Sunday, October 21, 2007

മഞ്ഞുതുള്ളി

ഇരുളിന്‍ കരിമ്പടം മാറ്റി വന്നെത്തുന്ന
സൂര്യനുണ്ടിന്നെന്റെയുള്ളില്‍
ഒരു കുഞ്ഞുപൂവിതള്‍ മെല്ലെ വിടര്‍ത്തുന്ന
സുസ്മിതമുണ്ടെന്റെയുള്ളില്‍...

സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...

തൂനിലാത്തുള്ളിയെ,പ്പൂക്കളായ്‌ മാറ്റി പൊന്‍-
പുലരിയ്ക്കു പൂക്കൂട തീര്‍ക്കുന്ന മുല്ലതന്‍,
സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍...

കറുകതന്‍ നെറുകയില്‍, ചെമ്പനീ-
രധരത്തി,ലാലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍,
മാരിവില്‍ വര്‍ണ്ണങ്ങളേഴും വിടത്തി-
ത്തിളങ്ങുന്ന വൈരമായ്‌ നില്‍പ്പൂ..

ഈ വരും നിമിഷത്തി,നൂഷ്മളാശ്ലേഷത്തി-
ലൊരു ബാഷ്പകണികയായ്‌ മാറും-
ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...

മാത്രകള്‍ മാത്രമീ ദീപ്ത പ്രപഞ്ച-
പ്രതിബിംബമേറ്റിയെന്നാലും,
ജന്മസായൂജ്യമായ്‌, സ്വേദ പരാഗമാ-
യലിയട്ടെ ഞാന്‍ മഞ്ഞുതുള്ളീ...

18 comments:

സുല്‍ |Sul said...

"തൂനിലാത്തുള്ളിയെ,പ്പൂക്കളായ്‌ മാറ്റി പൊന്‍-
പുലരിയ്ക്കു പൂക്കൂട തീര്‍ക്കുന്ന മുല്ലതന്‍,
സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍..."

ഈ വരികള്‍ ഞാനെടുക്കുന്നു.
ചന്ദ്രേ, നന്നായിരിക്കുന്നു. നല്ല വരികള്‍.

-സുല്‍

ചന്ദ്രകാന്തം said...

മഞ്ഞുതുള്ളി. ഒരു പഴയ കവിത...

സഹയാത്രികന്‍ said...

“ഈ വരും നിമിഷത്തി,നൂഷ്മളാശ്ലേഷത്തി-
ലൊരു ബാഷ്പകണികയായ്‌ മാറും-
ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...“


ചേച്ച്യേ... നന്നായിട്ടോ...
:)

മന്‍സുര്‍ said...

ഉരുകുമൊരു ബാഷ്പമാണ്‌ നീയെങ്കിലും
ഓരോ മനസ്സിലും ഉണരുമൊരു മോഹം
ഒരു കുളിരിന്‍ മഞുകണമായ്‌ മനസ്സിലലിയാന്‍
മഞുതുള്ളിയായ്‌...കുളിരായ്‌ ഒഴുകൂ നീ ഹിമകണമേ

നന്‍മകള്‍ നേരുന്നു

സു | Su said...

നന്നായിട്ടുണ്ട് :)

താരാപഥം said...

കൊള്ളാം. പ്രകൃതിയില്‍ ലയിച്ചില്ലാതാവുക... നല്ല സ്വപ്നം.
മഞ്ഞുതുള്ളിയും മനുഷ്യായുസ്സും, നിമിഷങ്ങള്‍ക്കുള്ളില്‍ പൊലിഞ്ഞുപോകുന്ന യാഥാര്‍ത്ഥ്യം.
ഹേ മനുഷ്യാ ഓര്‍ക്കുക വല്ലപ്പോഴും, മാത്രകള്‍ മാത്രമായ ജന്മത്തെക്കുറിച്ച്‌.

ഹരിശ്രീ (ശ്യാം) said...

മഞ്ഞുതുള്ളി പോലെ മനോഹരം ഈ കവിത.

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട്.

ശ്രീ said...

“ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...”

ചേച്ചീ... ഒരു മഞ്ഞുതുള്ളിയുടെ നൈര്‍‌മല്യം കാത്തു സൂക്ഷിക്കുന്ന മനോഹരമായ വരികള്‍‌...

:)

G.MANU said...

സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...

wow wonderfuls

ശിശു said...

സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...

മനോഹരം.. ശരിക്കും വിസ്മയിപ്പിച്ചു..

ഇരുളിന്‍ കരിമ്പടം മൂടി വന്നെത്തുന്ന

ഇത് ശരിയാണൊ?, കരിമ്പടം നീക്കിയെന്നല്ലെ വേണ്ടത്?

ചന്ദ്രകാന്തം said...

ശിശു ജീ,

"ഇരുളിന്‍ കരിമ്പടം മാറ്റി..." എന്ന്‌ മാറ്റിഎഴുതി വച്ചത്‌, ടൈപ്പ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ല.
ചൂണ്ടിക്കാണിച്ചതിനു നന്ദി. (വളരെ ശ്രദ്ധിച്ചു വായിച്ചു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം)

അപ്പു ആദ്യാക്ഷരി said...

വളരെ നന്നായിട്ടുണ്ട് (ദുരൂഹതകളൊന്നുമില്ലാത്ത) ഈ കവിത. ചാന്ദ്നീ, അഭിനന്ദനങ്ങള്‍!

ഇനി ഇത് ആരെങ്കിലും ട്യൂണിട്ട് പാടും എന്നാശിക്കുന്നു...!!

മയൂര said...

വളരെ നന്നായിരിക്കുന്നു...:)

Murali K Menon said...

വളരെ നന്നായിട്ടുണ്ട്. പക്ഷെ
ഒരു കുഞ്ഞുപൂവിതള്‍ മെല്ലെ വിടര്‍ത്തുന്ന
സുസ്മിതമുണ്ടെന്റെയുള്ളില്‍...

എന്നതിനുശേഷം വീണ്ടും മറ്റൊരു വരിയിലൂടെ

സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍

എന്ന് പറയുന്നത് ആദ്യ വരിയുടെ ശോഭ കുറയ്ക്കുന്നതുപോലെ തോന്നി. പക്ഷെ രണ്ടു വരികളും മനോഹരം തന്നെയെന്നുകൂടി പറയട്ടെ

Sethunath UN said...

മ‌നോഹ‌രം!

ചന്ദ്രകാന്തം said...

മഞ്ഞുതുള്ളിയെ തൊട്ടറിഞ്ഞ എല്ലാര്‍ക്കും നന്ദി.

Mahesh Cheruthana/മഹി said...

കറുകതന്‍ നെറുകയില്‍, ചെമ്പനീ-
രധരത്തി,ലാലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍,
മാരിവില്‍ വര്‍ണ്ണങ്ങളേഴും വിടത്തി-
ത്തിളങ്ങുന്ന വൈരമായ്‌ നില്‍പ്പൂ..മനോഹരമായ വരികള്‍‌...