Monday, January 18, 2010

ഉണര്‍ച്ച രേഖപ്പെടുന്നത്‌

വേലിയേറ്റത്തിന്‍ മദിപ്പില്‍
കരകയറിയെത്തും കടല്‍ജീവന്‍,
വെയിലലിഞ്ഞ നിറങ്ങള്‍ നീന്തുമാഴങ്ങളെ,
കൗതുകം തൊട്ട കടല്‍പ്പച്ചയെ,
ഉള്ളറകള്‍ ഊട്ടിവളര്‍ത്തുന്ന പവിഴപ്പാടങ്ങളെ,
മുത്തുച്ചിപ്പിയുടെ അകക്കണ്‍പ്രണയത്തെ,
മണ്‍തിട്ടയില്‍ അമര്‍ത്തിയമര്‍ത്തിയെഴുതി,
തിരയിട്ട മുഖപടത്തില്‍
പതിനാലാം രാവു തെളിയിയ്ക്കും

ആ നിമിഷം വരെ
അടിഞ്ഞുകൂടിയ പരിഭവക്കറകള്‍
ആലിംഗനശതങ്ങളില്‍
അലിയിച്ചൊഴുക്കിക്കളയും
ഉടലാകെ നക്ഷത്രം വിതറും

ഓളത്തിന്‍ ഉയിര്‍പ്പുകള്‍
വിരല്‍കോര്‍ക്കും പൂഴിയില്‍ നിന്നും
വേലിയിറക്കത്തിന്‍ കിതപ്പ്‌
ഞണ്ടിന്‍ മാളങ്ങളിലൂടെ നിലവറയിലേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍
അയഞ്ഞ താളത്തില്‍
ജലരേഖകള്‍ തെറുത്തെടുത്ത്‌
തീരത്ത്‌ നിലാവുണങ്ങും

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

*********************

12 comments:

Appu Adyakshari said...

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും.

വളരെ ശരിയാണത്. ഇപ്പോള്‍ പക്ഷേ അവയേയും പായ്ക്കറ്റിലാക്കി വാങ്ങാന്‍ കിട്ടുമല്ലോ മറുനാട്ടിലും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓര്‍മ്മകള്‍ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുകയാണിപ്പൊഴും..

ഉപാസന || Upasana said...

koLLaam akkaa
:-)

ശ്രീ said...

അവയ്ക്കും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയുണ്ടാകും.

ഹരിയണ്ണന്‍@Hariyannan said...

ഞാനും കടലായി..
കവിതയോടൊപ്പം ഒഴുകി...
ഓര്‍മ്മകളില്‍ മുഖമടര്‍ന്ന കക്കകള്‍ കണ്ടു...
ശബ്ദമൊഴിഞ്ഞ ശംഖുകളും കണ്ടു!

ഇടക്കെപ്പോഴെങ്കിലും ഒരു സുനാമിയായി എല്ലാറ്റിനേയും നശിപ്പിക്കണമെന്നുതോന്നിയിട്ടും
കടല്‍ഭിത്തിക്കുള്ളില്‍ അടിച്ചുതകരുന്നു.

ഞാന്‍ എന്റെ ഉണര്‍ച്ച രേഖപ്പെടുത്തുന്നു.

Rasheed Chalil said...

കാലത്തിന്റെ കൈപ്പിടിയില്‍ നിന്ന് കുതറിയോടനല്ലേ‍ ഓര്‍മ്മകളും സ്വപ്നങ്ങളും...

ഏ.ആര്‍. നജീം said...

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

അതങ്ങിനെ കിടക്കും യുഗങ്ങളോളം, മറവിയുടെ മാറാല വരിഞ്ഞുകെട്ടും വരെ

മനോഹര്‍ മാണിക്കത്ത് said...

മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

കൊള്ളാം ഈ പ്രയോഗം

Ranjith chemmad / ചെമ്മാടൻ said...

"നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും..."
ഇഷ്ടായീ....

പഴയ രചനയായതുകൊണ്ട് തന്നെ,
ശിലാഘടനയുടെ വ്യതിയാനരാഹിത്യത്തില്‍
വേവലാതിപ്പെടുന്നില്ല.

പാമരന്‍ said...

"തീരത്ത്‌ നിലാവുണങ്ങും.." that was the best.

കാവലാന്‍ said...

ആസ്വാദനത്തിന്റെ അലകള്‍ ഉള്ളിലുണര്‍ത്തുന്ന വരികള്‍.

ആശംസകള്‍.

ഓ.ടി. ആസ്വാദനക്കുറിപ്പിലെ (വയ്യാ)വേലിയേറ്റത്തില്‍ കവിത ഒലിച്ചു പോകുന്നു സോണ.

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ...
ഏറെ കാലത്തിന്‌ ശേഷം ഈ ഭൂമികയില്‍...
കവിത പതിവ്‌ പോലെ തീക്ഷ്‌ണം...


ആശംസകള്‍