Tuesday, November 24, 2009

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌

മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണിന്‌
വ്യാഴാഴ്ചപ്പാര്‍ട്ടിയില്‍ക്കണ്ട
പഞ്ചനക്ഷത്രങ്ങളെ
കൂട്ടുകാരനോട്‌ വര്‍ണ്ണിച്ചു തീരുന്നില്ല
വറുത്തതും പുഴുങ്ങിയതും
പുളിമധുരങ്ങളും വാക്കിനുമപ്പുറത്താണ്‌

ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്‌,
പിഞ്ഞിത്തൂങ്ങിയ കൂടപ്പിറപ്പുകള്‍
കത്തിയൊടുങ്ങാത്ത വിശപ്പുകള്‍..
കണ്‍പോളയുടെ വീര്‍പ്പില്‍
മറഞ്ഞിരിയ്ക്കുകയാവാം

തലേ രാവ്‌ പുലരുവോളം
നുരഞ്ഞ ദേശഭക്തിയില്‍
നാടിന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചത്‌
ഷാമ്പെയിന്‍ തമാശകളാടിയത്‌
അവനും അവളോട്‌ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

വെടിത്തുള വീണ തെരുവുകളില്‍
പാതി വെന്തും തമ്മില്‍ വേവിച്ചും
വിളയാടും കൂട്ടങ്ങളെ
മറവിമന്ത്രങ്ങളില്‍ മയക്കി വച്ചിരിയ്ക്കുകയാവാം

ശിങ്കളരാജന്‍
അഭയാര്‍ത്ഥിക്ക്യാമ്പിന്റെ വിലങ്ങഴിയ്ക്കുമെന്ന്‌
റേഡിയോശബ്ദം

അഴുകിത്തുടങ്ങിയ ദേഹങ്ങളും
പുഴുവരിച്ച ആത്മാക്കളും
പഴയ തീപ്പുരകളില്‍
വാഴ നടണമെന്ന്‌ ആഹ്വാനം

മുന്‍സീറ്റിലെ ലങ്കപ്പെണ്‍കൊടി
മൊബൈല്‍ഗെയിമിന്റെ ലഹരിയിലാണിപ്പോഴും

പെരിയാറില്‍ മൂന്നാം മുന്നറിയിപ്പ്‌, അതീവജാഗ്രത,
നിമിഷമെണ്ണുന്ന വാട്ടര്‍ബോംബെന്ന്‌
..........
ട്രാഫിക്‌ ബ്ലോക്കാണ്‌
വീടെത്തുംവരെ നല്ലൊരുറക്കത്തിന്‌ നേരമുണ്ട്‌.

21 comments:

★ Shine said...
This comment has been removed by the author.
★ Shine said...

You can sleep well, only if you are deaf-and-dumb.
But a poet is having heart, then how’ll you sleep calmly?

Nice thoughts!

pandavas... said...

നല്ല വരികള്‍...
ചിന്തിപ്പിക്കുന്നത് എന്താണ്..മറവിയുടെ ബോക്സില്‍ മനപ്പൂര്‍വ്വം ഇടുന്നവ.

നാട്ടില്‍ ഇന്ന് ബസ്സ് സമരമാണ്..ആരുടെയൊക്കെ കണ്ണുകളാണാവോ ഇന്ന് സമരക്കാര്‍ വീക്കി തകര്‍ക്കുന്നത്.

യൂടൂബില്‍ നീലത്താമരയിലെ പാട്ട് വന്നിട്ടുണ്ട്.. അത് കാണാം. അതാ നല്ലത്.

Rare Rose said...

ഇത്തരം അസ്വസ്ഥതകളെ പൂഴ്ത്തി വെച്ച് കണ്ണടച്ചിരുട്ടാക്കാനാണു എളുപ്പം അല്ലേ..

Kaithamullu said...

മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണീന്റെ പഞ്ചനക്ഷത്രള്‍,
ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്‌,
നുരഞ്ഞ ദേശഭക്തിയിലെ സ്വാതന്ത്ര്യദിനാ‍ഘോഷം,
വെന്തും തമ്മില്‍ വേവിച്ചുമുള്ള വിളയാട്ടുകള്‍....

അഭയാര്‍ത്ഥിക്ക്യാമ്പിന്റെ വിലങ്ങുകള്‍ക്കെവിടെ സ്ഥാനം മൊബൈല്‍ഗെയിമിന്റെ ലഹരിയില്‍?

മുല്ലപ്പെരിയാറിന്‍‍ വെള്ളമൊരു ബോംബായെന്റെ തലയില്‍ വീഴാത്തതെന്തേ ന്റെ ബദരീങ്ങളേ..

-ഉറങ്ങാനെങ്ങനെ കഴിയും, അല്ലേ?

