട്ടുതടങ്കലില്‍ നിന്നും കൂട്ടുകാരനെ വിട്ടുകിട്ടുന്നതും കാത്ത്... രാജു എല്ലാ ആഘോഷങ്ങളുടെയും പടം തല്ക്കാലം മടക്കിവച്ചു. ......
16 comments:
സ്വന്തം അഭ്യാസമല്ലെങ്കിലും, സ്വന്തമെന്ന് പറയാവുന്ന ചിലരുടെ അഭ്യാസങ്ങള്‍...
“ഠേ.....“
കിടിലന്‍. എന്താ എഴുത്ത്. ചിരിച്ചു ചിരിച്ചു മണ്ണു കപ്പാന്‍ പറ്റിയില്ല. കൈയ്ത കൊരണയിലായിരുന്നു. :) ഓഹ് അപ്പോഴത്തെ ഒരു സുഖം സുസുഖം....
സൂപ്പറായിട്ടുണ്ടെ ചന്ദ്രകാന്തേ :)
-സുല്‍
ഹ... ഹ..ഹ.... കലക്കി.... എന്നല്ല അടിച്ചുപൊളിച്ചു....
നല്ല അവതരണം... രസിച്ചു വായിച്ചു... :)
എന്നാലും ആറാം ക്ലാസ്കാര്‍ക്ക് ബിയറടിക്കാന്‍ മോഹോ...
അതിമോഹമാണു മോനേ രാജു...അതിമോഹം... ആ മോഹം തെറ്റായിരുന്നെന്ന് തോന്നുമ്പോ നീ വാ... ആസ്ഥാന കുടിയന്മാര് കാലിയാക്കിയ രണ്ട് ബിയര്‍ ബോട്ടില്‍ തരാം നിനക്ക്... കൊണ്ട് പോയി പച്ചവെള്ളം നിറച്ച് അത് കുടിച്ച് ആശ തീര്‍ക്കാന്‍...
ചുമ്മാ....!
:)
കണ്ണന് അങ്ങിനെ അഭിനവ ഭീഷ്മാചാര്യനായി...!
പെണ്ണിനെ ആണാക്കാന്‍ വേണ്ടിയാണൊ ബിയര്‍ കഥ ഉണ്ടാക്കിയത് എന്നൊരു സംശയം കൈതമുള്ളുപോലെ തറയ്ക്കുന്നു...!
നന്നായി വിവരിച്ചിരിക്കുന്നു ചന്ദ്രകാന്തം.
അവസാനഭാഗം കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി.
:)
ഉപാസന
എല്ലാം കഴിയുമ്പൊ വീട്ടുകാരുടെ വക കുറെ സ്പെഷ്യലും..മുല്ലവള്ളിയെ വെറുത്തിരുന്ന ഒരു കാലം..
ആറാം ക്ലാസ്സുകാരന് ബിയറടിക്കുകയൊ!?
പത്താമത്തെ വയസ്സിലാ ഒന്നില്‍ കൊണ്ടു ചേര്‍ത്തതല്ലെ..;)
കുരുത്തക്കേടിന് പ്രായം തടസ്സമല്ലല്ലൊ..
ഒരുത്തന് ആറീന്ന് ഏഴിലേയ്ക്കും, മറ്റവന് എട്ടീന്ന് ഒമ്പതിലേയ്ക്കും ഒരു കാലൂന്നി നില്ക്കുന്ന അവധിക്കാലമാണ് സമയം. അവരേക്കാള്‍ അഞ്ചാറ് വയസ്സ് മുന്നില്‍ നടക്കുന്ന "നല്ല കയ്യിലിരിപ്പും" കൂടിയാകുമ്പോള്‍, നടന്നാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെ വെറുതെ ഒന്നു മോഹിക്കാലോ...
ചേച്ചീ...
ആ ബിയറും സിനിമയുമെല്ലാം മാറ്റി വച്ചിട്ട് സത്യം പറയ്... ആരാ സത്യത്തില്‍ സൈക്കിളേന്നു വീണത്?
