Tuesday, March 11, 2014

നക്ഷത്രയാമത്തിൽ



ഉണർവിൻ തുറസ്സിലേയ്ക്കുള്ള
ജനല്പ്പാളികളെല്ലാം അടച്ച്‌
കാഴ്ചയെ കയറിട്ടുപിടിച്ച്‌,
ഇരുട്ടിറങ്ങാനിടയില്ലെന്ന്‌ കരുതുന്ന
ഓർമ്മയുടെ സൂക്ഷ്മ അറകളിലൊതുക്കി
തിയതിയും നേരവും അടയാളം വച്ചു;

ഉറക്കത്തിലേയ്ക്ക്‌ പടികളിറങ്ങാൻ തുടങ്ങി

മണൽക്കുന്നിൽ നിന്നും
സമതലങ്ങളും
താപശമനിയായ താഴ്വാരങ്ങളും കടന്ന്‌
വെയില്ക്കണ്ണെത്താത്ത ഉറവയിലേയ്ക്കിറ്റുന്ന
ഒറ്റവരിപ്പടികൾ

ആഴ്ന്നുപോകുന്തോറും
സാന്ദ്രത ഏറിവരുന്ന രാവിന്റെ ജഡരാശിയിൽ
സ്വപ്നത്തിന്റെ വിത്തുകൾ
മുളപ്പിച്ചെടുക്കുകയാണ്‌ നീ

രണ്ടുനേരവും നീരേറ്റി
കല്ലുഭാരം വച്ച്‌
വായ്‌കെട്ടിയ ചാക്കിലിരുന്ന്‌
വെന്തുമുളയ്ക്കുന്ന ജീവിതംപോലെയല്ല;

കോശങ്ങളെത്തമ്മിൽ
കെട്ടുപിണയാതെ കോർത്ത
നേർനൂലുകൾ ജ്വലിപ്പിച്ച്‌, 
തമ്മിലലിഞ്ഞും കൈവഴിവിടർത്തുന്ന
ബോധധാരയിൽ മുങ്ങാംകുഴിയിട്ട്‌,
കിളിർത്തുവരും കിളിത്തൂവലോളം ഭാരക്കുറവിൽ
ഹൃദയത്തിന്റെ കള്ളറകളിൽ
ഒളിച്ചുപാർക്കുന്നവർ,

ഇതുവരെ ജനിച്ചിട്ടില്ലാത്ത വാസസ്ഥലത്തേയ്ക്ക്‌
ക്ഷണനേരംകൊണ്ട്‌ വളർന്ന്‌
വള്ളിയായ്‌ പൂക്കളായ്‌
മയക്കുന്ന ഗന്ധമായ്‌
പ്രകാശപ്പെടുകയാണ്‌

നിന്റെ കയ്യോളം ചേരുമ്പോൾ
ജീവരേണുക്കൾ
തൊട്ടെടുത്ത പൂമ്പൊടിപോലെ
സർവ്വസമാനരാവുന്നു

നിദ്രയെ ഗാഢമായി വായിയ്ക്കുന്നു

ഉണരുവോളം
പടിയുടെ മുകളറ്റത്ത്‌
വെളിച്ചം
കാത്തുനില്ക്കുമെന്നൊരു വിശ്വാസം,
നിന്റെ അക്ഷരങ്ങളിൽ നിന്ന്‌
മനസ്സ്‌ പകർത്തിയെടുക്കുന്നു
-------------------------------------