(ബസ്സില്‍ നാളെ മുതല്‍ റേഡിയോ നിരോധിച്ചിരിക്കുന്നു. പകരം ഒരു ഐ പോഡ് ആകാം)

പകല്‍കിനാവന്‍ | daYdreaMer said...

ഇന്നുറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പ്...!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"ട്രാഫിക്‌ ബ്ലോക്കാണ്‌
വീടെത്തുംവരെ നല്ലൊരുറക്കത്തിന്‌ നേരമുണ്ട്‌."

ഉറങ്ങിയതും,
ഉറക്കം നടിച്ചതുമായ ജനത
പാഠം പഠിച്ചിട്ടുണ്ടന്ന് പാഠം!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആലോചിച്ചിട്ടുണ്ട്, ഇവരെങ്ങനെ സുഖമായുറങ്ങുന്നു എന്ന്.

ഏ.ആര്‍. നജീം said...

ചില സംഭവങ്ങള്‍ നമ്മെ നിരാശയോടൊപ്പം ഒരു തരം നിസ്സംഗതയിലേക്കും നയിക്കും..ഒന്നും ചെയ്യാനില്ലാതാകുമ്പോഴായിരിക്കും ചില്ലപ്പോ... ഒരു നെടുവീര്‍പ്പ് മാത്രം!

പാമരന്‍ said...

വെടിത്തുള വീണ തെരുവുകളില്‍..

asmo puthenchira said...

chandni,
mulla periyar oru nalla
jalabomb thanney..
kavithayil
puthiya kandupidutham.
asmsakal.
asmo.

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ

ഷാജി അമ്പലത്ത് said...

ചാന്ദ്നി യുടെ കവിതകളില്‍ ഏറ്റവും മികച്ചത്
ഈ കവിത തന്നെയെന്നു നിസംശയം പറയാനാവും
ആശംസകള്‍ എന്നുമുണ്ടാവും
സ്നേഹപൂര്‍വ്വം
ഷാജി

മുസാഫിര്‍ said...

എല്ലാം പരിചിത മുഖങ്ങള്‍ തന്നെ,വേഷവും കാലവും മാറിയാണെങ്കിലും ..

Ranjith chemmad / ചെമ്മാടൻ said...

പ്രകമ്പനം കാത്തുനില്‍ക്കുന്ന വാട്ടര്‍ബോംബ്!!
വരികളിലൂടെ വായിച്ചുമുറുകുമ്പോള്‍ ഞാനുമൊരു പൊട്ടിത്തെറിയ്ക്ക്
തയ്യാറാകുന്നു....

jayanEvoor said...

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌....

ഇതൊക്കെ മറന്ന്
ഉറങ്ങാന്‍ കഴിയുമോ?

Mahesh Cheruthana/മഹി said...

ചിന്തകളിലൊഴുകിയെത്തുന്ന വേറിട്ട സംസ്കാരം !
നമ്മുടെ നിത്യ കാഴ്ചകള്‍ ,നന്നായി എഴുതി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സൽ കവിത

രാജേഷ്‌ ചിത്തിര said...

ഇരുട്ടിന്റെ സുഖത്ത്തിലേക്ക്
കണ്ണുകളെ ഇറുക്കിയടച്ചു ...
ഒരു ഈയര്‍ പ്ലഗ്ഗുകൊണ്ട്
കേഴ്വിയുടെ കടലിനോരാപ്പ്
നല്ല ചിന്തകള്‍

sUnIL said...

വായിച്ചു, നന്നായി!

Rasheed Chalil said...

പ്രഭാത വാര്‍ത്തളുടെ ആദ്യ പേജില്‍ പാതകങ്ങള്‍ കണ്ടില്ലെങ്കില്‍ കൈത്തണ്ടയില്‍ നുള്ളിനോക്കും എന്ന് പറഞ്ഞ കൂട്ടുകാരനെ ഓര്‍ത്തു... ആന ചവിട്ടിക്കൊന്നാലൂം അന്ന്യന്റെ കഴുത്തറുത്താലും ന്യുസുകള്‍ സ്റ്റോറികളാ‍ക്കി ക്രൈംത്രില്ലറൊരുക്കുന്ന മീഡിയകളെ ഓര്‍ത്തു... കലാപത്തിന്റെ, അപകടത്തിന്റെ, ആര്‍ത്തിയുടെ ... ചൂടുപ്പമായി എത്തുന്ന ഇ-കത്തുകളുടെ തണുപ്പിനെ ഓര്‍ത്തു...


അവസാനം ജനറേറ്ററിന്റെ ശബ്ദമില്ലാതെ ഉറങ്ങാന്‍ കഴിയാത്ത ഓപറേറ്ററുടെ ദുര്‍ഗ്ഗതി ഓര്‍ത്ത് സമാധാനിച്ചു.