Monday, June 18, 2007

മഴ..വീണ്ടും മഴ..പിന്നെയും മഴ..!!


നെറുകയില്‍ വീണ ആദ്യത്തെ മഴത്തുള്ളി, അമ്മയുടെ തലോടല്‍ പോലെ..ഉഷ്ണത്തിന്റെ തീവ്രതയില്‍ നിന്ന്, പച്ചപ്പിന്റെ ശീതളിമയിലേക്ക്‌ കാലെടുത്തു വച്ചപ്പോളുള്ള നിര്‍വൃതി.

വീട്ടിലെത്തുവോളം...

കണ്ണെത്തും ദൂരം വരെ വര്‍ഷത്തിന്റെ സമൃദ്ധി.

റോഡ്‌, പല ആകൃതിയിലും, വലിപ്പത്തിലുമുള്ള കുഴികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തിരി താഴ്‌ന്ന ഇടങ്ങളിലെല്ലാം, എന്റെ നെഞ്ചില്‍ ചവിട്ടിയേ മുന്നോട്ടൊരടി വെയ്കാനാവൂ.. എന്ന മട്ടില്‍ വിലങ്ങടിച്ചു നില്‍ക്കുന്ന ജലപ്രവാഹം.

കാറിന്റെ ഗ്ലാസ്സില്‍ പാറിവീഴുന്ന കുഞ്ഞുതുള്ളികളോട്‌ കുശലം പറയുന്ന തിരക്കിലാണ്‌ മക്കള്‍.

പണ്ട്‌, ഉമ്മറത്തിണ്ണയിലിരുന്ന്, വിശാലമായ മുറ്റത്ത്‌, കാറ്റിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്യുന്ന വെള്ളിനൂലുകളുടെ ലാസ്യഭംഗി ആസ്വദിച്ചിരുന്നത്‌ ഓര്‍മ വന്നു.

സന്ധ്യക്ക്‌ അനേകം മാളങ്ങളില്‍ നിന്ന് ജന്മസ്വാതന്ത്ര്യം ആഘോഷിക്കാന്‍ എത്തുന്ന ഈയാമ്പാറ്റകള്‍. ചീവീടുകളുടേയും, പോക്കാച്ചിത്തവളകളുടേയും വാദ്യമേളം.

അങ്ങിനെയങ്ങിനെ...എന്തെല്ലാം..

ഞങ്ങളെത്തിയതോടെ വീടുണര്‍ന്നു. പറയാനായി കൂട്ടി വെച്ച വിശേഷങ്ങള്‍ ഓരോന്നായി കെട്ടഴിക്കുന്ന തിരക്കായി പിന്നെ.

വീട്ടില്‍ എല്ലാവര്‍ക്കും "ഈ നശിച്ച മഴ"യെന്നേ പറയാനുള്ളൂ. വെള്ളം കെട്ടിനിന്ന് വാഴയും ചേമ്പും കേടായിപ്പോയതും, ഇടിവെട്ടുകൊണ്ട്‌ രണ്ട്‌ നല്ല തെങ്ങിന്റെ തലപോയതും, ടി.വി.യുടെ കേബിളും ടെലിഫോണ്‍ ലൈനും തകരാര്‍ ആയതും..

അങ്ങിനെ മഴയെ ശപിക്കാന്‍ കാരണങ്ങള്‍ക്ക്‌ ക്ഷാമമില്ല.

ഈ പറഞ്ഞതെല്ലാം ഇത്ര വലിയ കാര്യമാണോ എന്ന മട്ടില്‍, കുട്ടികള്‍ കഴിയുന്നത്രയൂം നേരം ഒരു കുടയുമായി മുറ്റത്തു തന്നെ. കടലാസു വഞ്ചിയും, അതിലെ യാത്രക്കാരായ ഉറുമ്പുകളും അവര്‍ക്ക്‌ നല്‍കുന്ന സന്തോഷം എത്രയോ വലുതാണ്‌.

.."മക്കളേ..കാലം നന്നല്ല. വല്ല പനിയോ മറ്റോ.."

അമ്മയെ സമാധാനിപ്പിയ്കാന്‍, ഒരു നിമിഷം വരാന്തയില്‍.. പിന്നെ പഴയപടി.

തൊടിയില്‍, മുട്ടോളം തഴച്ചു നില്‍ക്കുന്ന പുല്ലും, കുഞ്ഞിക്കൈകള്‍ എത്ര പിടിച്ചുലച്ചാലും, വെള്ളത്തുള്ളിയല്ലാതെ, ഒരൊറ്റ പൂവുപോലും താഴെ വീഴാതെ നോക്കുന്ന ചെമ്പകമരവും, നിറഞ്ഞുകവിഞ്ഞ കുളവും, രാത്രിയില്‍ താരാട്ടുപാടി ഉറക്കം കെടുത്തുന്ന കൊതുകുകള്‍ പോലും.. അവരില്‍ പുതുമ നിറഞ്ഞ അനുഭവമായിരുന്നു.

ദിവസങ്ങളോളം ആര്‍ത്തലച്ചു പെയ്യുന്ന മഴക്കു കൂട്ടായി, പുറത്തിറങ്ങാതെ. 'തുള്ളിക്കൊരു കുടം' എന്നതെല്ലാം 'ഔട്ട്‌ ഓഫ്‌ ഫാഷന്‍' ആയി; മൂന്നു നാലു കുടം എന്നായിരിക്കുന്നു. അഞ്ച്‌ നിമിഷത്തിനുള്ളില്‍ മുറ്റത്ത്‌ വെള്ളമുയരും. ഒഴുകിപ്പോകാനുള്ള പാടവും തോടും മിക്കയിടത്തും നമ്മള്‍ അതിവിദഗ്ധമായി മണ്ണിട്ട്‌ നികത്തിയിരിക്കുകയല്ലേ..

ദൂരെയുള്ള ബന്ധുക്കളേയും, സുഹൃത്തുക്കളേയും ഫോണ്‍വിളികളിലൊതുക്കി.

അതിനിടെ, വീട്ടിലെല്ലാരും ആഘോഷിച്ച, "ഗുനിയ" പോലെ ബ്രാന്‍ഡഡ്‌ ഒന്നുമല്ലാത്ത, ചെറുവക അസുഖങ്ങളില്‍ ഞങ്ങളും ആവും വിധം പങ്കു ചേര്‍ന്നു.

തിരിച്ചുപോരാനുള്ള ദിവസത്തിന്‌ മുന്‍പ്‌ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ്‌ പെരുമ്പാമ്പു പോലെ.. നീണ്ടു കിടന്നു.

ഒടുവില്‍, കുറേ ഹ്രസ്വസന്ദര്‍ശനങ്ങളുടെ സുഖവും, പങ്കുവെച്ച സൗഹൃദങ്ങളുടെ മധുരവും, മനസ്സിലേറ്റി,... മടക്കയാത്ര.

എയര്‍പ്പോര്‍ട്ടെത്തുന്നതു വരെ, മഴ പരിഭവിച്ചു നിന്നു. കാറില്‍ നിന്നും പുറത്തിറങ്ങിയതും, ഞങ്ങളെ യാത്രയാക്കാനെന്നോണം.. ഓടിയെത്തി....

നെറുകയില്‍ തഴുകി, മൂര്‍ദ്ധാവില്‍ ചുംബിച്ചു...

പിന്നെ....വാല്‍സല്യം കണ്ണുനീരായി പെയ്തിറങ്ങി.

വീണ്ടുമുള്ള കാത്തിരിപ്പിന്റെ ദിനങ്ങളിലേക്ക്‌ പറന്നു നീങ്ങവേ.. ആ നീര്‍ത്തുള്ളികള്‍ എന്റെ കണ്ണിലും പടര്‍ന്നിരുന്നു...


Thursday, June 7, 2007

പിന്‍‌വിളി

അസ്ഥികൂടം വിതാനിച്ചപോലെ ക്രെയിനുകള്‍ നിറഞ്ഞ മേല്‍ക്കൂര. അതിനിടയിലൂടെ കാണുന്ന ആകാശത്തുട്ടുകള്‍ക്ക്‌ മങ്ങിയ ചാരനിറം.

