Monday, June 22, 2009

ആരുമറിയാതെ

കാഴ്ചയായി, കേള്‍വിയായി
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം

ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്‌
അമ്മയില്‍ നിന്ന്‌
നോക്കും വാക്കും അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം

ഓര്‍മ്മദിവസങ്ങളോ
അടയാളപ്പെട്ട നിമിഷങ്ങളോ
ബാക്കിയാക്കാതെ
പണ്ടുപണ്ടെന്നൊരു കഥയ്ക്കിടം കൊടുക്കാതെ
കാറ്റു ചേര്‍ത്തുപിടിയ്ക്കും
പുകനൂലുപോലെ മായാന്‍,

ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.

14 comments:

ചന്ദ്രകാന്തം said...

അസാദ്ധ്യമെന്നൊന്നില്ലെന്ന്‌ പറയുമ്പോള്‍..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തിരിച്ചെടുക്കണം,
തീര്‍ച്ചയായും !


നല്ല വരികള്‍

നജൂസ്‌ said...

വേവോളം നിന്നില്ലേ ഇനിയൊന്ന്‌ ആറിക്കോട്ടെ.

സുല്‍ |Sul said...

ഒന്നു നാട്ടില്‍ പോകുന്നതിന് ഇങ്ങനെം വെപ്രാളമൊ?

പാവപ്പെട്ടവൻ said...

ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്‌
അമ്മയില്‍ നിന്ന്‌
നോക്കും വാക്കും അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം
വളരെ കരുതലോടെ വേണം ,കയര്‍ത്തൊരു വാക്കിന്‍റെ പാരുഷം പോലും പടിയിറങ്ങും മുന്നേ പെടാതെ കാക്കുക .
മനോഹരം ആശംസകള്‍

Appu Adyakshari said...

എണ്ണിച്ചുട്ടപ്പം പോലെയുള്ള ഇരുപത്തഞ്ചു അവധിദിവസങ്ങൾ മതിയാവുമോ ഇതിന്!!

മുസാഫിര്‍ said...

മദ്ധ്യവേനല്‍ അവധിയായീ
ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായീ
കല്ലുകളില്‍ ചവിട്ടീ‍,മുള്ളുകളില്‍ ചവിട്ടീ കാലടികള്‍,
മനസ്സിന്‍ കാലടികള്‍..
25 ദിവസമൊക്കെ ദാന്നു പറയുമ്പോഴേക്കും പോകില്ലേ ?
(ചുമ്മാ അസൂയ കൊണ്ടു പറയുന്നതാണ്,ട്ടോ )

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം“

പിടിതരാത്തിടത്തേക്ക് പോയ ആ വേരെങ്ങനെ ഞാനൊന്ന് തൊടും?

Kaithamullu said...

വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം!
(എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!)
ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.
(ഇനി മൂന്ന് സുന്ദര രാത്രികള്‍, ഏകാന്ത സുന്ദര .......)

പകല്‍കിനാവന്‍ | daYdreaMer said...

ഒക്കെ തിരികെ എടുത്തു.. ഓടി വാ.. ഒട്ടും സമയമില്ല..ഒരു നശിച്ച കലണ്ടര്‍.. :)

Rafeeq said...

ആശംസകൾ.. നല്ല വരികൾ..!!

Unknown said...

നന്നായിരിക്കുന്നു

കരീം മാഷ്‌ said...

നട്ടീ പോകാന്നെങ്കിലും കവിതീലല്ലാതെ പറഞ്ഞൂടെ കുട്ടീ...!
പണ്ടൊരു ഇംഗ്ലീഷു കാരന്‍ കുട്ടിക്കു കവിതയെഴുതിയതിനു അടി കിട്ടിയപ്പോള്‍ കരഞ്ഞതു കവിതയിലായിരുന്നത്രേ!
മേഴ്സി ടീച്ചരാണു ഇതു പറഞ്ഞതെന്നതോര്‍മ്മയുണ്ട്. പക്ഷെ ആരായിരുന്നു ആ വിഖ്യാതനായ കവി എന്നതു മറന്നു പോയി.

പാമരന്‍ said...

:) enjoy!