Wednesday, October 7, 2009

അളന്നെഴുതാത്ത അകലങ്ങള്‍

മാറിവരും കാലങ്ങളിലെ
പച്ചയും മഞ്ഞയും പൊഴിച്ച്‌
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട്‌ രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ്‌ സഞ്ചാരം

പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും

ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്‌
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും

വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും

ഒറ്റക്കണ്ണെരിച്ച്‌ ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്‌
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും

മനസ്സുറപ്പ്‌ കണ്ണിലേയ്ക്കാവാഹിച്ച്‌
അടിയളന്ന്‌ നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്‌
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക

പട്ടുനൂല്‍ പൊട്ടി, ചങ്കില്‍ ഓട്ടവീണ്‌
കണ്ണുകലക്കിയൊരു പിടച്ചിലാണ്‌ പിന്നെ

പ്രിയമുള്ള ആത്മാക്കള്‍ക്ക്‌
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,

ഈ വഴിയെത്തുന്നിടത്ത്‌
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്‌
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.

***************************************

9 comments:

ചന്ദ്രകാന്തം said...

പറന്നകലുന്ന ചിറകുകള്‍ക്ക്‌

മുസാഫിര്‍ said...
This comment has been removed by the author.
sHihab mOgraL said...

"പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട്‌ രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ്‌ സഞ്ചാരം"

നല്ല കവിത..

പാമരന്‍ said...

എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും“


മണ്ണേ മണ്ണേയെന്ന് വിളിച്ച്...

ശ്രീ said...

:)

Sureshkumar Punjhayil said...

Mezuku dehathinu irumbukavachamalla, vennappaliyanu vendathu...!

Manoharam, ashamsakal...!!!

ആഗ്നേയ said...

കവചത്തിനു ചൂടേല്‍ക്കാതിരിക്കട്ടെ..

ഗീത said...

തീര്‍ച്ചയായും ചൂട്ടുകാട്ടാന്‍ മുകളിലൊരാളുണ്ട്. ആ വിശ്വാസം രക്ഷിക്കും.

ഓ.ടോ. ഒരുപാടു നാളായി ഈ ചന്ദ്രകാന്തക്കല്ലിന്റെ തിളക്കമൊന്നാസ്വദിച്ചിട്ട്. സോറി കേട്ടോ.