Wednesday, November 9, 2011
ആഗോളം
അക്ഷാംശവും രേഖാംശവും
കണ്ണിമുറുയ്ക്കിയ വലയ്ക്കുള്ളിലാണ്
നാടും കാടും
കടലും കപ്പലും
കാറ്റും ഒഴുക്കും വരെ
പ്രകാശവേഗപ്പാച്ചില്‍,
നക്ഷത്ര സംവിധാനങ്ങള്‍
അക്കരെയിക്കരെ പന്തേറുകളി,
ചെരിച്ചുകുത്തിയൊരു ആണിക്കോലിലെ
ഉരുണ്ടുരുണ്ടൊരു നില്‍പ്പിലാണെല്ലാം
ഇടയ്ക്ക് ഉരുള്‍പ്പൊട്ടുന്ന തിരകള്‍
മണ്ണില്‍ ഉപ്പളങ്ങളാകും
ചീറുന്ന കാറ്റില്‍
ആകാശം പൊട്ടിയൊലിയ്ക്കും
വിള്ളലുകള്‍ തീതുപ്പും
മലകളില്‍ നിന്ന്
മരങ്ങള്‍ നീന്തിപ്പോയ ചെരിവുകളില്‍
തൂവലും ചെതുമ്പലും
അഴിഞ്ഞ് കിടക്കും
വിടുതല്‍ സമരങ്ങള്‍ക്കൊടുവില്‍,
ഒരു കുടന്ന വെള്ളം
ഒരു നുള്ള് മണ്ണ്
ഒരു കളത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്
അനങ്ങിയിരുന്നതല്ലേ എന്ന്,
കോര്‍ത്തുനില്‍ക്കും രേഖകളെല്ലാം
അതേ അളവില്‍, അകലത്തില്‍
ചുണ്ടുകോട്ടും
കടല്‍ക്കരുത്ത് വിടുവിച്ച്,
ഉപ്പുനീരൊട്ടും കലരാതെ
മാനത്ത് കൈതൊട്ടുനില്‍ക്കുന്ന
പഞ്ഞിമിഠായിത്തുണ്ടുകളേ..
വെയില്‍ തീകൂട്ടുംമുന്‍പേ
മഞ്ഞെന്നോ മഴയെന്നോ
നിങ്ങള്‍ മിണ്ടാനെത്തുന്നതാണ്
ഈ വരിഞ്ഞു വലിഞ്ഞുള്ള നില്‍പ്പില്‍
ഒരേയൊരു മധുരം.
Subscribe to:
Post Comments (Atom)
13 comments:
നിങ്ങള്‍ക്കും മീതെയുള്ള
നക്ഷത്രക്കണ്ണുകളാണ്
ആകെയുള്ള കൈവെളിച്ചം
ഇടയ്ക്ക് ഉരുള്‍പ്പൊട്ടുന്ന തിരകള്‍
മണ്ണില്‍ ഉപ്പളങ്ങളാകും
സുനാമിയെ ഇത്ര ഉജ്വലമായി കോറിയിട്ട വരികള്‍ ആദ്യമായി കാണുകയാ
വെയില്‍ തീകൂട്ടുംമുന്‍പേ
മഞ്ഞെന്നോ മഴയെന്നോ
നിങ്ങള്‍ മിണ്ടാനെത്തുന്നതാണ്
ഈ വരിഞ്ഞു വലിഞ്ഞുള്ള നില്‍പ്പില്‍
ഒരേയൊരു മധുരം.
ഉശിരൻ...
എനിക്കീ പഞ്ഞി മിഠായിത്തുണ്ട് ഇഷ്ടായി. അപ്പുക്കിളിയെപ്പോലെ ഗർജ്ജിക്കാൻ തോന്നുന്നു. വേറെയെന്ത് ചെരിച്ചുകുത്തിയൊരു ആണിക്കോലിലെ
ഉരുണ്ടുരുണ്ടൊരു നില്‍പ്പിൽ? ഇടയ്ക്ക് ഉരുള്‍പ്പൊട്ടുന്ന തിരകള്‍ മണ്ണില്‍ ഉപ്പളങ്ങളാകുകയും കവിതയുടെ ഉപ്പ് കുറുക്കിയെടുക്കുന്നതും ഇങ്ങനെ തന്നെയാണല്ലേ? എല്ലാ വിക്ഷോഭങ്ങളും അടങ്ങുമ്പോൾ.
പ്രപഞ്ച വിചാരങ്ങള്‍ മനോഹരമായി. ശ്രീമാഷ് പറഞ്ഞപോലെ മധുരിക്കുന്ന പഞ്ഞി മിഠായികള്‍ തന്നെ എപ്പോഴും രസകരം.
ഒരു കണ്ണെങ്കിലുമടര്‍ന്നെന്റെ
കണ്ണിലെ കിണ്ണമായെങ്കില്‍..!!!
പഞ്ഞിമിട്ടായി തുണ്ടുകൾ!
:)
നല്ല എഴുത്ത്.. ഒട്ടേറെ ബിംബങ്ങള്‍ നിറഞ്ഞ എഴുത്ത്..
കോര്‍ത്തുനില്‍ക്കും രേഖകളെല്ലാം
അതേ അളവില്‍, അകലത്തില്‍
ചുണ്ടുകോട്ടും
ജീവിതത്തിന്റെ വലിഞ്ഞു മുറുകലില്‍ മഞ്ഞായ്, മഴയായ് ... മധുരമായ് ഈ കവിത.
ഇഷ്ടമായി.
Another good work...
:-)
മധുരം ആ മഞ്ഞുതുള്ളികൾക്ക് മാത്രേ ഉള്ളൂ?
ആ ഗോളത്തിനെന്തൊക്കെ പറ്റിയിട്ടും ആ വലക്കണ്ണികൾക്കും ചരിഞ്ഞ ആണിക്കോലിനുമൊന്നും ഒന്നും പറ്റിയില്ല...
Post a Comment