താഴെ തലങ്ങും വിലങ്ങും കൂട്ടിക്കെട്ടി ഏതുസമയവും പുറംലോകബന്ധം വിച്ഛേദിക്കാന്‍ കുത്തിയൊഴുകിവരാവുന്ന കോണ്‍ക്രീറ്റ്‌ പ്രവാഹം കാത്തുകിടക്കുന്ന ഇരുമ്പുകമ്പികള്‍.

ചുറ്റിലും ക്ഷീണമറിയാതെ, അറിഞ്ഞാലും ഭാവിക്കാനാവാതെ അവസാനവീര്‍പ്പുവരെ അധ്വാനിക്കാന്‍ വിധിക്കപ്പെട്ട കുറെ മനുഷ്യശരീരങ്ങള്‍. സ്വന്തം ആത്മാവ്‌, ജന്മഗൃഹത്തിന്റെ മേല്‍ക്കൂരയില്‍ തന്റെ കുടുംബത്തിന്‌ കാവലായി, തണലായി നിര്‍ത്തിക്കൊണ്ടാണല്ലൊ അവര്‍ ഈ സ്വര്‍ണ്ണമൊഴുകുന്ന നാട്ടില്‍ ഭാഗ്യം തേടി വന്നത്‌.

അങ്ങുദൂരെ..

ചന്ദനശീതളിമ ഭൂമിയിലൊഴുക്കുന്ന ചന്ദ്രബിംബത്തിനുപോലും കണ്ടാസ്വദിക്കാന്‍ പാകത്തില്‍, പനമരത്തിന്റെ രൂപത്തിലുള്ള ദ്വീപുകള്‍ വാര്‍ത്തെടുക്കുന്ന തിരക്കിലാണവര്‍....സ്വശരീരത്തിന്റെ യാതനകളെപ്പറ്റി ചിന്തിക്കാനുള്ള മനസ്സ്‌ എന്നേ കൈമോശം വന്നവര്‍.

ആരുടെയൊക്കെയോ തലച്ചോറിലൂടെയും പിന്നെ ചായക്കോപ്പയിലൂടെയും വീശിയടിച്ച കൊടുങ്കാറ്റില്‍ കടലിലേക്ക്‌ തലതല്ലി വീണുപോയ പനമരം.

...എന്റെ നാട്ടില്‍, വീടിന്റെ പടിഞ്ഞാറുഭാഗത്തൊഴുകുന്ന കനോലിക്കനാലിന്റെ കരയില്‍ നിന്നിരുന്ന ചമ്പത്തെങ്ങ്‌ ഒരു മഴക്കാലത്ത്‌ പുഴയില്‍ തലയടിച്ചു വീണിട്ടും..വീഴാന്‍ സമ്മതിക്കാതെ ബലിഷ്ട്ഠമായ വേരുകള്‍ സ്നേഹപൂര്‍വം പിടിച്ചുനിര്‍ത്തിയതും.. പിന്നെ വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക്‌ ജലകേളികള്‍ക്ക്‌ രംഗമായതും...

ചുവപ്പുരാശി കലര്‍ന്ന ആകാശച്ചെരുവിലൂടെ, കാലത്തു കിഴക്കോട്ട്‌ പറന്ന പക്ഷിസമൂഹം തിരിച്ചു ചേറ്റുവാക്കടപ്പുറത്തിനപ്പുറത്ത്‌ സാഗരസ്നാനത്തിനൊരുങ്ങുന്ന പകലോനെ നോക്കി തിരിച്ചു പറക്കുന്നതിന്റെ ബഹളം കാതിലിപ്പോഴുമുണ്ട്‌.

പുഴയോരത്തു മഞ്ഞക്കുപ്പായത്തില്‍ കാപ്പിക്കളര്‍ പൊട്ടിട്ട പനച്ചോത്തിന്‍ പൂവുകള്‍ മുള്ളുതട്ടാതെ പറിച്ചെടുക്കുമ്പോള്‍ പൊന്തക്കുള്ളില്‍ ഓടിമറയുന്ന കുളക്കോഴികളെ ഉന്നം നോക്കുന്ന കൗതുകം.

