Tuesday, October 31, 2017

പുസ്തകപ്രകാശനം

പ്രിയരെ,
ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോല്‍സവത്തില്‍ വച്ച്‌ നവംബര്‍ മൂന്നാം തിയതി വൈകുന്നേരം 7.30 മണിയ്ക്ക്‌ സൈകതം ബുക്‌സ്‌ പുറത്തിറക്കുന്ന എന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷം ഒന്നുകൂടി പറയട്ടെ.
പ്രകാശകന്‍ : ശ്രീ. ഷിഹാബുദ്ദീന്‍ പൊയ്തും‌കടവ്‌
ഏറ്റുവാങ്ങുന്നത്‌ : ശ്രീ. രാജേഷ് ചിത്തിര
സമയം : 7.30 pm
വേദി : സൈകതം ബുക്‌സ്റ്റാള്‍
ഹാള്‍ നംബര്‍ : 7
സ്റ്റാന്‍ഡ്‌ നംബര്‍ : ZD15
നിങ്ങളെല്ലാവരും എത്തുമല്ലോ.

Wednesday, November 9, 2016

ഉറക്കപ്പച്ചഉറക്കം തന്റെ തൂവാലയിൽ
സ്വപ്നം തുന്നുകയാണ്‌

വിരിച്ചിട്ട ശതാവരിപ്പച്ചയിൽ
തുമ്പക്കുടത്തിനൊപ്പം
മുക്കുറ്റിയോളം മഞ്ഞ,
ഇലക്കുമ്പിളിൽ നീലക്കൊങ്ങിണി
കോളാമ്പിപ്പൂക്കളെ ചാരിനില്ക്കും
വെള്ളത്തെച്ചി ,
ചെമ്പരത്തിച്ചോപ്പ്‌ ,
ചില്ലുതിളക്കത്തിൽ തുമ്പിച്ചിറക്‌


ചക്രച്ചാലുകളറുത്ത വേരുകളിൽ
ഇനിയുമിനിയും പുതുനിറങ്ങൾ
പൊടിപ്പുയർത്താനാവാതെ
മല്ലടിയ്ക്കുന്നുണ്ട്‌


ലോഹവിരലിനോടിടഞ്ഞ്‌
മൺതരിയോളം ഇടം തുന്നിയെടുത്ത്‌
പൂക്കാലമൊളിച്ചുപാർക്കുന്ന ചില്ലകളൊന്നാകെ
വെയിലോളം പടർന്നാടുന്നത്‌
ഹൃദയത്തോളം ചുറ്റിക്കയറുന്നത്‌
ഇനിയുമേതേതു നിറങ്ങളിലാണ്‌
ഉണർച്ചയുടെ ഏതേതിഴകളിലാണ്‌

Monday, July 4, 2016

ഇടവപ്പാതി

ഒരു മഴയാത്രപോകുന്നു
പോരുന്നോ

 പാറശ്ശാല മുതൽ, ...
നീലേശ്വരം കണ്ട്
സൌപർണ്ണിക തൊട്ടുതൊട്ടങ്ങനെ..മഞ്ഞുതുള്ളിപോലൊരു ചങ്ങാതി വിളിയ്ക്കുന്നു
ഇടവപ്പാതിയല്ലേ..


അച്ഛന്റെ വിരലും കുഞ്ഞുകുടയും
മഴ നനയുന്നു
തെച്ചിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും
നിറഞ്ഞ് തുടുക്കുന്നു


ഉച്ചമണിയിൽ
ഉപ്പുമാവുകിട്ടും വരാന്തയിലേയ്ക്ക്
പാത്രങ്ങൾ നനഞ്ഞോടുന്നു
ടാറിട്ട വഴിയിൽ
ചിതറിയ ചില്ലുചീളുപോൽ മഴ
പാവാടത്തുമ്പുയർന്ന കണങ്കാലിൽ
ഒട്ടിയ ദാവണിച്ചുറ്റിൽ
ഒന്ന് നൂറ് ആയിരമെന്ന്
കുത്തി“നോക്കുന്നു”


