Monday, December 31, 2007

പുനര്‍ജ്ജനി

"കന്യാകുമാരിയില്‍, ഒരു കുന്നിന്‍പുറത്തുകൂടെ നടന്നു പോയ ഒരാളുടെ കാലില്‍, എന്തോ കുത്തിയത്രെ. വെറുമൊരു മുള്ളല്ലെന്നു തോന്നി, മണ്ണുമാറ്റി നോക്കിയപ്പോള്‍, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ താഴികക്കുടം കണ്ടെത്താനായി. പിന്നീട്‌ ക്ഷേത്രം പൂര്‍ണ്ണമായി പുറത്തെടുത്തു."

ഭാഷാ പണ്ഡിതനായ ശ്രീ. ഡോ. ഏഴുമറ്റൂര്‍ രാജ രാജ വര്‍മ്മ ഒരു പ്രസംഗത്തിനിടയില്‍ പങ്കുവച്ച ഈ അനുഭവങ്ങള്‍, പകര്‍ത്താനുള്ള എന്റെ ശ്രമം...

അദ്ദേഹത്തിനായി ആദരവോടെ സമര്‍പ്പിയ്ക്കുന്നു.

****************************************


കുന്നു കയറി വന്ന കാലുകളില്‍
മുള്ളുപോല്‍ കോറിയത്‌;
കാലം ചെയ്ത, വട്ടക്കണ്ണടയുടെ കാലോ...
കൈമോശം വന്ന, എഴുത്താണിക്കോലോ...

അധിനിവേശ മുദ്ര കൊണ്ട്‌
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!

തലമുറകളുടെ നന്മ,
തൊട്ടുവിളിച്ച്‌,
പുത്തന്‍ പച്ചപ്പിലെ ചതി
ഓര്‍മിപ്പിച്ചതാവുമോ !

അവജ്ഞ തഴച്ചു നില്‍ക്കും,
മറവിയുടെ മണ്ണില്‍ തിരഞ്ഞു.

വിരലുകള്‍ കണ്ടെടുത്ത
സ്പന്ദിയ്ക്കും താഴികക്കുടം,
തേജസ്സിന്‍ അക്ഷയപാത്രമാണെന്ന്‌
മനസ്സില്‍ കൊണ്ട മുള്ള്‌ വെളിവാക്കിത്തന്നു.

ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം.

പാച്ചോറ്റി പൂത്ത മല കടന്ന്‌,
പാരിജാത ഗന്ധം ശ്വസിച്ച്‌,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്‌..
ഒരു തീര്‍ത്ഥയാത്ര പോകണം.

ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം..

തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്‌,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്‌
ഒരു കവിള്‍ കഞ്ഞി കുടിയ്ക്കണം..

എപ്പോളാണ്‌...
ഉറങ്ങാന്‍ വിളിയ്ക്കുക എന്നറിയില്ലല്ലൊ...!

**********************************
തീരാത്ത കടപ്പാട്‌ :
ശ്രീ. വര്‍‌മ്മാജിയുടെ വാക്കുകളിലെ തിളക്കം എനിയ്ക്കു പകര്‍ന്നു തന്ന, പ്രിയപ്പെട്ട സഹോദരനോട്‌ ...

എല്ലാവര്‍ക്കും സന്തോഷവും സമാധനവും നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.

Sunday, December 23, 2007

ജ്ഞാനദീപം

ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന്‍ കുളിരോളം...
വെള്ളിയുടുപ്പുകളണിയും സൂചി-
മരങ്ങളിലഴകിന്‍ തിരനോട്ടം......

അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...

ഉയിരില്‍ പുരളു,മൊരിരുളിനെയാറ്റും
ജ്ഞാനപ്പൊരുളിന്നവതാരം...
അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .

***********************

എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ്‌ ആശംസിയ്ക്കുന്നു...

Wednesday, December 12, 2007

അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെയാണ്‌...
ഏതെങ്കിലും അര്‍ത്ഥങ്ങളില്‍
കൂടുവയ്ക്കാന്‍
ഒതുക്കുകള്‍ കയറിയിറങ്ങും...

ചിലനേരങ്ങളില്‍
ചിന്തകളില്‍
പഞ്ചസാരത്തരി ഇട്ടുവയ്ക്കും...

താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്‌
മല കയറി വരും...

അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...

കട്ടുറുമ്പുകള്‍
കടിച്ചു വേദനിപ്പിയ്ക്കും...
വിഷം കുത്തിവച്ച്‌
ആനന്ദിയ്ക്കും...
ഓര്‍മകളെ വലിച്ചിഴച്ച്‌
കണ്മുന്നിലിട്ട്‌
തോടു മാത്രമാക്കും...

ചുറ്റുമിരുന്ന്‌
തേന്‍തുള്ളി നുകര്‍ന്ന്‌,
കൊച്ചുവര്‍ത്തമാനം പറയുന്ന
കരിയുറുമ്പുകളെ
കണ്ടിട്ട്‌ ഏറെ നാളായി..

സ്നേഹം പകര്‍ന്നെഴുതാന്‍
അക്ഷരങ്ങള്‍ പിറക്കാതായോ ?

Thursday, November 29, 2007

അസ്തമയം

മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...

തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ്‌ സന്ധ്യ മാഞ്ഞൂ..

ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി

അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..

മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,

ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...

ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..

മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..

മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..

പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...

Monday, November 12, 2007

നീര്‍ത്തടം

പായല്‍ത്തുണ്ടില്‍
തെന്നിപ്പായും പ്രാണികള്‍

കിളിമാസു കളിയ്ക്കും മീനുകള്‍
ജലസമാധി ശീലിയ്ക്കും തവളകള്‍

സൂര്യാംശുവേല്‍ക്കെ
വ്രീളാവതിയാകും ചെന്താമര.

കുളിരാര്‍ന്ന കേളീരംഗം.

കലങ്ങിയ കരിമഷിയും
കുത്തിയൊഴുകും മദജലവും
വന്നെത്തും ഇടത്താവളം...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...

Thursday, October 25, 2007

നിമിഷാര്‍ദ്ധം

മണ്ണിന്റെ ഗര്‍ഭത്തില്‍ നിന്നും
ഇഴയുന്ന സഹജരെ വിട്ട്‌
പുതു സന്നാഹങ്ങളോടെ
പൊങ്ങിപ്പറന്നവന്‍.


ഗര്‍വ്വം മിനുക്കിയ ചിറകുകള്‍
തിളങ്ങുന്ന തൃക്കണ്ണില്‍
‍എരിഞ്ഞടങ്ങിയാല്‍...

ഇഴയുന്ന കാലുകളില്‍ തൂങ്ങി,
മണ്‍ഗുഹയിലേയ്ക്ക്‌ വീണ്ടും..

Sunday, October 21, 2007

മഞ്ഞുതുള്ളി

ഇരുളിന്‍ കരിമ്പടം മാറ്റി വന്നെത്തുന്ന
സൂര്യനുണ്ടിന്നെന്റെയുള്ളില്‍
ഒരു കുഞ്ഞുപൂവിതള്‍ മെല്ലെ വിടര്‍ത്തുന്ന
സുസ്മിതമുണ്ടെന്റെയുള്ളില്‍...

സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...

തൂനിലാത്തുള്ളിയെ,പ്പൂക്കളായ്‌ മാറ്റി പൊന്‍-
പുലരിയ്ക്കു പൂക്കൂട തീര്‍ക്കുന്ന മുല്ലതന്‍,
സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍...

കറുകതന്‍ നെറുകയില്‍, ചെമ്പനീ-
രധരത്തി,ലാലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍,
മാരിവില്‍ വര്‍ണ്ണങ്ങളേഴും വിടത്തി-
ത്തിളങ്ങുന്ന വൈരമായ്‌ നില്‍പ്പൂ..

ഈ വരും നിമിഷത്തി,നൂഷ്മളാശ്ലേഷത്തി-
ലൊരു ബാഷ്പകണികയായ്‌ മാറും-
ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...

മാത്രകള്‍ മാത്രമീ ദീപ്ത പ്രപഞ്ച-
പ്രതിബിംബമേറ്റിയെന്നാലും,
ജന്മസായൂജ്യമായ്‌, സ്വേദ പരാഗമാ-
യലിയട്ടെ ഞാന്‍ മഞ്ഞുതുള്ളീ...

Wednesday, October 17, 2007

ഇതും ഒരു 'ചുറ്റുവേഷന്‍'

ചായപ്പീടികയില്‍ നിന്നും ഇറങ്ങി, തോര്‍ത്തുമുണ്ട്‌ ഒന്നുകൂടി കുടഞ്ഞ്‌ തോളിലിട്ട്‌, ചെവിക്കുറ്റിയില്‍ നിന്നും മുറിബീഡിയെടുത്ത്‌ തീക്കൊടുത്ത്‌ ആഞ്ഞുവലിച്ച്‌, ഓരോരോ മനോരാജ്യം കണ്ട്‌ വീട്ടിലേയ്ക്കു നടക്കുമ്പോള്‍...

രാമുണ്ണ്യേട്ടനെ ആരോ വിളിയ്ക്കുന്ന പോലെ..

കേള്‍വി ചെറിയൊരു സൗന്ദര്യപിണക്കത്തിലായതുകൊണ്ട്‌ എപ്പോഴും ഇതുപോലുള്ള സംശയമാണ്‌.

തിരിഞ്ഞു നോക്കിയപ്പോള്‍, നേരാണ്‌.

