Wednesday, October 20, 2010

ഉപേക്ഷിയ്ക്കാനാവാത്ത ഉടൽ‌ക്കുപ്പായങ്ങൾ

"രണ്ടുപറ തവിടിനു പകരം
പുള്ളോത്തി തന്നതാ
ചുണ്ടുവരണ്ടൊരു പെണ്‍കിടാവിനെ"

ചിറിയിലൂടെ ഇഴഞ്ഞിറങ്ങുന്ന
ചൊകചൊകന്ന പാമ്പിന്‍കുഞ്ഞിനെ
നീട്ടിത്തുപ്പിയൊരു
നാട്ടുനടപ്പുകഥ;
മുറ്റത്തും മനസ്സിലും
ചോരപ്പത്തി വിടര്‍ത്തും

എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്‌
അനാഥമായ ഉള്‍വഴികളില്‍
പുള്ളോര്‍ക്കുടത്തിന്‍ മുഴക്കം

ആയില്യം നക്ഷത്രം
അധിദേവത സര്‍പ്പം

ചുണ്ടുപോലെ വരണ്ടുപോയ മനസ്സില്‍
നെടിയ വരമ്പിലൂടെ
രണ്ടുപറ തവിടുമായി
പുള്ളോത്തി നടന്നു

വിജനമായ രാക്കിനാക്കള്‍
ഒരിടിവെട്ടിലും കെട്ടുപോകാത്ത ഇഴജന്മങ്ങളായി
പറന്നു കൊത്തി

രാവിനു മൂര്‍ച്ചയേറും യാമങ്ങളില്‍
കെട്ടുപിണഞ്ഞ കടും നിറങ്ങളെ,
മുടിയിഴച്ചും പൂക്കുല തല്ലിയും
അഴിച്ചെടുക്കാനാവാതെ..

ഇരുട്ടു പന്തലിച്ച ആകാശത്തിനു കീഴെ
ചിറകു വെട്ടി ഉപേക്ഷിയ്ക്കപ്പെട്ടവള്‍
അസ്ഥിത്വത്തിന്‍ ചോദ്യചിഹ്നത്തില്‍
തലകീഴായാടി

പാടത്തിനക്കരെനിന്ന്‌
കവുങ്ങിന്‍ പൂമണം പൊതിഞ്ഞ്‌
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ്‌ കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌
*****************************

13 comments:

ചന്ദ്രകാന്തം said...

ഇനിയും ഉപേക്ഷിയ്ക്കാനാവാത്ത ചില കുപ്പായങ്ങൾ

siva // ശിവ said...

ഫീല്‍ തരുന്ന വരികള്‍...

ശ്രീനാഥന്‍ said...

പൂള്ളൊത്തി പൂക്കുലയഴിഞ്ഞു ചിതറി, പിന്നെയെവിടെയോ തൂങ്ങിയാടി.. ഒരു പുള്ളോർക്കുടം, ഒരു വരമ്പ്, ഒരു സർപ്പക്കാവ്-എന്റെ ബാല്യത്തിൽ നിന്ന് കയറി വരുന്നു. നല്ല കവിത

yousufpa said...

പോയ കാലത്തെ ഓർത്തെടുക്കാൻ കൂട്ടാക്കുന്ന വരികൾ.പടിയേറി വരുന്ന പുള്ളോത്തിയെ ഓർമ്മയിൽ വരച്ചെടുത്തു ഞാൻ ഇത് വായിച്ചപ്പോൾ.

മൃദുല | Mrudula said...

മനസ്സിലടിഞ്ഞു കിടന്ന ചില ഓര്‍മ്മകളെ ഉണര്‍ത്തി...

ഇഷ്ടപ്പെട്ടു...

sUnIL said...

like!

Manickethaar said...

ഓർമ്മപ്പെടുത്തൽ

ഒരു യാത്രികന്‍ said...

ഇഷ്ടമായി കേട്ടോ.നല്ല വരികള്‍ ......സസ്നേഹം

വിഷ്ണു പ്രസാദ് said...

കവിതയുടെ അമൂര്‍ത്തത ഒന്ന് തടഞ്ഞെങ്കിലും വീണ്ടുംവായിപ്പിച്ചു.കൊള്ളാം.കവുങ്ങിന്‍പൂക്കളുടെ മണം വല്ലാത്തൊരു മണമാ‍ണ്...

പകല്‍കിനാവന്‍ | daYdreaMer said...

പാടത്തിനക്കരെനിന്ന്‌
കവുങ്ങിന്‍ പൂമണം പൊതിഞ്ഞ്‌
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ്‌ കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌,,, !!!

രാജേഷ്‌ ചിത്തിര said...

എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്‌,
തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌....

എം. മുഹമ്മദ് ഷാഫി said...

ഈ വായനക്കൂട്ടിലേക്ക് ഇപ്പോളെങ്കിലും കയറാനായല്ലോ...വാക്കുകളില്‍ കവിത കൊത്തുന്ന മരം കൊത്തിയെപ്പോലൊരാള്‍...

ജന്മസുകൃതം said...

കണ്ടെത്താന്‍ വൈകി....
ഇനി കൂടെക്കൂടെ വരാം കേട്ടോ