ഇടവപ്പാതിയാണ്
“നെട്ടന്റെ കുറിയാണ്”
പറഞ്ഞെത്താപ്പൊക്കമുള്ള പാറ മൂടി
പാതിചത്തും പാതിയടർന്നും
കന്നും കല്ലും കാടുമൊഴുകും
ഇടവം കലങ്ങിച്ചുവക്കും
അടുക്കളപ്പടിയിൽ കാലുനീട്ടി
വിരലിടയിലൂടെ മുറുക്കിത്തുപ്പി
പറഞ്ഞുകേട്ട പഴക്കങ്ങൾ


ഇടവപ്പാതിരയാണ്
ഇരുട്ടുപെയ്യുന്ന ചുമരുകൾ
വെള്ളിടിയുടെ ജനാലകൾ തുറന്ന്
നിഴല്ചേർത്തു വരച്ച
വെള്ളച്ചായച്ചിത്രങ്ങൾ തൂക്കുന്നു
ഇടവത്തിൽ കെട്ടുപോയ ഇഴജന്മങ്ങൾ
പൊട്ടിമുളച്ച കൂണുകൾ
കാറ്റിൻ വഴക്കത്തിൽ
ഊഞ്ഞാലാടുന്നു


ഇടവപ്പാതിയാണ്
മഴയാണ്
മഴയാത്രയിലാണ്

Wednesday, February 3, 2016

കയ്യെത്തും ദൂരത്തിലാണാകാശം

തെളിനീരുപോലെ വെളിച്ചം 
ചിറകുലച്ചുനീന്തുന്ന ശലഭങ്ങൾ 
പൂമ്പൊടിയും വീഞ്ഞുമായി 
വസന്തത്തിൻ വഴിയമ്പലങ്ങൾ 

വെള്ളിമിന്നും അപ്പൂപ്പൻതാടിയിൽ 
കഥനെയ്യും മേഘനൂലുകൾ 

മഞ്ഞുപുകയൂതിപ്പെരുക്കി 
കണ്ടിട്ടും കണ്ടില്ലല്ലോയെന്ന്‌ 
മേലാകെ തൊട്ടുതൊട്ട്‌ 
ഇതുവരെ വിരിഞ്ഞ മണമെല്ലാം നിനക്കെന്ന്‌ 
ഇതളെറിയുന്ന കാറ്റ്‌ 

സ്വപ്നങ്ങളെഴുതി മായ്ക്കും രാത്രികൾ 
ഇരുകരയിലും പമ്മിയിരിയ്ക്കുമ്പോഴും, 
കൈവഴികളില്ലാതെ 
ഒറ്റവീർപ്പിലൊഴുകുന്ന പുഴയാണ്‌ പകൽ 

Wednesday, January 6, 2016

സ്വപ്നായനംഉറക്കത്തിൻ മൂശയിലേയ്ക്ക്‌ 
ഉരുക്കിയൊഴിച്ചിട്ടും 
ഉള്ളിലെവിടൊക്കെയോ വിള്ളലുള്ളതുകൊണ്ട്‌ 
മുഴുപ്രാണനോടെ വാർക്കാനാകുന്നില്ല 

എന്നാലും, 
പൊള്ളിപ്പോയ വേനൽച്ചാലുകൾ 
പാടുതീർത്ത്‌ മിനുക്കുമ്പോൾ 
നില അമിട്ടു പൊട്ടിയപോലെ 
മേലാകെ നക്ഷത്രം മിന്നുമായിരിയ്ക്കും 

പിന്നെപ്പിന്നെ 
മുൻകാലപ്രൗഢിയുടെ ക്ലാവുകോരി 
തട്ടിൻപുറത്ത്‌ എലിതട്ടിമറിച്ചും 
വെച്ചുവിളമ്പിയ കണക്കുകളോർത്ത്‌ 
പണയമിരുന്നും 
സ്വപ്നത്തിന്റെ നിലകളടർന്നു വീഴും 

ചതുരത്തിൽ നിന്നും ചതുരത്തിലേയ്ക്ക്‌ 
നിരങ്ങിനിരങ്ങിയൊരു വണ്ടി 
ജീവിതക്കളം മറച്ചും മായ്ച്ചും 
കലണ്ടർതാളുകൾ തിന്നുതീർക്കും 

എല്ലാമറിഞ്ഞിട്ടും; 
മൂശപൊട്ടിച്ചുണരുന്നു, 
നുരിവച്ച ഞാറിൻ ചേലിൽ 
ചുമരിൽ മുളച്ച പുത്തനക്കങ്ങൾ കാണുന്നു 
പുളിതൊട്ടു തേച്ച ഓട്ടുകിണ്ണത്തേക്കാൾ തിളക്കത്തിൽ 
മെയ്യും മനസ്സും വീണ്ടും കളത്തിലിറങ്ങുന്നു 

Wednesday, October 21, 2015

പെരുക്കങ്ങള്‍

മഴത്തുള്ളിയുടെ വില്പനശാലപോലെ
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ

ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ


അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്‌

മാനത്തിൻ വക്കത്ത്‌,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്‌
ചുണ്ടുചുവപ്പിച്ച്‌
നിലാവിൻ മുന്താണിത്തലപ്പ്‌ എടുത്തുകുത്തി
നിഴൽമറഞ്ഞ്‌ പുഞ്ചിരിയ്ക്കുന്നു
നീലരാത്രി


എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നുMonday, September 21, 2015

പൊളിച്ചുമാറ്റംഎണ്ണമില്ലാത്ത മഴക്കാലങ്ങൾ 
പൂപ്പലെഴുതിയ ഓടുകൾ 
മൂലകളിലൊളിച്ചു പാർത്ത അണ്ണാൻകൂടുകൾക്കൊപ്പം 
നിലമിറങ്ങി വന്നു 

‘ഇരുമ്പുകൈ മായാവി’യും, 
മാൻഡ്രേക്കും അപ്പുണ്ണിയും, 
കൊത്താങ്കല്ലാടിയ തിണ്ണയും, 
മുറ്റത്തേയ്ക്ക്‌ കാൽനീട്ടി 
ചൂലുഴിഞ്ഞ ഉമ്മറപ്പടിയും 
ഇരുന്നയിരുപ്പിൽ മണ്ണായിപ്പോയി 

മച്ചിലടച്ചിട്ട പലഹാരമണം, 
‘വിവിധഭാരതി’ പാടാൻ 
തിരിഞ്ഞും മറിഞ്ഞുമിരുന്ന റേഡിയോ, 
മാലബൾബു കത്തിയ 
കുഞ്ഞുപൂക്കൂട, 
അലമാരിപ്പുറത്തെ 
തലയാട്ടും കുട്ടിബൊമ്മ 
ഒക്കെ കൂടെപ്പോയി 

താമരയും പീലിയും കൊത്തിയ 
മേൽതട്ടടർത്തുമ്പോൾ, 
അടക്കം ചെയ്തിട്ടിന്നേവരെ നേരിട്ട പോരുകൾ 
അതിസൂക്ഷ്മമായെഴുതിയിട്ട 
കരിങ്ങോട്ടയിലയുടെ എല്ലുരൂപങ്ങൾ, 
മൂടിപ്പോയ പടനിലം പിളർന്നെന്നപോലെ ഉയർന്നു; 
അവയ്ക്കപരിചിതമായ കാറ്റിൽ 
തെന്നിവീണു 

പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര, 
ഒരൊറ്റ അലാറം മുഴക്കത്തിൽ 
തെറിച്ചുപോയ സ്വപ്നം പോലെ 
പുതിയ വീട്ടിലെ പിൻമുറിയിൽ 
ചടഞ്ഞിരിയ്ക്കുന്നു