ഒരുവന്‍ തന്റെ നേരെ നില്‍ക്കാന്‍ ആംഗ്യം കാട്ടി, വേഗം നടന്നു വരുന്നു.

കക്ഷത്തിലിരിയ്ക്കുന്ന വയറുന്തിയ കറുത്ത ഡയറിയില്‍ നിന്നും എത്തിനോക്കി, പുറം കാഴ്ച്ച ആസ്വദിയ്ക്കുന്ന കടലാസുകള്‍. കയ്യിലൊരു കുടയുള്ളത്‌ നടത്തത്തിനനുസരിച്ച്‌ ചൂട്ടുപോലെ വീശുന്നുണ്ട്‌.

അടുത്തു വന്നവന്‍, വെളുക്കെ ചിരിച്ച്‌ , "ഞാന്‍ ദല്ലാള്‍ ദാമോരന്‍" എന്ന്‌ പരിചയപ്പെടുത്തി.

"ആയിക്കോട്ടെ.. മ്മടെ വീട്ടില്‍ കെട്ടിയ്ക്കാറായ കുട്ട്യോളൊന്നും ഇല്ലല്ലൊ" എന്ന്‌ രാമുണ്ണ്യേട്ടന്‍.

പിന്ന്യല്ലേ ദല്ലാള്‍ കാര്യം വിസ്തരിച്ച്‌ പറഞ്ഞത്‌.
അടുത്തൊരിടത്ത്‌ ഒരു ബന്ധുക്കാര്യത്തിനായി വന്നതാണ്‌. അപ്പോ രണ്ടുമൂന്നു കേസുകള്‍ക്കും കൂടിയുള്ള 'ഇര'യെ തപ്പീട്ടു പോകാം..ന്ന്‌ കരുതി കറങ്ങുകയാണ്‌ കക്ഷി. വാര്‍ത്താമിനിമയകേന്ദ്രമായ ചായപ്പീടികയില്‍ നിന്നും ഡയറക്റ്റ്‌ ചെയ്തതനുസരിച്ചാണ്‌ അദ്ദേഹം രാമുണ്ണ്യേട്ടന്റെ പിന്നാലെ ഓടീതത്രെ.

"ഇവിടെ അടുത്തെങ്ങാനും പ്രീഡിഗ്രിക്കു പോണ കുട്യോളുണ്ടോ?"

നടത്തത്തിനിടയില്‍, ചെവിയ്ക്കു പിന്നില്‍ കൈചേര്‍ത്ത്‌ ചോദ്യം തന്റേതായ "ചുറ്റുവേഷന്‍" അനുസരിച്ച്‌ മനസ്സിലാക്കി തലയാട്ടി, രാമുണ്ണ്യേട്ടന്‍.

"അതിപ്പൊ...ഇവിടത്തെ ഒരു ചുറ്റുവേഷന്‍ വെച്ച്‌ നോക്കുമ്പോ...എളുപ്പല്ലല്ലൊ. ഇപ്പള്‍ത്തെ കുട്യോളൊക്കെ വെല്യ പടിപ്പിനല്ലേ പോണ്‌. ഈ ഭാഗത്തിപ്പൊ..മ്മടെ കൊച്ചമ്മിണീടെ മോളുണ്ട്‌. താന്‍ വാ, ഞാന്‍ വീടു കാട്ടിത്തരാം."

അതാണ്‌ 'ചുറ്റുവേഷന്‍ രാമുണ്ണ്യേട്ടന്‍'. പരോപകാരി. എന്തു പറയുമ്പോഴും നിഘണ്ടുവിനു പോലും അറിയാത്ത വാക്കുകള്‍ സമയോചിതമായി പ്രയോഗിയ്ക്കുന്ന പാവം നാട്ടിന്‍പുറത്തുകാരന്‍.

മഴപെയ്ത്‌ ചെളിനിറഞ്ഞ വെട്ടുവഴിയില്‍ നിന്നും, പാടത്തിന്റെ വല്യവരമ്പിലേയ്ക്കെത്തി.

"കുറേ ദൂരണ്ടോ?"

ദാമോരന്‌ ക്ഷമയുടെ ലെവല്‍ താഴാന്‍ തുടങ്ങി.

അവിടന്ന്‌ ചെറിയൊരു തോടും കടന്ന്‌ വീണ്ടും നടത്തം നീണ്ടപ്പോള്‍, ദല്ലാളുടെ ക്ഷമ കെട്ടു.
പരന്നു കിടക്കുന്ന പാടം നോക്കി ഒന്നൂടെ ചോദ്യമാവര്‍ത്തിച്ചു ദാമോരന്‍.

"ഇനീം പോണോ?"

"ഹേയ്‌, ദാ എത്തി".

നൂറു മീറ്റര്‍ അപ്പുറത്തു കാണുന്ന ചെറിയ വീടിനെ ചൂണ്ടിക്കാട്ടി, രാമുണ്ണ്യേട്ടന്‍.

നടത്തത്തിലുടനീളം, താന്‍ നടത്തിക്കൊടുത്തിട്ടുള്ള ബന്ധുതകളുടെ വിജയഗാഥ ദല്ലാള്‍, രാമുണ്ണ്യേട്ടനെ പാടിക്കേള്‍പ്പിയ്ക്കുകയും, പാതി കേട്ടിട്ടും കേള്‍ക്കാതെയും, തന്റെ മാസ്റ്റര്‍പീസ്‌ ഡയലോഗ്‌ ആയ " അതാണിവിടത്തെ ഒരു ചുറ്റുവേഷന്‍" എന്ന എക്സ്റ്റന്‍ഷനോടു കൂടി, രാമുണ്ണ്യേട്ടന്‍ അംഗീകരിയ്ക്കുകയും ചെയ്തു പോന്നു.

വീടെത്തി. രാമുണ്ണ്യേട്ടന്‍, കൊച്ചമ്മിണീനെ നീട്ടി വിളിച്ചു.

കയ്യും മുഖവും മുണ്ടിന്റെ കോന്തലകൊണ്ട്‌ അമര്‍ത്തിത്തുടച്ച്‌ ധൃതിയില്‍ ഉമ്മറത്തേയ്ക്ക്‌ വന്ന ഗൃഹനാഥയ്ക്ക്‌ ദല്ലാളെ പരിചയപ്പെടുത്തി.

ബയോഡാറ്റ എന്‍ക്വയറിയുടെ ആദ്യപടി ദല്ലാള്‍ തുടങ്ങി വച്ചു.

"ഇവിടത്തെ കുട്ടി പ്രീഡിഗ്രിക്കു പഠിയ്ക്ക്യാ..ല്ലെ? "

കൊച്ചമ്മിണിക്ക്‌ അമ്പരപ്പ്‌.

"അയ്യൊ.. അവള്‍.."

"അല്ല; പരീക്ഷ എഴുതി ജയിച്ചാലും തോറ്റാലും മ്മക്ക്‌ വിരോധല്യ. കുട്ടി പ്രീഡിഗ്രിക്കാരിയാവണം. അത്രേള്ളു."

ദാമോരന്റെ വിശദീകരണം കേട്ട്‌ കൂടുതല്‍ അങ്കലാപ്പായി കൊച്ചമ്മിണിയ്ക്ക്‌.

"അയ്യൊ അവള്‌ പ്രീഡിഗ്രിക്കു പോവല്ല, ബീഡിതെരുവിനു പോവ്വാ".

അവര്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

"ഒമ്പതില്‌ തൊറ്റപ്പൊ മൊതല്‌, ബീഡി തെറുക്കാന്‍ പോയിത്തുടങ്ങീതാ.. ചെറിയൊരു വരുമാനോം ആവൂലോ.."

എവിടന്നോ സംഘടിപ്പിച്ച ഒരു കോഴിത്തൂവലിന്റെ അറ്റം ചെവിയിലിട്ട്‌ തിരിപ്പിച്ച്‌, വിശാലമായ പാടത്തിന്റെ 'ചുറ്റുവേഷന്‍' ആസ്വദിച്ചു നില്‍ക്കുന്ന രാമുണ്ണ്യേട്ടനെ, ദഹിപ്പിക്കുന്ന പരുവത്തിലൊന്ന്‌ തിരിഞ്ഞു നോക്കി ദാമോരന്‍.

"..ന്നാല്‍ ഞാന്‍ വരട്ടെ പെങ്ങളേ"

മറുപടിക്കു കാത്തുനില്‍ക്കാതെ മുണ്ടും മടക്കിക്കുത്തി, ദാമോരന്‍ തിരിഞ്ഞു നടന്നു.
രാമുണ്ണ്യേട്ടന്റെ വിളിയൊന്നും വകവയ്ക്കാതെ...

ആ നടത്തത്തിന്റെ കാരണം കൊച്ചമ്മിണിയോട്‌ ചോദിച്ചറിഞ്ഞപ്പോഴും രാമുണ്ണ്യേട്ടന്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളു.

"..ന്നാല്‍ അവനത്‌ ആദ്യേ പറഞ്ഞൂടായിരുന്നൊ. ബീഡിതെരുവിന്‌ പോണ കുട്ട്യല്ല വേണ്ടത്‌ന്ന്‌. വെറുതെ ഇന്റെ നേരോം മെനക്കെടുത്തി. ഉപകാരം ചെയ്യാമ്പോയാലും, ഇതെന്യാ ഈ കാലത്തെ ഒരു ചുറ്റുവേഷന്‍."

*******************************

Sunday, October 14, 2007

തലക്കുറി

പ്രിയപ്പെട്ടവരെ,
സഹയാത്രികന്റെ സ്നേഹസമ്മാനം നന്ദിപൂര്‍‌വ്വം സ്വീകരിച്ചുകൊണ്ട്‌, ഞാന്‍ ഈ ബ്ലോഗിന്റെ തലക്കുറി 'ചന്ദ്രകാന്തം' എന്ന്‌ മാറ്റിയെഴുതുന്നു.

Wednesday, October 10, 2007

അക്ഷരത്താക്കോല്‍

നിറങ്ങളൊഴുകും
തിരശീലയ്ക്കപ്പുറം
കുടമാറ്റം നടത്തും
വാഴ്‌വിനെ തൊട്ടെടുക്കുന്നോന്‍..

അലാവുദ്ദീന്റെ
ഭൂതത്താനെപ്പോലെ...

ഇലത്തുമ്പില്‍ നിന്നും
ഇറ്റുന്ന തുള്ളി പോല്‍
മൃദുസ്പര്‍ശിയാകണം
നിന്റെ മേനിയിലെന്റെ വിരലുകള്‍...

അറിയാമതെങ്കിലും,
ഞാനെന്നോടിടയും
നേരങ്ങളില്‍ നീ
കൈകള്‍ക്കിലത്താളമാകുന്നു,
"ഇലഞ്ഞിത്തറ"യായ്‌ ഒരുങ്ങുന്നൂ

നിനക്കു വേദനിയ്ക്കുന്നുവോ...

Sunday, October 7, 2007

സൈക്കിളഭ്യാസം

കൊല്ലപ്പരീക്ഷയുടെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടിയതിന്റെ സന്തോഷം എങ്ങനെ ആഘോഷിക്കണമെന്ന്‌ ആലോചിച്ചിട്ട്‌ രാജുവിന്‌ ഒരു പിടിയും കിട്ടുന്നില്ല.

ഏപ്രില്‍ ഫൂള്‍ മുതലുള്ള ദിവസങ്ങള്‍ ഏതൊക്കെ രീതിയില്‍, എന്തൊക്കെ കലാപരിപാടികളാല്‍ തിളക്കം കൂട്ടണമെന്ന്‌ ആത്മാര്‍ത്ഥമിത്രം കണ്ണനുമായി അല്‍പം "കൂലംകഷായം" ആയിത്തന്നെ ആലോചിച്ച്‌ തലപുകച്ചു. ആ പുകച്ചിലിന്റെ അവസാനം ഒരു സത്യം അവര്‍ തിരിച്ചറിഞ്ഞു;

"പണമേ, നീയില്ലാതെ നമുക്കെന്താഘോഷം"...

ശരിയായ പകിട്ടു നിറഞ്ഞ ആഘോഷം നടപ്പിലാക്കണമെങ്കില്‍, വിഷു വരണം. എന്നാലേ കൈനീട്ടം വകയില്‍ കാര്യമായി വല്ലതും തടയൂ.

വിഷുവിന്‌ മാമന്‍ നാട്ടില്‍ വരുന്നുണ്ടെന്ന ന്യൂസ്‌ പബ്ലിഷ്‌ ആയതോടെ സന്തോഷം തലയ്ക്കടിച്ചു.

എന്തൊക്കെ പ്രതിബന്ധമുണ്ടായാലും, ഇക്കുറി സൈക്കിള്‍ പഠിച്ചിട്ടുതന്നെ കാര്യം..കണ്ണന്റെ തലയില്‍ നിന്നും പുറത്ത്‌ ചാടിയ ഒരു ചിരകാലാഭിലാഷം.

ഓരോ വെക്കേഷനും അവന്റെ അമ്മയുടെ "കുരുത്തം കെട്ടോന്‍ അതീന്നും കൂടി വീണ്‌ കയ്യും കാലും ഒടിയാത്ത കുറവേ ഉള്ളൂ" എന്ന ഡയലോഗിന്റെ മലവെള്ളത്തില്‍ ആ ആഗ്രഹം ഒലിച്ചുപോകാറാണ്‌ പതിവ്‌.

രാജൂന്‌ ഒരുവിധം നന്നായി സൈക്കിള്‍ ചവിട്ടാനറിയാം. അപ്പോള്‍ ചങ്ങാതീടെ ആ എളിയ മോഹം ഏതു വിധേനയും സാധിപ്പിയ്ക്കേണ്ടത്‌ അവന്റെ ധാര്‍മികമായ ചുമതലയായി അവന്‍ ഏറ്റെടുത്തു.

അടുത്തത്‌, ഒരു അടിപൊളി സിനിമയ്ക്കു പോണം. വീട്ടില്‍ നിന്ന്‌ അത്‌ പാസ്സാക്കിയെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും, കയ്യും മെയ്യും മറന്ന്‌ പോരാടാന്‍ തീരുമാനമായി. വിഷൂന്റന്ന്‌ ഒരു സാദാ പടത്തിനുള്ള പെര്‍മിഷന്‍ ഒപ്പിക്കാം.

പക്ഷേ........ കണ്ണന്‌ അതും പോരാ.. ഒരു പടം കൂടി ലിസ്റ്റ്‌ ചെയ്യണമെന്നു വാശി. (അതും ഉച്ചപ്പടം). അവസാനം അതിനുള്ള അവസരം ഒപ്പിയ്ക്കുന്ന കീറാമുട്ടി അവന്‍ തന്നെ ഏറ്റെടുത്തു.

സന്തോഷം.... ഇവനാണ്‌ യഥാര്‍ത്ഥ ചങ്ങാതി. ഒന്നുരണ്ട്‌ വയസ്സുകൊണ്ട്‌ തന്നേക്കാള്‍ ചെറുതാണെങ്കിലും, ചിന്തയിലും പ്രവര്‍ത്തിയിലും അഞ്ചാറ്‌ കൊല്ലം മുന്നില്‍ നടക്കുന്ന അവനെ എങ്ങനെ ബഹുമാനിയ്ക്കാതിരിയ്ക്കും?

വെക്കേഷന്‍ പ്രോഗ്രാംസിലെ അടുത്ത ഇനങ്ങള്‍ക്ക്‌ രംഗപടം ഒരുക്കാന്‍ അത്ര കഷ്ടപ്പാടില്ല. ഒരു പാക്കറ്റ്‌ വില്‍സ്‌, കൂട്ടത്തില്‍ ചിക്കന്‍ ബിരിയാണി. ഇതൊക്കെ സിനിമാ വഹയില്‍ പുറത്തിറങ്ങുമ്പോള്‍ നടത്തിയെടുക്കാം. പിന്നേം കാശുണ്ടെങ്കില്‍ ഓരോ ബീറ്‌. (വെറും ആറാം ക്ലാസ്സിലെത്തി നില്‍ക്കുന്നോര്‍ക്ക്‌ അതിത്തിരി അഹങ്കാരമല്ലേന്ന്‌ രാജൂന്‌ പോലും തോന്നിപ്പോയി.)

എല്ലാറ്റിനും മുന്നോടിയായി സൈക്കിള്‍ പഠിത്തം തുടങ്ങാന്‍ തീരുമാനമായി. വീട്ടിലുള്ള സൈക്കിള്‍, പഠനസാമഗ്രിയായി അനുവദിച്ചുകിട്ടില്ല എന്നതിനാല്‍, വര്‍ഗീസേട്ടന്റവിടുന്ന്‌ വാടകവണ്ടി എടുത്തു. വിഷൂന്‌ മുന്‍പ്‌ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്‌ നേടാന്‍ കഴിഞ്ഞാല്‍, സിനിമാട്രിപ്പ്‌ ഒരു "സൈക്കിള്‍ യാത്രാനുഭൂതി"യാക്കി മാറ്റാം എന്നൊരു ഗൂഡാലോചനയുടെ ഉന്തും തള്ളും രണ്ടാളുടേയും മനസ്സിലുണ്ടായിരുന്നു.

വീടിന്‌ മുന്നില്‍ വെട്ടുവഴിയാണ്‌. അതിലുണ്ടായിരുന്ന മണ്ണെല്ലാം മാസങ്ങള്‍ക്കുമുന്‍പ്‌ കുറെ നല്ല മനുഷ്യരുടെ ശ്രമഫലമായി നിരത്തിയിട്ട ചരലിന്‌ വഴിമാറിക്കൊടുത്തിരിയ്ക്കുന്നു. വഴിയുടെ അരികിലൂടെ ഒരാള്‍ക്ക്‌ നടക്കാവുന്ന വീതിയില്‍ കല്ലില്ലാതെ കിടക്കുന്ന ഒറ്റയടിപ്പാതയാണ്‌ സാധാരണ സൈക്കിള്‍ യജ്ഞക്കാര്‍ "ഹൈവേ" ആയി ഉപയോഗിയ്ക്കുന്നത്‌. തങ്ങളും അവരുടെ പിന്‍ഗാമികളായി.

ആദ്യദിവസം കണ്ണനെ കയറ്റിയിരുത്തി, ഒരു കൈ ഹാന്‍ഡിലിലും, മറുകൈ സീറ്റിനു പിന്നിലും പിടിച്ച്‌ "സൈക്കിളില്‍ പിച്ച"വയ്ക്കുന്നതിന്റെ ഒന്നാം പാഠം രാജു തുടങ്ങിവച്ചു.

കണ്ണന്റെ അമ്മയ്ക്ക്‌ വായതുറക്കാന്‍ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട്‌, "കുട്യോള്‍ വെലുതാവ്വല്ലേ, ഇതൊക്കെ പഠിച്ചിരിക്യേണ്ടേ.." എന്ന തന്റെ അമ്മയുടെ വാല്‍സല്യധാരയുടെ തേന്‍തുള്ളികള്‍ രണ്ടാളും നുണഞ്ഞിറക്കി.

ഹാന്‍ഡില്‍ സ്റ്റ്രെയിറ്റ്‌ ആയി പിടിയ്ക്കൂ, നേരെ നോക്കൂ.. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ രാജു നിര്‍ലോഭം കൊടുത്തുകൊണ്ടിരുന്നു. അതെല്ലാം ശിരസാവഹിയ്ക്കുമ്പോള്‍.... കാലീന്ന്‌ പെഡല്‍ പോകും; കണ്ണന്‍ പിന്നേം താഴേയ്ക്ക്‌ നോക്കും, .. അങ്ങനെയങ്ങനെ....

ചവിട്ടി ക്ഷീണിയ്ക്കുമ്പോള്‍ ഒരു ഇടവേളയ്ക്കു വേണ്ടി, വഴിയരുകിലെ കലുങ്കില്‍ എങ്ങിനെ കാലുകുത്താം എന്നത്‌ വളരെ വിദഗ്‌ദ്ധമായി രാജു പഠിപ്പിച്ചു കൊടുത്തു.

പെഡലില്‍ ഒറ്റക്കാലൂന്നി മറുകാല്‍ പിന്നിലൂടെ വീശി സീറ്റില്‍ കയറിക്കൂടുന്ന വിദ്യ സ്വന്തമായി അത്ര വശമില്ലാത്തതിനാല്‍, ആ പാഠം അവസാനം പഠിക്കാന്‍ മാറ്റിവച്ചു.

പിന്നീടായിരുന്നു ഏറ്റവും മര്‍മ്മപ്രധാനമായ "ബ്രേക്കിടല്‍" കര്‍മ്മ പരിശീലനം. ഏതെല്ലാം രീതിയില്‍, ആവശ്യം വരുന്ന സന്ദര്‍ഭങ്ങളേവ, ശ്രദ്ധിച്ചില്ലെങ്കില്‍ വരുന്ന അപകടങ്ങള്‍....... രാജൂന്റെ പ്രഭാഷണം ആനപ്പുറത്തിരിയ്ക്കുന്ന ഗമയോടെ സൈക്കിള്‍പ്പുറത്തിരുന്ന്‌ കണ്ണന്‍ കേട്ടു.

മൂന്നുനാല്‌ ദിവസത്തെ കഠിനപ്രയത്നം ഒടുവില്‍ "വേഗം" കണ്ടു. രാജു കൈവിട്ടാലും ചവിട്ടാം എന്നായി. അങ്ങനെ ഗുരുമനസ്സ്‌ ആനന്ദാശ്രു പൊഴിയ്ക്കാന്‍ തയ്യാറെടുക്കവേ......... അശ്രുവിന്റെ സകലമാന സ്പെസിഫിക്കേഷനും തകിടം മറിച്ച്‌ സങ്കടാശ്രുവാക്കിക്കൊണ്ട്‌, ഗുരുവിന്റേയും ശിഷ്യന്റേയും കയ്യില്‍നിന്നും കാര്യങ്ങള്‍ കൈവിട്ടു പോയി.

നൂറുമീറ്ററോളം ഒറ്റയ്ക്കു ചവിട്ടി, മെല്ലെ ബ്രേയ്ക്‌ പിടിച്ച്‌,വിജയിച്ച സന്തോഷത്തില്‍ ഗുരുവിനെ ചെറുതായൊന്നു തിരിഞ്ഞുനോക്കി, കലുങ്കില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമിച്ചതും..., ഇളകി നിന്നിരുന്ന സിമന്റ്‌ കഷ്ണം കണ്ണനേയും കൊണ്ട്‌ നേരെ താഴെ രണ്ടാള്‍ക്ക്‌ താഴ്ചയുള്ള തോട്ടിലേയ്ക്ക്‌....... "യ്യോ" എന്നൊരു നിലവിളി മാത്രം ബാക്കി....

ഇടിവെട്ടു കൊണ്ടവനെ പാമ്പും, തേളും, പഴുതാരയും ഒന്നിച്ചു പെരുമാറിയ പോലുള്ള ഗുരുവിന്റെ നില്‍പ്പുകണ്ട്‌, ശിഷ്യന്റെ സൈക്കിള്‍ പോലും റോഡില്‍ തല ചുറ്റി വീണു.

അതിദാരുണമായ സംഗതി ഇതൊന്നുമല്ല.......

കഷ്ടി ഒരാള്‍ പൊക്കത്തില്‍ തോട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന, നല്ല കായികബലമുള്ള മുള്ളുകൊണ്ടലങ്കരിച്ച പൂക്കൈതയുടെ കൊരലിലേയ്കാണ്‌(തലപ്പ്‌) കണ്ണന്‍ ക്രാഷ്‌ലാന്റ്‌ ചെയ്തത്‌. കൂര്‍ത്ത മുള്ളുകള്‍ തലോടുന്ന സുഖംകൊണ്ട്‌, അവന്റെ "കുരല്‍" കാര്യമായി പുറത്തു വരുന്നില്ല. ദയനീയമായ നോട്ടം... ഈ "ത്രിശങ്കുനരകത്തീന്ന്‌" എന്നെ കരകേറ്റടാ... എന്ന്‌ ശരശയ്യയില്‍ കിടന്നുള്ള ഞരക്കനിവേദനം മാത്രമേ സാധ്യമാകുന്നുള്ളൂ..

കലുങ്കില്‍ നിന്ന്‌ കയ്യെത്തിച്ചാല്‍ കിട്ടുന്നതിലും താഴെയാണ്‌ അവന്റെ കിടപ്പ്‌. അനങ്ങിപ്പോയാല്‍, ഇപ്പോള്‍ കുത്തിക്കയറി പണിയെടുക്കുന്നവ കൂടാതെ, അടുത്തുള്ള മുള്ളുകള്‍ വരെ ഒന്ന്‌ കുത്തി നോക്കും.

കൈതക്കാല്‍ വെട്ടി, അതേ കിടപ്പില്‍ കണ്ണനെ താഴേയ്ക്ക്‌ മറിയ്ക്കുക എന്ന ഐഡിയബള്‍ബ്‌ രാജൂന്റെ തലച്ചോറില്‍ മിന്നി. വെട്ടുകത്തിയ്ക്കായി വീട്ടിലേയ്ക്ക്‌ കുതിയ്ക്കുമ്പോള്‍.. ബുള്‍ബ്‌ ഒന്നുകൂടി മിന്നി.... കണ്ണന്റെ അമ്മയെങ്ങാന്‍ കണ്ടാല്‍........

ഒടുക്കം, വടക്കുപുറത്തൂടെ പതുങ്ങി അമ്മിക്കല്ലിന്റടുത്തിരിയ്ക്കുന്ന വെട്ടുകത്തിയും സംഘടിപ്പിച്ച്‌ വരുന്നതുവരെ... കണ്ണന്‍ ഉത്തരായണം കാത്തുകിടക്കുന്ന ഭീഷ്മപിതാമഹന്റെ റോളിലങ്ങനെ....... പാവം!!!

തോട്ടിലെ കയ്യെത്തുന്ന എല്ലാ കൈതകളുടെയും കാലുപിടിച്ച്‌, കാല്‍ വഴുതുമ്പോളെല്ലാം ഭൂമിയില്‍ തൊട്ടു വന്ദിച്ച്‌, ഒരു വിധം രാജു ലക്ഷ്യം കണ്ടു. കണ്ണന്‍ 'കുടിയിരിയ്ക്കുന്ന' കൈതയ്ക്ക്‌ തരക്കേടില്ലാത്ത വണ്ണമുണ്ട്‌. രണ്ടുമൂന്നു വെട്ടുകള്‍ക്കെങ്കിലും മുറിഞ്ഞില്ലെങ്കില്‍ .... തന്റെ ചങ്ങാതീടെ കാര്യം കട്ടപ്പൊക.

ഓര്‍മ്മയില്‍ വന്ന എല്ലാ ദൈവങ്ങളേയും വരിക്കുനിര്‍ത്തി പ്രാര്‍ത്ഥിച്ച്‌, കണ്ണന്‌ "അലര്‍ട്ട്‌" സിഗ്നല്‍ കൊടുത്ത്‌ ആഞ്ഞുവെട്ടി.

രാജുവിന്റെ കൈകളുടെ വിറയല്‍ കൈതയിലേയ്ക്കും, അതിന്റെ ശബ്ദരൂപം കണ്ണന്റെ തൊണ്ടയിലേയ്ക്കും പടര്‍ന്ന്‌... "ന്റമ്മേ".... എന്നു പുറത്തു വന്നു.

ഒടുക്കം, അദ്ധ്വാനഫലം, ഈശ്വരന്‍ കണ്ണന്റെ രൂപത്തില്‍, താഴേയ്ക്കെത്തിച്ചു തന്നു. അവനെയും മുറുകെപ്പിടിച്ച്‌, ഇഴഞ്ഞും, വലിഞ്ഞും രാജു ഒരുവിധം മുകളിലെത്തി. ഭാഗ്യത്തിന്‌ ആ പരിസരത്ത്‌ പ്രേക്ഷകരാരും ഉണ്ടായിരുന്നില്ല.

മെല്ലെ കണ്ണന്റെ ഷര്‍ട്ടൂരി. വേലിയില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ പച്ച പറിച്ച്‌ കയ്യിലിട്ട്‌ ഞെരടി, അവന്റെ ചുകപ്പു പെയിന്റടിച്ച മേനിയിലേയ്ക്ക്‌ ഒറ്റിച്ചതും.......... നീറ്റലിന്റെ ഉച്ചസ്ഥായിയില്‍ രാജുവിന്റെ കാതടപ്പിച്ചുകൊണ്ട്‌ കണ്ണന്‍ പാഞ്ഞു..... വീടിന്റെ കിഴക്കുവശത്തുള്ള കുളത്തില്‍ ചാടി.

ചങ്ങാതിയ്ക്ക്‌ പിന്തുണ നല്‍കാന്‍, ഒപ്പം ചെന്ന്‌, ചോരകൊണ്ട്‌ സ്പ്രെപെയിന്റിങ്ങ്‌ നടത്തിയ ഷര്‍ട്ട്‌ കഴുകിയെടുക്കാന്‍ രാജുവും സഹായിച്ചു.

കുറച്ചു സമയത്തിനുശേഷം കണ്ണന്റമ്മേടെ വഹ ചെറിയൊരു വെടിക്കെട്ടും കണ്ണന്റെ വഹ കുഴല്‍പ്പറ്റും അവരുടെ സ്വന്തം ഉമ്മറത്തു വച്ച്‌ അരങ്ങേറി. അതോടെ ഇനി അടുത്തതെന്ത്‌ എന്നൊരു രൂപവുമില്ലാതെ വീട്ടുതടങ്കലില്‍ നിന്നും കൂട്ടുകാരനെ വിട്ടുകിട്ടുന്നതും കാത്ത്‌... രാജു എല്ലാ ആഘോഷങ്ങളുടെയും പടം തല്‍ക്കാലം മടക്കിവച്ചു. ......

Tuesday, October 2, 2007

ബലി

നന്മയുടെ സൂര്യന്ന്‌
കൗശലച്ചിറകിനാല്‍ മറപിടിച്ച്‌
കളവറിയാത്ത ബാല്യത്തില്‍ നിന്നും
വിരുതനാം കാകന്‍ കവര്‍ന്നതാണെന്നെ.

ചതുരതയുടെ സൂത്രവാക്യം
'നിന്മൊഴിയെത്ര മനോജ്ഞം' ചൊല്ലി,
ജംബുക,നെന്നെ,യവന്റേതാക്കി.

വീണ്ടുമനേകം കൈകളിലൂടെ
വിശപ്പിന്റെ വിളികള്‍
കേള്‍ക്കാത്തൊരകലത്തി,ലുയരത്തില്‍,
തങ്കത്താംബാളത്തില്‍
പലഹാരക്കൂമ്പാരത്തില്‍
ചേര്‍ന്നമര്‍ന്നൂ ഞാന്‍...

ആഡംബരത്തിന്‍ വിലങ്ങണിയിച്ച്‌
കത്തിയും മുള്ളും കൊണ്ട്‌
ആക്രമിച്ചാസ്വദിയ്ക്കും മുന്‍പ്‌,
അവരെന്നെ ഞാനല്ലാതാക്കും മുന്‍പ്‌

കണ്ണീരൊട്ടും മുഖത്തിന്നും,
വേറിടും പ്രാണന്നുമിടയില്‍
ശോഷിച്ച കയ്യിലൊതുങ്ങും
വയറിന്‍ പിച്ചച്ചട്ടിയില്‍,

ആര്‍ത്തി മൂര്‍ഛിയ്ക്കും
കഴുകന്‍ കണ്ണുകള്‍
‍കൊളുത്തിട്ട്‌ കാവലിരിയ്ക്കും
ഉണക്ക മാംസക്കോലങ്ങളില്‍,

.....എന്നെ അര്‍പ്പിയ്കാന്‍
ബലിക്കല്ലു തേടുന്നു ഞാന്‍.....

Thursday, September 27, 2007

ഒന്നാം പാഠം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍.. ആയിരത്തി തൊള്ളായിരത്തി.... (സോറി, ഇനി പറയില്ല .. എന്തിനാ വെറുതെ കാല്‍ക്കുലേറ്റര്‍ എടുപ്പിയ്ക്കണത്‌..)

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍... അതുമതി.
വെള്ളിയാഴ്ച അവസാന പിരീയഡ്‌ എപ്പോളും ഡ്രില്ല് ആയിരുന്നു. ശനിയും ഞായറും കയ്യെത്തും ദൂരത്തെത്തിയ ആഘോഷം അപ്പൊഴേ തുടങ്ങും.
ഉള്ള നേരം കൊണ്ട്‌ എന്തു കളിയ്ക്കണം.. ന്ന്‌ കണ്‍ഫ്യൂഷന്‍ ആയി നില്‍ക്കുമ്പോള്‍, സിസ്റ്റര്‍ ഒരു ചോദ്യം.

"ആര്‍ക്കൊക്കെയാണ്‌ മറിയച്ചേട്ടത്തിയെ സഹായിയ്ക്കാനിഷ്ടമുള്ളത്‌?"
ഇതെന്തു ചോദ്യം?
മറിയച്ചേട്ടത്തി നമ്മുടെ സ്വന്തം ആളല്ലേ... (ചോദ്യം മറിയച്ചേട്ടത്തീടെ പ്രസന്‍സില്‍ കൂടി ആകുമ്പോള്‍ മറിച്ചു ചിന്തിയ്ക്കാന്‍ നോ ചാന്‍സ്‌).

സംഭവം എന്താ..ന്നു വച്ചാല്‍..

ചേട്ടത്തി തൊട്ടപ്പുറത്ത്‌ മഠം വക തോപ്പില്‍, കശുമാങ്ങ പൊട്ടിയ്ക്കാന്‍ പോകുന്നു. അതെല്ലാം പെറുക്കി പാത്രത്തിലാക്കാന്‍ "ചേട്ടത്തിയോട്‌ ഇഷ്ടമുള്ളവര്‍ക്ക്‌" ചെല്ലാം.
വേണ്ടവര്‍ക്ക്‌ മാങ്ങ തിന്നുകയും ആവാം. (അത്‌ ബോണസ്സ്‌).

വീട്ടില്‍ കശുമാങ്ങ പോയിട്ട്‌, വറുത്തു തോടുകളഞ്ഞ അണ്ടിപ്പരിപ്പ്‌, അമ്മയെടുത്തുതന്ന്‌ തിന്നേ ശീലമുള്ളൂ.

പക്ഷേ..
ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌, ഞങ്ങളില്‍ ഭൂരിഭാഗവും, മാങ്ങ പെറുക്കല്‍ മല്‍സരത്തിന്‌ റെഡിയായി.

എല്ലാരും വളരെ നന്നായിട്ട്‌ പെര്‍ഫോം ചെയ്തു. മാങ്ങ താഴത്ത്‌ വീഴാന്‍ ആലോചിക്കുമ്പോഴേയ്ക്കും.. ചാടിപ്പിടിക്കലായി. കൂടുതലാര്‍ക്കു കിട്ടീന്ന് കണക്കെടുപ്പായി. അങ്ങിനെയങ്ങിനെ... 4 മണിയ്ക്കു എല്ലാ കളികള്‍ക്കും കൂടി കൂട്ടമണിയടിച്ചു.

പിറ്റേന്ന്‌ കാലത്ത്‌, ചായകുടിയെല്ലാം കഴിഞ്ഞ്‌, തലേന്ന്‌ പൊട്ടിപ്പോയ മണിമാല കോര്‍ത്തു ശരിയാക്കുമ്പോള്‍..

അമ്മയുടെ വക ഒരു നീട്ടിവിളി.

ആ വിളിയുടെ "പിച്ച്‌ " തീരെ ശരിയല്ലാത്ത പോലെ... എന്നാലും നല്ല "ഫീല്‍"(ഒരു പന്തികേടിന്റെ) ഉണ്ടുതാനും.

ചങ്കു പെടച്ചിട്ടാണെങ്കിലും, ഞാന്‍ വളരെ സ്നേഹത്തോടെ അടുത്തു ചെന്നു...

ഈശ്വരാ.., വരാനുള്ളത്‌ വഴീല്‍ തങ്ങ്യാല്‍ മത്യായിരുന്നൂ... എന്ന്‌ പണ്ടാരോ പറഞ്ഞത്‌ വള്ളിപുള്ളി വിടാതെ അന്നേരം എനിയ്ക്കോര്‍മ്മ വന്നു.
കാരണം, തലേന്നത്തെ എന്റെ യൂണിഫോം ഡ്രസ്സും കയ്യില്‍ പിടിച്ചുകൊണ്ടാണ്‌ അമ്മേടെ നില്‍പ്പ്‌. അതില്‍ നിറയെ "മോഡേണ്‍ ആര്‍ട്ട്"' ചെയ്ത പോലെ കശുമാങ്ങാക്കറ. ഉള്ളതു പറയാലോ.., വേണമെന്ന്‌ വിചാരിച്ചാല്‍ കൂടി ഇതുപോലെ വരയ്ക്കാന്‍ പറ്റില്ല.

അമ്മ എന്നെക്കണ്ടതും, അപ്പുറത്ത്‌ , വെറുതെ ചുമരും ചാരിയിരുന്നിരുന്ന ചൂലില്‍ നിന്ന്‌ അഞ്ചാറ്‌ ഈര്‍ക്കില്‍ വലിച്ചെടുത്ത്‌ വിറപ്പിച്ചോണ്ട്‌ ഒറ്റ അലറല്‍..

"എന്താടീ ഇത്‌... "
(മാങ്ങാക്കറ കണ്ടിട്ട്‌ എന്താണതെന്ന്‌ മനസ്സിലാവാണ്ടുന്നുമല്ല.. എന്നാലും അതല്ലല്ലോ അതിന്റെയൊരു.. രീതി. അതോണ്ടാ..)

ഞാന്‍ എവിടെനിന്നൊക്കെയോ ധൈര്യം കടം വാങ്ങി, തനി കോണ്‍വെന്റ്‌ സ്റ്റെയിലില്‍, അറ്റെന്‍ഷനായി നിന്ന്‌ കഥ മുഴുവന്‍ ഒറ്റവീര്‍പ്പില്‍ പറഞ്ഞു.

"ങാഹാ... ഇതാണോ സ്കൂളില്‍ നിങ്ങടെ പണി.. ഇക്കൊല്ലം എടുത്ത പുത്യേ യൂണിഫോം നാശാക്കീട്ട്‌.. നിന്നെ ഞാന്‍.."

അടുത്തത്‌ ആക്ഷന്‍ ആയിരുന്നു. പക്ഷേ, അതിനുമുന്‍പേ.. സ്റ്റാര്‍ട്‌ വെടി കേള്‍ക്കാന്‍ കാത്തുനിന്നിരുന്ന ഞാന്‍.. നൂറേ നൂറില്‍.. പാഞ്ഞു.

(ഇവിടെ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക്‌ സ്കോപ്പില്ല.)

ഒന്നാം പാഠം:-

തല്ല്‌ ഉറപ്പായാല്‍, കൂടുതല്‍ വേദോപദേശത്തിന്‌ നില്‍ക്കാതെ, പറ്റാവുന്ന സ്പീഡില്‍ ഓടുകയെന്നത്‌, നമ്മുടെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്ന്‌ അന്ന്‌ ഞാന്‍ മനസ്സിലാക്കി.

Sunday, September 23, 2007

യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..

അഞ്ചു വയസ്സുകാരന്‍
മുന്നിലിരിയ്ക്കുന്ന മോണിറ്ററില്‍
വര്‍ണ്ണ നൂലിഴ കൊണ്ട്‌
ചിത്രം നെയ്യുന്നു.


വിരലിന്‍ താളത്തിനൊത്ത്‌
കുഞ്ഞുരൂപങ്ങള്‍
ചാടി മറിയുന്നു.
സ്കോര്‍ ബോര്‍ഡില്‍
പൂജ്യങ്ങള്‍ പെരുകുന്നു.


പിന്നെയെപ്പൊഴോ... അവന്‍
തിരിയുന്ന ലോകത്തെ
കണ്ണടയുടെ ഇത്തിരി വട്ടത്തിലൂടെ
ഒളിഞ്ഞു നോക്കി.


കാലത്തെ പിന്നിലാക്കി,
കൗതുകങ്ങളുടെ ഭ്രമണപഥത്തില്‍
തുറന്നു വച്ച ചിത്ര ജാലകങ്ങളിലൂടെ
എത്രയോ ദൂരം ഒഴുകി നടന്നു.


തലയും, വിരലുകളും
മാത്രമുള്ള ജീവികള്‍
അവനിലേയ്ക്ക്‌ ഇറങ്ങി വന്നു.


വിരലിന്‍ ദ്രുത താളം
അക്ഷരങ്ങള്‍ കൂട്ടിവച്ച്‌
ഇഴയടുപ്പം നോക്കി
കെട്ടിയെടുത്ത വല
ഹൃദയത്തെ വരിഞ്ഞു മുറുക്കി.


തലച്ചോറ്‌ ചുക്കിച്ചുളിഞ്ഞു;
ഞെരിഞ്ഞമര്‍ന്നു.


വീണ്ടും...
കീബോര്‍ഡില്‍
വിരല്‍ത്താളം
അടുത്ത കാലത്തിലേയ്ക്കുയര്‍ന്നു...

Tuesday, September 18, 2007

അരങ്ങൊഴിയുമ്പോള്‍...

പിന്നണിയിലൊഴുകും

മധുര സംഗീതം

കാതുകള്‍ക്കന്യമായി.



പിന്നെയും പാദങ്ങള്‍

‍പരിചിതമാം

രണ്ടു പദം കൂടിയാടി.



കാണികള്‍

കണ്മുന്നിലില്ലാതായി

കൂടെയാടിയവര്‍

അപരിചിതരായി.



ഇതവസാന കളി;

അറിയാമെങ്കിലും

അരങ്ങൊഴിയാനൊരു മടി.



മൃദുവായ്‌...

അവരെന്റെ ചുട്ടിയഴിച്ചു

ഉടുത്തുകെട്ടും അലങ്കാരങ്ങളും

മാറ്റി വച്ചു.



ഇനിയുമൊന്നും ചെയ്യുവാനില്ലാതെ,

അടുത്ത കളിക്കളം തേടി,

പൊറുതിയ്ക്കൊരിടം തേടി,

ഞാനുമവരോടു കൂടി.



തിരശ്ശീല വീണു,

ആട്ടവിളക്കണഞ്ഞു



പിന്നെയാരോ..

തലയ്ക്കു പുറകില്‍

‍പകുത്ത നാളികേരത്തില്‍

‍തിരി തെളിയിച്ചു.



*************

Sunday, September 16, 2007

കളവില്‍ ചതിയില്ല

ചെമ്മണ്‍പാതയുടെ ഒരുവശത്തുള്ള ഉയര്‍ന്ന കരിങ്കല്ലിന്‍ മതിലിനു മുകളില്‍ ഒരു സുന്ദരവദനം. ആരും, ഒന്നും ഒന്നും രണ്ട്‌ പ്രാവശ്യം നോക്കിപ്പോകും. അങ്ങനെ രണ്ടാമത്തെ നോട്ടത്തിലാണ്‌ മനസ്സിലായത്‌ അവള്‍ക്ക്‌ സുന്ദരിമാരായ തോഴിമാരും ഉണ്ടെന്ന്‌.

"കിട്ട്യാല്‍ ഊട്ടി, അല്ലെങ്കില്‍..." എന്ന മഹദ്‌വചനത്തിന്റെ ആദ്യപകുതി മാത്രം നൂറ്റൊന്ന്‌ വട്ടം ഉരുവിട്ട്‌, രണ്ട്‌ ആണ്‍പ്രജകള്‍ തങ്ങളുടെ പുതിയ പദ്ധതിയ്ക്ക്‌ 'ഓപ്പറേഷന്‍ റോജാ' എന്നു പേരിട്ടു.

ആ നാട്ടിലെ ഒരേയൊരു കോണ്‍വെന്റ്‌ സ്കൂള്‍ + കന്യാസ്ത്രീ മഠം ആണ്‌ നേരത്തെ കണ്ട മതിലിനപ്പുറത്ത്‌.

ഒന്നുകൂടി 'സൂം' ചെയ്താല്‍.. ,

സ്കൂളിനോട്‌ ചേര്‍ന്നുള്ള ചെറുതെങ്കിലും വളരെ അപൂര്‍വ്വ സുന്ദരങ്ങളായ പൂക്കള്‍ നിറഞ്ഞ ഉദ്യാനം അവിടുത്തുകാരുടെയുള്ളില്‍ അസൂയപ്പൂക്കള്‍ വിടര്‍ത്തിയിരുന്നു. ആ പൂവനത്തിലെ ഏതോ സുന്ദരിയാണ്‌ കുറച്ചു മുന്‍പേ, മന്ദമാരുതന്റെ കയ്യും പിടിച്ച്‌ മതിലിനു മേലെ എത്തിനോക്കിയത്‌.

കുമാരന്മാരിലൊരുവന്‍ 'റ' ആകൃതിയിലുള്ള, കോണ്‍വെന്റ്ബോര്‍ഡിനു താഴെയുള്ള മെയിന്‍ ഗേറ്റ്‌ വഴി അകത്തു കടന്നു; സന്ദര്‍ശകരുണ്ടെന്ന്‌ അറിയിയ്ക്കാനുള്ള മണിയുടെ നീണ്ട വാലില്‍ പിടിച്ച്‌ വലിച്ചു....
പുലിവാലാവല്ലേ ... എന്ന പ്രാര്‍ത്ഥനയോടെ.

വെള്ള വസ്ത്രധാരിയായ, പ്രായമുള്ള ഒരു സിസ്റ്റര്‍ , വാതിലിന്റെ നാലില്‍ ഒരു പാളി തുറന്നു; കാര്യമന്വേഷിച്ചു.

"ഇവിടത്തെ ഹെഡ്‌മിസ്റ്റ്രസ്സിനെയൊന്ന്‌ കാണണം. ഒരു അഡ്മിഷന്റെ കാര്യത്തിനാണ്‌."

'കൊല്ലത്തിന്റെ പകുതിയാകാറായിട്ടാണോ.. അഡ്‌മിഷന്‍..' എന്നൊരു അര്‍ഥത്തിലുള്ള നോട്ടം കൊണ്ട്‌ ആകെയൊന്നുഴുഞ്ഞിട്ട്‌, അകത്ത്‌ വിവരമറിയിയ്ക്കാന്‍ തിരിഞ്ഞുനടന്നു അവര്‍.

ഹെഡ്‌മിസ്റ്റ്രസ്സ്‌ വന്നു; അവന്‍ ആവശ്യം ആവര്‍ത്തിച്ചു.

"ഇനിയിപ്പോള്‍ പുതിയ ആരേം ചേര്‍ത്താന്‍ വയ്യ. അരക്കൊല്ലം തീരാറായില്ലേ.. ആട്ടെ, ചേരേണ്ട ആള്‍ക്ക്‌ എത്ര വയസ്സായി?"

"അത്‌ ഒരു..ഒരു.. മൂന്ന്‌"

"അത്രേ ഉള്ളൂ.. എന്നാല്‍ അടുത്ത കൊല്ലമാവട്ടെ."

"അത്‌.. , വീട്ടില്‍ എപ്പോഴും സ്ക്കൂളില്‍ പോണമെന്ന്‌ പറഞ്ഞ്‌ കരച്ചിലാണ്‌. അതോണ്ട്‌, ബാലവാടിയില്‍ വെറുതെ കൊണ്ടിരുത്തിക്കോട്ടെ ?"

മറുപടി, 'യെസ്‌' ആക്കാനുള്ള കഠിനയജ്ഞത്തിന്റെ ഭാഗമായി, 'ഞാന്‍ ഇന്ന ആളുടെ മോനാ.. അച്ഛന്‍ പറഞ്ഞൂ..സിസ്റ്ററോട്‌ എങ്ങിനെയെങ്കിലും..' എന്നു തുടങ്ങി ചെറിയൊരു പ്രസംഗവും കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍, അടുത്ത വര്‍ഷവും കൂടി ബാലവാടിയില്‍, അടിത്തറ ഉറപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങാം എന്ന അലിഖിതമായ ഒരു ധാരണയില്‍, ചര്‍ച്ച നല്ല ഫലം കണ്ടു.

ഈ സമയംകൊണ്ട്‌ , അപ്പുറത്തെ തോട്ടത്തില്‍ നിന്നും, കൂട്ടുകാരന്‍, ആശിച്ച പൂക്കളെല്ലാം പറിച്ചെടുത്ത്‌, മുണ്ടിന്റെ മടക്കിലൊളിപ്പിച്ച്‌, തിരികെ റോഡിലിറങ്ങിയിരുന്നു.

********************************

അങ്ങിനെ, എഴുത്തിനിരുത്തലും, അച്ഛന്റെ കയ്യില്‍ത്തൂങ്ങി സ്കൂളില്‍ ചേരാനുള്ള ഔപചാരികമായ പോക്കും, പിന്നെ ക്ലാസ്സിലിരുത്തീട്ട്‌ പോരുമ്പോളുള്ള കച്ചേരിയുടെ അകമ്പടിയും... ഒന്നുമില്ലാതെ......

ഞാന്‍, ജീവിതത്തിന്റെ സ്ലേറ്റില്‍, സ്വപ്നാക്ഷരങ്ങള്‍ വരച്ചുവയ്ക്കാന്‍ തുടങ്ങി.

Thursday, September 13, 2007

ചിത്ര കലാപം

ഞാന്‍ എന്റെ വീട്ടിലെ 'ലാസ്റ്റ്‌ എഡീഷനാണ്‌''. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുണ്ടായ ഒരു വിപ്ലവപ്പിറവി.

എനിയ്ക്കു മുന്‍പ്‌ വെളിച്ചം കണ്ടവര്‍, കോളേജിലും, ഹൈസ്കൂളിലും മുദ്രാവാക്യം വിളിയ്ക്കാന്‍ മാത്രം വലുതായിരുന്നു അപ്പോഴേയ്ക്കും.

അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായതോണ്ട്‌ 8 മണിയാവുമ്പോഴേയ്ക്കും ഓഫീസില്‍പ്പോകേണ്ട തിരക്കു തുടങ്ങും.

അമ്മയ്ക്ക്‌ അച്ഛനേയും, ചേച്ചിയേയും, ചേട്ടനേയും നേരത്തിന്‌ പറഞ്ഞയയ്ക്കാനുള്ള തിരക്കാണ്‌ കാലത്ത്‌; അതൊന്ന്‌ ഒതുങ്ങിയാല്‍, ഞാനടക്കമുള്ള ഇതര ചരാചരങ്ങളെ പരിപാലിയ്ക്കുന്ന തിരക്കായി.

ചുരുക്കിപ്പറഞ്ഞാല്‍.. യാതൊരുവിധ തിരക്കും, ജോലിയും ഇല്ലാത്തതായി അവിടെ 'ഞാന്‍ ഞാന്‍ മാത്രമേ' ഉള്ളൂ..

കാലത്തെ കുളിച്ച്‌ ദാവണിയൊക്കെ ചുറ്റി, ചെവിയ്ക്കു പിന്നിലായി ഒരു റോസാപ്പൂവും തിരുകി 'സ്റ്റെയിലി' ആയി ചേച്ചി കോളേജിലേയ്ക്കും, മുണ്ട്‌ പത്തുപ്രാവശ്യത്തോളം വീണ്ടും വീണ്ടും ഉടുത്ത്‌ തൃപ്തി വരുത്തി, നാവ്‌ വായിലിട്ടുരുട്ടിക്കടിച്ച്‌ മുടിയിലൊരു കുരുവിക്കൂടും ഫിറ്റാക്കി ചേട്ടന്‍ സ്കൂളിലേയ്ക്കും പോയാല്‍ പിന്നെ..

ഒറ്റയ്ക്ക്‌ വെറുതെയിരിയ്ക്കാന്‍.. എന്റെ സമയം വീണ്ടും ബാക്കി.

അഞ്ചാറ്‌ വീടപ്പുറത്തുള്ള ചേച്ചിമാരും ചേട്ടന്മാരും സ്കൂളില്‍ പോണത്‌ കാണാനും, അവര്‍ക്ക്‌, വേണെങ്കിലും വേണ്ടെങ്കിലും ഒരു 'റ്റാ റ്റാ' കൊടുക്കാനും പടിയ്ക്കല്‍ പോയിരിക്കും കുറെ നേരം.
ആരെങ്കിലും ഇടയ്ക്ക്‌ കുശലം ചോദിയ്ക്കും.

ആ സെഷനും കൂടി കഴിഞ്ഞാല്‍.. നേരെ അമ്മേടെ അടുത്ത്‌ 'എന്നെ മാത്രം എന്താ സ്കൂളില്‍ വിടാത്തേ.. എനിയ്ക്കും പഠിയ്ക്കാന്‍ പോണം..' എന്നു തുടങ്ങുന്ന പല്ലവിയും അനുപല്ലവിയും സാധകം ചെയ്യും.

അവസാനം..
' വയസ്സു മൂന്നെങ്കിലും തികയട്ടെ, അപ്പൊളേയ്ക്കും കുട്ടിയ്ക്ക്‌ പഠിയ്ക്കാന്‍ പോവാണ്ടാണിപ്പോള്‍..'
എന്ന വാചകം പകുതി എന്നോടും, പകുതി ആത്മഗതവും ആയി അവതരിപ്പിച്ചുകൊണ്ട്‌..
അമ്മ, കുത്തിവരച്ച്‌ ചിത്രമെഴുതാന്‍ ഒന്നുരണ്ട്‌ പേപ്പറും പെന്‍സിലും എടുത്തു തരും.

അവിടന്നങ്ങോട്ട്‌ എന്റെ മാത്രം ലോകം..

നെല്ലുണക്കാനുള്ള തഴപ്പായ നെയ്തു കൊണ്ടുവരുന്ന കൊച്ചമ്മു ഉണ്ടാക്കിത്തന്നിട്ടുള്ള ഒരു കളിക്കുടുക്കയും കുഞ്ഞിപ്പായയൂമുണ്ട്‌ സ്വന്തമായി. വരാന്തയിലെ കോണിച്ചുവടോ, തിണ്ണയുടെ മൂലയോ ആവും കളിക്കളം. അവിടെ പായവിരിച്ച്‌, കുടുക്കയിലെ സ്ഥാവര ജംഗമവസ്തുക്കളൊക്കെ വെറുതെ ചുറ്റും നിരത്തിവയ്ക്കും.
പിന്നെ, ഇരുന്നും കിടന്നും.. കടലാസില്‍ വരയോടുവര.

ഈ കലോപാസനയ്ക്ക്‌ വിഘ്നം വരുന്നത്‌ കടലാസ്‌ തീര്‍ന്നുപോകുക, വല്ലതും കഴിയ്കാനോ കുളിക്കാനോ ആയി അമ്മേടെ വിളി വരിക എന്നീ സമയങ്ങളിലാണ്‌.


ഒരു ദിവസം ചേച്ചി ക്ലാസ്സ്‌ കഴിഞ്ഞ്‌ നേരത്തെ വന്നു. പടികയറി വരുമ്പോള്‍ തന്നെ അപ്പുറത്തെ വീട്ടിലെ ബിന്ദ്വേച്ചി നീട്ടി വിളിച്ചു ചോദിയ്ക്കുന്നത്‌കേട്ടു.
"എങ്ങനെ ഉണ്ടാര്‍ന്നൂ.. പരിപാടീ.."
കേട്ടപാതി, പുസ്തകക്കെട്ടും തിണ്ണയില്‍ വച്ച്‌, "യ്യോ..നല്ല രസായിരുന്നൂ ബിന്ദ്വേച്ച്യേ.. ചീഫ്‌ ഗസ്റ്റിന്റെ പ്രസംഗത്തിന്‌..." എന്നും പറഞ്ഞ്‌ ബാക്കി കഥ വിശദായിട്ട്‌ പറയാന്‍, ചേച്ചി വേലിയ്ക്കലേയ്ക്ക്‌ ഒറ്റ ഓട്ടം; കോളേജീന്ന്‌ വരുമ്പോള്‍ എന്നും പതിവുള്ള മുത്തം പോലും തരാതെ..

"ന്റെ കുട്ട്യേ, ആ വസ്ത്രൊക്കെയൊന്നു മാറ്റി, കയ്യും കാലും കഴുകി ചായ കുടിക്ക്‌; ..ന്നിട്ടാവാം പുരാണം പറച്ചില്‍".