ഹിഹി... അടിപൊളി അവതരണം... ഹോ! ഈ മുള്ക്കാട്ടിലേയ്ക്കുള്ള ലാന്‍ഡിങ്ങ് അനുഭവിച്ചറിയാവുന്നതു കൊണ്ടു പറയുവാട്ടോ...
ഒരു വല്ലാത്ത സുഖം തന്നെയാണത്... വിവരിക്കാനേ പറ്റില്ല.
സഹയാത്രികാ... കമന്റു കലക്കീട്ടാ.
;)
ചാത്തനേറ്:
കണ്ണനും രാജുവും എന്നുള്ള ഏച്ചുകെട്ടിയ പേരും ബിയറും കൂട്ടിവായിച്ചാല്‍ മനസ്സിലാവും അത് ലേഡീ സൈക്കിളായിരുന്നു എന്ന്.
ഓടോ:
“കണ്ണന്റെ വഹ കുഴല്‍പ്പറ്റും“ ഇത് മാത്രം മനസ്സിലായില്ല?
എഴുത്തുഗ്രന്‍.....
സൈക്കിള്‍ വാടകക്കെടുക്കുന്ന കാര്യം കണ്ടപ്പോഴാണ് ഞങ്ങളുടെ പോസ്റ്റോഫീസിന്റെയടുത്തു സൈക്കിള്‍ വാടക്കക്കുകൊടുത്തിരുന്ന ചേട്ടന്, വാടകക്കു സൈക്കിളെടുക്കുന്നവരുടെ പേരെഴുതിവച്ചിരുന്നത് -
ലേനപ്പന്‍ ഓട്ടക്കമ്പനി - 7.30
കട്ടപ്പന് ചോട്ടന് -7.45......
സിമ്പ്ലി ഗ്രേറ്റ്....ചിരിച്ചു മരിച്ചു..കുട്ടിക്കാലം രസകരം തന്നെ....നൊസ്റ്റാള്‍ജിയ പോസ്റ്റിനു നന്ദി.
ഞാനറിയാതെ ചിരിച്ചു പോയി... ലളിതമായ അവതരണ ശൈലിയും മര്‍മ്മത്തില്‍ കൊള്ളുന്ന ഹാസ്യവും കൊണ്ടു അനുഗ്രഹീതമാണു ഈ കഥ. കഥയെ അലങ്കരിക്കാന്‍ ഉപയോഗിച്ച വളരെ ചെറിയ ഒന്നു രണ്ടു കാര്യങ്ങള്‍ ഒഴിച്ച് മൊത്തത്തില്‍ വളരെ നന്നായിട്ടുണ്ട്.
ചങ്ങാതിയ്ക്ക് പിന്തുണ നല്കാന്, ഒപ്പം ചെന്ന്, ചോരകൊണ്ട് സ്പ്രെപെയിന്റിങ്ങ് നടത്തിയ ഷര്‍ട്ട് കഴുകിയെടുക്കാന്‍ രാജുവും സഹായിച്ചു.
super ezhuthu pengale.. appol haasyavum vazhanugm alle
ഈ അഭ്യാസം കണ്ടാസ്വദിച്ച എല്ലാര്ക്കും നന്ദി........
ഇനിയും ഈ വഴി വരുമല്ലോ...
ചന്ദ്രകാന്ദം, ഈ വഴിക്കാദ്യമായാണെന്നു തോന്നുന്നു (?).. ഏതായാലും ഈ നൊസ്റ്റാള്‍ജിക് പോസ്റ്റ് കലക്കി. ഇനിയും ഇതുപോലുള്ള അനുഭവങ്ങള്‍ പോരട്ടെ.
ഓരോന്നായി വായിച്ചിവിടെ എത്തിയെതേയുള്ളൂ.. :)
സൈക്കിള്‍ യാത്രാനുഭൂതി കലക്കി ട്ടൊ!
Post a Comment