Thursday, May 27, 2010

സൂര്യായനം

മേഘം ചുറ്റിപ്പടര്‍ന്ന മലയില്‍ നിന്നും
നടക്കാനിറങ്ങും ഋതുക്കളുടെ
പുടവത്തുമ്പൊന്നു തൊട്ടാല്‍
തളിര്‍ക്കാനും പൂക്കാനും
ഇല മാറ്റിയുടുക്കാനും കൊതിച്ച്‌,
നിറച്ചാര്‍ത്തൊതുക്കി വച്ചിരുന്ന ചില്ലകളെ
കരിയില പൊതിഞ്ഞെടുത്തു പോയി

ചുളിവീണ ചെമ്മണ്‍മുഖങ്ങളും
പാകിയ പാറത്തലപ്പുകളും
വരണ്ട നീരൊഴുക്ക്‌ ഏറ്റുപാടി

കണ്ണും കാതും പാട്ടനിലമായി

മധുരം പൊതിഞ്ഞ വിഷവിത്ത്‌
നുണഞ്ഞ്‌ നുണഞ്ഞ്‌
കര്‍മ്മകാണ്ഡം
ശൈത്യകാലത്തില്‍ നങ്കൂരമിട്ടു

വെയില്‍മഞ്ഞയുടുത്തൊരു ഞാറ്റുപാട്ടില്‍,
അക്ഷരമാലയിലെ ഓരോ മണിയും
വേരൂന്നി നിവര്‍ന്ന്‌
ആകാശത്തേയ്ക്ക്‌ നോട്ടമെറിഞ്ഞതാകാം;
മരിച്ച നാവിലും നാഡിയിലും
ഒരരയാലിന്‍ ഇലപ്പെരുക്കം..
ഒരോടത്തണ്ടിന്‍ ശ്വാസവേഗം..

മനസ്സിന്‍ കൈവഴികളില്‍
കാറ്റിന്‍ വായ്ത്താരി കേള്‍ക്കുന്നു
ഋതുദേവകള്‍
ഇനിയുമീ വഴി വരികയാവാം..

**********************

Wednesday, May 12, 2010

വേനല്‍മഴ

മഞ്ഞകലര്‍ന്ന ഇലകള്‍
കാറ്റ്‌ അഴിച്ചെടുത്തു
മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു
വെയില്‍ തൊട്ട തളിരുകള്‍ ചുവന്നു
തേനുറുമ്പുകള്‍ അടക്കം പറഞ്ഞു

നീട്ടിയൊന്നു ചൂളംകുത്തി
മുളംതലപ്പുകള്‍ ഇലയൊതുക്കി,
ആകാശം തിരിതാഴ്ത്തി

പിടഞ്ഞുനില്‍ക്കും ഇലഞ്ഞെട്ടില്‍,
തുടുത്ത പൊടിപ്പുകളില്‍,
വെള്ളിനൂലിഴചേര്‍ത്ത
കാര്‍മേഘപ്പട്ടഴിഞ്ഞുതിര്‍ന്ന്‌..
വിരിച്ചിട്ട മണ്‍തരികളില്‍
ചിത്രലിപികളെഴുതി

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,
തൊലിവിണ്ട ഭൂരേഖകള്‍ മാഞ്ഞു
തീപ്പെട്ട നാളുകള്‍ സാഗരസ്നാനം ചെയ്തു..

**********************************

Tuesday, May 4, 2010

മായികം

കൊന്നയില്‍ പെയ്ത അന്തിവെയിലടര്‍ത്തി
കറുത്ത തുണിയില്‍പ്പൊതിഞ്ഞ്‌
കിഴക്കുനിന്നും സൂര്യനെയെടുത്തു
ഇന്ദ്രജാലക്കാരന്‍

നെഞ്ചിലമ്മിക്കല്ലേറ്റി ഉള്ളുപൊള്ളിയ ചാക്കില്‍ നിന്ന്‌
ആദ്യമഴത്തുള്ളിയില്‍
കൊക്കടര്‍ന്ന മണ്‍തരിയിലേയ്ക്ക്‌ മുളപൊട്ടുന്ന നെന്മണിയും,
വിത്തും കൈക്കോട്ടും പാടുന്ന പക്ഷിയും,
കറുത്ത തുണിയില്‍ മായുന്നതും
കാട്ടിത്തന്നു

പിന്നെ,
വിഷുഫലത്തില്‍ പറയാത്ത,
ചെകിടു തെറിയ്ക്കുന്ന പൊട്ടലോടെ
കത്തുന്ന മിന്നലോടെ,
ജീവന്‍ തുള്ളുന്ന നെഞ്ചിനെ
പാടുന്ന ചുണ്ടിനെ
ഇല്ലാതാക്കുന്നതും.