Wednesday, October 21, 2015

പെരുക്കങ്ങള്‍

മഴത്തുള്ളിയുടെ വില്പനശാലപോലെ
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ

ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ


അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്‌

മാനത്തിൻ വക്കത്ത്‌,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്‌
ചുണ്ടുചുവപ്പിച്ച്‌
നിലാവിൻ മുന്താണിത്തലപ്പ്‌ എടുത്തുകുത്തി
നിഴൽമറഞ്ഞ്‌ പുഞ്ചിരിയ്ക്കുന്നു
നീലരാത്രി


എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നു







3 comments:

ajith said...

മുഴുവന്‍ ചാറ്റലും ഒരേ അകലത്തില്‍ തൂക്കിയിട്ടു.......!!
നൈസ്

പി. വിജയകുമാർ said...

നല്ല ബിംബങ്ങൾ കൊണ്ട്‌ ധന്യമാണീ രചന.

ബൈജു മണിയങ്കാല said...

കവിത നനയുന്നു