മണ്ണിര കോര്‍ത്ത ചൂണ്ടല്‍ ടാങ്കീസില്‍ക്കെട്ടി ധ്യാനനിരതമായി തൂങ്ങിപ്പിടിച്ചിരിക്കുന്നതും, പൊട്ടിയ ഓടിന്റെ ചീള്‌ പുഴവെള്ളത്തില്‍ ചായ്ച്ചെറിഞ്ഞ്‌ എത്ര തവണ അതു തെന്നിപ്പറന്നു എന്നു കണക്കെടുക്കുന്നതിനു റഫറി അശ്വാരൂഢഭാവത്തില്‍ ഉപവിഷ്ടനാവുന്നതും പാതിവീണ കേരവൃക്ഷ സിംഹാസനത്തിലാണ്‌.

ചാഞ്ഞ തെങ്ങില്‍ കയറിനിന്ന് മലക്കംമറിഞ്ഞ്‌ പുഴയുടെ കൈകളിലേക്ക്‌ ചാടുമ്പോള്‍..പറ്റുന്നത്ര തുന്നാംതലപ്പിലിരുന്ന് 'കടലിനക്കരെപ്പോണോരേ..'എന്ന് തൊണ്ട പൊട്ടുമാറ്‌ നീട്ടിപ്പാടി പ്രതിധ്വനിയുടെ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍..

ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ല..

അക്കരെപ്പോകുന്ന കൂട്ടരില്‍ ഞാനും ഒഴുകിച്ചേരുമെന്ന്.

...വാക്കുകള്‍ക്കെത്താവുന്നതിനേക്കാള്‍ എത്രയോ ആഴത്തില്‍..ആ തെങ്ങും പുഴയും ജീവിത്തില്‍ പടര്‍ന്നിറങ്ങിയിരുന്നു.

..എന്റെ പുഴ; ഞങ്ങളുടെ പുഴ.

എന്തിനെല്ലാമോ സാക്ഷിയായ പുഴ.

ഒടുവില്‍.. ഒഴുകിയൊഴുകി അറബിക്കടലില്‍ അലിഞ്ഞില്ലാതാകുന്ന പുഴ.

..അതെ. അതേ അറബിക്കടലാണ്‌ മുന്നില്‍.

രണ്ടടി നടന്നപ്പോള്‍..കുഞ്ഞുതിരകള്‍ കാലില്‍ത്തൊട്ടു വിളിക്കുന്നു.

നിന്നു; കടലിനെ ഒരു കുടന്ന തീര്‍ത്ഥമായി കോരിയെടുത്തു. എന്റെ പുഴവെള്ളത്തില്‍ കണ്ടിരുന്ന അതേ മുഖം.

കുറച്ചുകൂടി അടുത്തു ചെന്നു. ജലം ആര്‍ത്തുല്ലസിച്ചു കൈകള്‍ നീട്ടി എതിരേറ്റു.

.."എനിക്കറിയാം നിന്നെ,.. നീ എന്റെ കുഞ്ഞല്ലേ.."

അതെ. പണ്ട്‌ നീ താലോലിച്ച അതേ കുഞ്ഞ്‌.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണുകിട്ടിയ ജന്മബന്ധം.

ആഹ്ലാദത്തിലേക്ക്‌ ഊളയിട്ടിറങ്ങി മുങ്ങുമ്പോള്‍ കാതുകളില്‍ പുഴയുടെ സംഗീതം.

മേലാകെ.. മനസ്സാകെ കുളിര്‌.

ആര്‍ത്തിയോടെ വീണ്ടും വീണ്ടും മുങ്ങി.

നിവര്‍ന്നെണീക്കാന്‍ തോന്നിയില്ല.

ഞാന്‍.....

കൗമാരത്തിലേക്കും.. കുസൃതി നിറഞ്ഞ ബാല്യത്തിലേക്കും.. പിച്ചവെക്കാന്‍ വെമ്പുന്ന ശൈശവത്തിലേക്കും.. പതിയെപ്പതിയെ അമ്മയിലേക്കും തിരിച്ചു നടന്ന്‌.. ജീവന്റെ കണികയായി..

..അതിനുമപ്പുറം സമയതീരങ്ങളില്‍ നിന്നകന്ന്‌ പ്രപഞ്ചചൈതന്യത്തില്‍ ഒരു പ്രകാശബിന്ദുവായി ലയിച്ച്‌..

"സാര്‍"

ങ്ങ്‌ഹേ..

"വൊ ആപ്‌കൊ ബുലാരെ.."


ഹോ..

ജലപ്പരപ്പിനു മുകളിലെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വീണ്ടും..






Saturday, June 2, 2007

പാവം പാവം ചെമ്പരത്തി

അങ്കച്ചമയത്തിന്‌ അമ്പലപ്പറമ്പിലെ ചെമ്പരത്തിപ്പൂവിനോട്‌ സിന്തൂരം ചോദിച്ചിരുന്ന കാലം....
പ്രിയദേവനെക്കണ്ടോന്ന് ചോദിച്ചുകൊണ്ട്‌ കവിളിലൊന്നു തലോടി പെണ്മണികള്‍ പുഞ്ചിരി സമ്മാനിച്ചിരുന്ന കാലം....

ഇന്നിപ്പോള്‍...

ഓര്‍ക്കിഡ്‌ പിള്ളാര്‍ക്കും, ആന്തൂറിയം കൊച്ചുങ്ങള്‍ക്കും, ചുണ്ടിലൊരു പരിഹാസം! കണ്‍കോണിലൊരു പുച്ഛരസം! "ലവനേതെന്ന" ഭാവം!!
പണ്ട്‌ അതിര്‍ത്തിയില്‍ പതിച്ചിരുന്ന ഉരുളന്‍കല്ലൊക്കെ മുറ്റത്ത്‌ അടുക്കിപ്പെറുക്കി, പറിച്ചു കളഞ്ഞിരുന്ന പുല്ലൊക്കെ തിരിച്ചെടുത്ത്‌ നട്ടുവളര്‍ത്തി, "ലാന്‍ഡ്‌സ്കേപ്പ്‌" എന്നൊരു മഹാസംഭവം ഉണ്ടാക്കിയെടുത്ത "മോഡേണ്‍ ഗാര്‍ഡന്റെ" പശ്ചാത്തലത്തില്‍ അവരങ്ങിനെ വിലസുകയല്ലേ..
അല്ലെങ്കില്‍ത്തന്നെ അവരെയെന്തിന്‌ പറയുന്നു? ദോഷൈകദൃക്കുകള്‍, ചിലനേരങ്ങളില്‍ ചിലരുടെ ചെവിക്കുറ്റി അലങ്കരിക്കാന്‍ മാത്രമാണ്‌ ചെമ്പരത്തി എന്ന രീതിയിലല്ലേ ഓരോന്ന് ചിത്രീകരിച്ചു വെച്ചിരിക്കുന്നത്‌?
എന്നും സര്‍വ്വേശ്വരന്‍ തന്നെ തുണ.
പൂന്തോട്ടത്തിലെ "ആസ്ഥാനപുഷ്പം" എന്ന പദവിയില്‍ നിന്ന് നിഷ്ക്കാസിതനായിട്ടാണ്‌..ഇന്നീ പുറം വേലിയില്‍..
...ഹും...ഇനി ആരെങ്കിലുമൊക്കെ ഈ പാവത്തിനെ ഒന്നു പരിഗണിക്കണമെങ്കില്‍ അമേരിക്കക്കാരന്‍ ഒരു "പേറ്റന്റ്‌" അവകാശത്തിന്റെ അട്ടഹാസം മുഴക്കേണ്ടി വരുമോ..!!!
സ്വന്തമായുള്ളതിന്റെ വിലയറിയാതെ, അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെയുള്ള ഉദാസീനതയുടേയും അവഗണനയുടേയും ലോകം ഒരു വശത്ത്‌; കണ്ടതും കേട്ടതും വെട്ടിപ്പിടിച്ചു സ്വന്തമാകാനുള്ള ആര്‍ത്തി നിറഞ്ഞ ലോകം മറുവശത്ത്‌.
വിചിത്രമായ ചുറ്റുപാടുകളില്‍ ഒട്ടൊരു വ്യാകുലതയോടെ, ഒരു പൂവ്‌, ചങ്കില്‍ നിന്നും പറിച്ചെടുത്ത്‌ തന്നെച്ചൂഴുന്ന അലസസമൂഹത്തിനു നേരെ നീട്ടി..
..പാവം പാവം ചെമ്പരത്തി.