Tuesday, August 19, 2008

ഉള്‍ക്കാഴ്ച

ഉണര്‍വ്വിനും ഉറക്കത്തിനും ഇടയ്ക്കുള്ള
നൂല്‍പ്പാലത്തിനു താഴെ...

പച്ചത്താഴ്‌വാരത്തിലൂടെ,
വസന്തത്തിന്‍ രക്തപുഷ്പങ്ങള്‍
അണിഞ്ഞ്‌ ഒഴുകിയ പുഴ.

ആഴങ്ങളിലേയ്ക്ക്‌ കുഴഞ്ഞുവീണിട്ടും
കൈവഴികളെ സാന്ത്വനിപ്പിച്ച്‌..
ഇരുളുകലക്കിപ്പെയ്യുന്ന
മാനത്തോടു കലമ്പി,
വെയിലുവീണു മുളച്ച നക്ഷത്രങ്ങള്‍
തെളിയിച്ചെടുക്കുന്ന പുഴ.

പാറക്കെട്ടില്‍ തല്ലിത്തെറിച്ച ജീവന്‍,
വെള്ളപ്പാച്ചലില്‍ അലിയാതെ...
ഉറഞ്ഞ തേന്‍നൂലുപോലെ...
നേര്‍രേഖ വരയ്ക്കുന്നു.

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...

സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌.

Saturday, August 2, 2008

ജന്മാന്തരം

വേനല്‍ തിന്നൊതുക്കി
ശൂന്യമായിരുന്ന ഇടങ്ങളില്‍,
തുമ്പക്കുടങ്ങളുണരുന്നുണ്ട്‌..
ചുവന്ന പട്ടുംചുറ്റി
തുമ്പികള്‍ മൂളുന്നുണ്ട്‌..
കൂമ്പാളയിലൊതുക്കി വച്ച
പൂക്കുലമണം ഉതിരുന്നുണ്ട്‌...

വേരുണങ്ങിയ വഴികളില്‍
വീണുമാഞ്ഞ ശബ്ദങ്ങളില്‍ തങ്ങാതെ,
പകലിരവുകളുടെ കടത്തും കടന്ന്‌,
ജീവിതദൂരങ്ങള്‍ പിന്നിട്ട്‌ വന്ന്‌,
ഒരു പൂവിളിയുടെ ഈണം
എന്നില്‍ ചേര്‍ത്തുവച്ച്‌..
നെറുകയില്‍ പെയ്യും ഓണനിലാവിനെ
കൈക്കുമ്പിളില്‍ ഒതുക്കുന്നതെങ്ങനെ...?

കൈവിരല്‍ വിടുവിച്ച്‌
ഓടിപ്പോകും കുസൃതിയോ..
ഒളിച്ചിരുന്ന്‌ കൊതിപ്പിച്ച്‌
മനസ്സില്‍ നുള്ളുന്ന ചങ്ങാതിയോ..
കാണാമറയത്ത്‌ തേന്‍കൂടൊരുക്കി
കാത്തുവച്ച കളിക്കൂട്ടോ..
നെഞ്ചിന്റെ പിടച്ചില്‍
ഉള്ളംകയ്യിലൊതുക്കി
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ...

വിരല്‍തൊടാതെ,
അകക്കാമ്പിന്‍ തന്ത്രികളെ
ഉണര്‍ത്തിനിര്‍ത്തുന്ന സാന്നിദ്ധ്യത്തെ
മുഖമൊന്നില്‍ പകര്‍ത്തുന്നതെങ്ങനെ ?
ഒന്നുമാത്രമറിയാം;
എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌.