Tuesday, January 29, 2013

ഒറ്റമുറിവിദ്യാലയം


ശരീരദ്വീപിന്നകത്തളത്തില്‍
പലവഴി ചിന്നും മനസ്സിന്‍
വിരലെഴുത്തില്ലാച്ചുമരുപറ്റി
ജീവിച്ച ശീലങ്ങളെത്രയോ പേര്‍

കല്ലും കരടും മാറ്റി
ചൊല്ലും ചേലും ചേറ്റി
കൈവെള്ളയില്‍ കനത്ത കാലത്തെ
കൂട്ടക്ഷരങ്ങളില്‍ക്കെട്ടി
ചങ്കൂറ്റക്കലപ്പ താഴ്ത്തി
തലയ്ക്കുള്ളില്‍ തീകൂട്ടി
തുള്ളിനൂല്‍പ്പരുവത്തിലുതിരും
മഞ്ഞുകവിത നീര്‍ത്തി
പരുക്കനഴിയുള്ള ജനാലയില്‍
കണ്ണീര്‍ മുക്കിയുണക്കി
പൂമരച്ചോപ്പിന്റെ വഴിയില്‍
വെയില്‍ച്ചൂട്‌ നീന്തി
പുസ്തകക്കാടിന്‍ തുന്നാംചില്ലയില്‍
കണ്ണും കരളും തൂക്കി
ജീവിതനീളത്തില്‍ ഒറ്റമുറിയില്‍
പാഠഭേദങ്ങളായവരെത്രയോ പേര്‍

അവസാനപാഠത്തിനേകാന്തനിമിഷത്തില്‍
ശീലത്തില്‍ ശീലക്കേടില്‍
വെള്ളമുണ്ടൊന്നായ്‌ച്ചുറ്റി
അഗ്നിപരീക്ഷിയ്ക്കും ആത്മവിദ്യാലയം!
.....................................
അറിവിന്‍ കനല്‍ക്കൂട്ടം
ഇന്നോളമെഴുതിത്തീര്‍ത്ത
പുസ്തകങ്ങളില്‍നിന്നിടയ്ക്കിടെ
മഞ്ഞും മഴയും വെയിലും
ഇറങ്ങി നടക്കുന്നു

അക്ഷരമാലയായ്‌
എന്റെ ഒറ്റമുറിയിലേയ്ക്ക്‌ കൂട്ടുവരുന്നു

തൂക്കുകലണ്ടര്‍ത്താളില്‍
കുതറി നില്‍ക്കുമക്കങ്ങളില്‍
വീണ്ടും സമയമുരുകുന്നു

********************

Thursday, January 17, 2013

ജനിതകം

അച്ഛന്റെ കണ്ണും കാതും
അമ്മതന്‍ കൈനീട്ടവും
എഴുതിപ്പതിച്ചപോലുണ്ടത്രേയെന്നില്‍
കൂട്ടുകാരുടെ കണ്ണില്‍

ഏടുപോയ പ്രണയവേദങ്ങള്‍
ആശകള്‍ ആശയങ്ങള്‍
ചോരയോട്ടദിശകള്‍ ഉന്മാദകാലങ്ങള്‍
ചൂഴ്‌ന്ന മാംസത്തിനുണങ്ങാക്കുഴികള്‍
വിണ്ടുപൊട്ടിയും ഇഴയിട്ടുവെട്ടിയും
വഴിനടന്നു തിണര്‍ത്ത പാടുകള്‍
ഒളിഞ്ഞുകുത്തുവാന്‍ ചിരിച്ച മൂര്‍ച്ചകള്‍
തെളിഞ്ഞുനില്‍പ്പുണ്ടെന്റെമാത്രം കണ്ണില്‍

മഴയും വെയിലും മാറ്റിമാറ്റിയെഴുതി
നിറങ്ങളന്യോന്യമിണഞ്ഞ തണലുകള്‍
ഞാനെന്ന്‌ നീയെന്ന്‌ വേറിടാപ്പേജുകള്‍
തമ്മില്‍ക്കുതിര്‍ന്ന വരികള്‍ വേരുകള്‍
നനഞ്ഞപൂഴിയില്‍ ഒട്ടിക്കിടക്കുന്നു
വസന്തം നോക്കാതിടയ്ക്കു പൂക്കുന്നു

കെട്ടകാലത്തിനാവാസഭീതിയില്‍
സര്‍പ്പവൃക്ഷങ്ങള്‍ വിഷംചേര്‍ത്ത ചിന്തകള്‍
നുള്ളിപ്പറിച്ച കണ്ണുകള്‍ കൈകാലുകള്‍
ഉടഞ്ഞ ചങ്കിനെപ്പിളര്‍ന്ന നാവുകള്‍
ചേര്‍ത്തുവച്ചോരടയാളവാക്കുപോല്‍
വരും ഋതുക്കളില്‍ തളിര്‍ത്തുകായ്ക്കുമ്പോള്‍,

കൂട്ടുകാര്‍ കൂട്ടിവായിയ്ക്കാമിന്നേപ്പോലെ
കുരുന്നു കാല്‍വയ്പ്പില്‍, കാഴ്ചയില്‍ മുന്‍ഗാമിയെ!
കടന്ന കാലത്തിന്‍ കരിന്തിരി കത്തി-
പുകഞ്ഞ ശീലത്തിന്നൂരാക്കുടുക്കിനെ!!

--------------------------------