Wednesday, January 21, 2009

വെയിലൊഴിയുന്ന വഴികൾ

ചേക്കേറാൻ കൂടില്ലാത്തവൻ
ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
പൊടിയൊഴുകും വായുവിലും
ശ്വസിയ്ക്കാനാകുമെന്നു പഠിപ്പിച്ചു
ചിതൽപ്പുറ്റിൻ നിറമുള്ള ഈ നഗരം...

മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്‌
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്‌പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..

തോരണക്കതിരൊഴിഞ്ഞു..
പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു.

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

******************

21 comments:

ചന്ദ്രകാന്തം said...

മരുഭൂമിയിലെ ഉഷ്ണക്കാറ്റ്‌ മനസ്സിലേയ്ക്കെത്തുമ്പോൾ...

പാമരന്‍ said...

ഹോ നിറങ്ങള്‌ കോരിയൊഴിച്ച്‌ പതപ്പിച്ച സ്വപ്നം!

G.MANU said...

പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു

മരുഭൂമിയാവുന്ന മണ്ണ്.....

Kaithamullu said...

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടില്‍
ഒരു പൊട്ടിച്ചൂട്ടെങ്കിലും...
---
ദാ ‍ ചൂട്ടുമായി പുറപ്പെട്ട് കഴിഞ്ഞു.
അവിടെ എത്തുമ്പോ അര്‍ദ്ധരാത്രിയാകുമെന്ന് തോന്നുന്നു.

ആ ചുടലമറുതയും ഞാനും പാലമര(!)ത്തിന്നടിയില്‍ തന്നെ കാണും!

Appu Adyakshari said...

മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്‌
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്‌പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..


ഇത്രയ്ക്കൊക്കെ ചിന്തിച്ചുകൂട്ടാറായോ കവയത്രീ..? പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല..സാമ്പത്തിക വിദഗ്ധര്‍ എന്തെനിലും പ്രതിവിധിയുമായെത്തിയേക്കും.. ഇല്ലെങ്കില്‍ കപ്പനടാം. അല്ലാതെന്തുചെയ്യും!

Unknown said...

ചേക്കേറാൻ കൂടില്ലാത്തവൻ
ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
മികച്ചപ്രയോഗം...
ഒരിക്കല്‍ കൂടെ തീവ്രമായ ചിന്തകള്‍ ചന്ദ്രേ..:-)

മുസാഫിര്‍ said...

ചന്ദ്രകാന്തം പഴയ കവിതയുടെ ശക്തിയിലേക്ക് തിരിച്ച് വരുന്നത് ഇതിലൂടെ കണ്ടു.പാതി മനസ്സ് നാട്ടില്‍ മറന്നു വെച്ചുവെങ്കിലും !

തണല്‍ said...

പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
-dhhaaaaaaaaaraaaalammmmmm...
ottakkalilum oranganavunnilla eeyideyaayi..
:(

Ranjith chemmad / ചെമ്മാടൻ said...

കരിനാഗങ്ങളിഴയുന്നു...വായനയിലുടനീളം...

"ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
പൊടിയൊഴുകും വായുവിലും
ശ്വസിയ്ക്കാനാകുമെന്നു പഠിപ്പിച്ചു
ചിതൽപ്പുറ്റിൻ നിറമുള്ള ഈ നഗരം..."

ഈ നഗരത്തിന്റെ പരിഛേദം...
ഇങ്ങനെ നാലു വരികളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു...

പകല്‍കിനാവന്‍ | daYdreaMer said...

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

വരികള്‍ ഇഷ്ടപ്പെട്ടു....

ഗൗരി നന്ദന said...

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...


ഉണ്ടാവുംന്നെ....വെറുതെ പ്രതീക്ഷിക്കാമല്ലോ....

കെ.കെ.എസ് said...

കവിതമാത്രമല്ല കവിതയുടെ പേരും ഗാനാത്മകം..
ഭാവുകങൾ..

ശ്രീലാല്‍ said...

തീവ്രം, ശക്തം - ചന്ദ്രകാന്തത്തിന്റെ മുഖമുദ്ര.

Sureshkumar Punjhayil said...

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

THeerchayayum Undakum...! Ashamsakal.

വരവൂരാൻ said...

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..

തോരണക്കതിരൊഴിഞ്ഞു..
പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു.

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും..

'നാട്ടുക്കാരി' ആശംസകൾ

പ്രയാസി said...

ഒരു തൂമ്പായും ഇച്ചിരി സ്ഥലവും എനിക്കുണ്ട്

Mahesh Cheruthana/മഹി said...

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ നിലാവിന്റെ നറുവെളിചം വീശട്ടെ!
ചന്ദ്രകാന്തം വരികള്‍ ഇഷ്ടമായി!

ശ്രീഇടമൺ said...

"വെയിലൊഴിയുന്ന വഴികൾ" കണ്ടു...
വളരെ നന്നായിട്ടുണ്ട് വരികള്‍...
ആശംസകള്‍...*

വെളിച്ചപ്പാട് said...

കാവീട് പോയി കാവടി ആടി
ചിതല്‍‌പുറ്റിന്‍ നിറമുള്ള നഗര-
ത്തില്‍ വന്നു സങ്കടപ്പെട്ടിട്ടെന്തു കാര്യം.

Sapna Anu B.George said...

മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്‌
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്‌പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.......സുന്ദരമായ വരികള്‍

the man to walk with said...

ishtamaayi