അമ്മ അടുക്കളേന്ന്‌..

ആരും നമ്മളെപ്പറ്റി ചിന്തിയ്ക്കുന്നില്ല.

വേണ്ടാ.. ഞാനും അങ്ങോട്ട്‌ മിണ്ടാന്‍ പോണില്ല . എന്നൊക്കെ കരുതി തിരിഞ്ഞു നടക്കുമ്പോളാണ്‌ തിണ്ണയിലിരിയ്ക്കുന്ന പുസ്തകങ്ങള്‍ കണ്ണില്‍പ്പെട്ടത്‌.

ഹായ്‌.. നല്ലഭംഗീള്ള ചിത്രങ്ങള്‍. മെല്ലെ ഓരോ താളും മറിയ്ക്കുമ്പോള്‍, ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത എന്തൊക്കെയോ..

ഇതെന്താത്‌..ഒരു കട്ടിച്ചട്ടയുള്ള പുസ്തകം..?
ഹോ.. ചേച്ചി പൂവും ചെടിയുമെല്ലാം വരച്ചു വെച്ചിരിയ്ക്കുന്നു.
ഭംഗിയായി എഴുതീട്ടുണ്ട്‌, പക്ഷേ.. വര അത്ര പോര.

മെല്ലെ എന്റെ പെന്‍സിലെടുത്ത്‌ ചെറുതായൊന്ന്‌ മോടി കൂട്ടാന്‍ നോക്കി.
ശരിയാവാത്തതെന്ന്‌ തോന്നിയതൊക്കെ ചേച്ചീടെ ബോക്സീന്ന്‌ റബ്ബര്‍ എടുത്ത്‌ മായ്ച്ചു.
സ്വന്തം വകയായി പറ്റാവുന്നത്ര സംഭാവനയും നടത്തി.

"യ്യോ..അമ്മേ..ഇവള്‍..എന്റെ റെക്കോഡ്‌ ബുക്ക്‌ നശിപ്പിച്ചൂലോ....... "

ചേച്ചി ആര്‍ത്തലച്ചുകൊണ്ട്‌ ഓടി വരുന്നു.

ഇത്ര ബഹളം വയ്ക്കാന്‍ മാത്രം എന്താ.. പ്പൊ ഉണ്ടായെ.. , നമ്മളിതൊക്കെ നിത്യോം എത്ര നേരമിരുന്ന്‌ ചെയ്യുന്നതാ .... എന്ന മട്ടില്‍ ഞാന്‍.

ദേ..അമ്മേം ഓടിവരുന്നു..

ചേച്ചി ദേഷ്യം കൊണ്ട്‌ കരയുകയും, തലയ്ക്കിടിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‌.

അമ്മ ഞങ്ങളെ രണ്ടാളേയും, പുസ്തകവും മാറി മാറി നോക്കി.

മൊത്തത്തില്‍ രംഗം പന്തിയല്ലെന്ന്‌ എനിയ്ക്കും തോന്നി; എന്തെങ്കിലും സംഭവിച്ചാലോ......

പക്ഷേ..

എന്നെ അമ്പരപ്പിച്ചുകൊണ്ട്‌, അമ്മ ഉറക്കെ ചിരിച്ചു.

"നിന്നോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ.. അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തിന്‌ ചെയ്യാതേം, സൂക്ഷിക്കാതേം, അയലോക്കത്ത്‌ പഞ്ചായത്തിന്‌ പോയാല്‍ ഇതെന്ന്യാ ഫലം. നന്നായിപ്പോയി.."

ചേച്ചിയ്ക്കൊരു ഉപദേശം ഫ്രീ.

ചേച്ചി പിന്നെയും എന്തൊക്കെയോ.. പറയാന്‍ തുടങ്ങുകയാണ്‌ കണ്ണീരോടെ..

ബാക്കികളൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ, ഞാന്‍ മെല്ലെ.. മെല്ലെ.. അവിടെ നിന്ന്‌ തലയൂരി; ആരെന്തൊക്കെപ്പറഞ്ഞാലും, എന്നെക്കൊണ്ടാവുന്ന പോലെ, ചെയ്തിടത്തോളം ഭംഗിയായ്ക്കി എന്ന സംതൃപ്തിയോടെ...!!

Tuesday, September 11, 2007

ഇവന്‍.. ആനന്ദന്‍

എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ അമ്മയെ സഹായിയ്ക്കാന്‍ വന്നിരുന്ന ലീലേച്ചി എനിയ്ക്ക്‌ അമ്മയെപ്പോലെയായിരുന്നു.

ലീലേച്ചീടെ മോനാണ്‌ ആനന്ദന്‍.

എന്നേക്കാള്‍ കഷ്ടിച്ച്‌ 6 മാസം മുന്‍പ്‌ അവന്‌ സ്വാതന്ത്ര്യം കിട്ടിയിരുന്നുവെങ്കിലും ഞങ്ങള്‍ പഠിച്ചിരുന്നത്‌ ഒരേ ക്ലാസ്സിലായിരുന്നു.
കാലത്ത്‌ എന്നെ കുളിപ്പിച്ച്‌ സ്കൂളില്‍ പോകാന്‍ ഒരുക്കുന്നത്‌ ലീലേച്ചിയാണ്‌. എനിയ്കും ആനന്ദനും ഒന്നിച്ച്‌ ഭക്ഷണം വാരിത്തരും.

അമ്മ അച്ഛന്‌ ഓഫീസില്‍ പോകാനുള്ളതൊരുക്കുന്ന തിരക്കിലാവും.

ഒമ്പതേകാലാവുമ്പോള്‍, ആനന്ദന്‍ - ഞാന്‍ - ഞങ്ങളുടെ ബാഗും കുടയും വാട്ടര്‍ബോട്ടിലും തൂക്കി ലീലേച്ചി എന്ന ക്രമത്തില്‍ വീട്ടില്‍ നിന്നിറങ്ങും. പടിവരെ അമ്മയും വരും.

ഇത്തിരി വല്യൊരു പാടം കടന്നു വേണം സ്കൂളിലെത്താന്‍. ബാലവാടിയില്‍ പോയിരുന്ന കാലത്ത്‌, കുറച്ച്‌ നടക്കുമ്പോഴേയ്കും കാല്‌ വേദനിച്ചുതുടങ്ങും. ലീലേച്ചി ഒരാളെ ആദ്യം എടുക്കും; (മിക്കവാറും അവനെയാവും). കുറച്ചുകഴിഞ്ഞാല്‍ രണ്ടാം നമ്പ്ര് ആയ എന്നെ. അങ്ങനെ മാറി മാറി എന്റെ അവസാന ഊഴം വരുമ്പോളേയ്കും സ്കൂളെത്തും. (ലാസ്റ്റ്‌ ചാന്‍സ്‌ കൈവിട്ടുപോകുന്നതില്‍ എനിയ്ക്‌ അസാരം സങ്കടം വരാറുണ്ടെങ്കിലും..നോ രക്ഷ.)

നാലുമണിയ്ക്‌ മടക്കയാത്രയില്‍, വീട്ടിലേയ്കുള്ള ദൂരം, അങ്ങോട്ടു പോകുമ്പോളുള്ളതിനേക്കാള്‍ കുറവേ തോന്നൂ എന്നതിനാല്‍ എടുത്തില്ലെങ്കില്‍ക്കൂടി സങ്കടം തോന്നാറുമില്ല.

മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ കൂട്ടിന്‌ ലീലേച്ചി വരാതായി.
നടത്തത്തില്‍ ഒരിയ്കലും ഞാനവനൊപ്പമെത്തിയിരുന്നില്ല. വഴിയില്‍ വച്ച്‌ ഏതെങ്കിലും ഇഷ്ടക്കാരെ കണ്ടാല്‍, അവന്‍ അവരോടു കൂടെ തമാശയൊക്കെപ്പറഞ്ഞ്‌ നടക്കും; ഞാന്‍ ഒറ്റയ്കും.

ആനന്ദനോട്‌ ഒരുസഹോദരനെപ്പോലെയോ കളിക്കൂട്ടുകാരനെപ്പോലെയോ, അതുമല്ല; അയല്‍വക്കത്തെ കുട്ടി എന്ന രീതിയിലോ പോലും ഒരിയ്ക്കലും ഒരടുപ്പവും തോന്നീട്ടില്ല.

വീട്ടില്‍, എന്തെങ്കിലും സ്പെഷ്യല്‍ ഉണ്ടാക്കീട്ടുണ്ടെകില്‍, തരാനായിട്ട്‌ അമ്മേടെ ഒരു വിളിയുണ്ട്‌; അവനെ, "മോനേ.. ആനന്ദാ.."ന്നും, എന്നെ വെറുതെ പേരും.

"ഞാനമ്മേടെ മോളല്ലെ.." എന്ന കുശുമ്പു നിറഞ്ഞ ചോദ്യത്തിന്‌,
"രണ്ടാളും ഒരുപോലെന്യാ.." എന്ന എവിടേം തൊടാത്ത ഉത്തരമാണ്‌ കിട്ടാറ്‌.
അതെന്നെ കൂടുതല്‍ ശുണ്ഠി പിടിപ്പിയ്കാറേ ഉള്ളൂ..

സ്കൂളിലാണെങ്കില്‍, അവന്‌ വല്യ ജാഡയായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍പ്പോലും, ഞങ്ങളൊക്കെ 'വല്യ ആങ്കുട്യോള്‍' എന്ന ഭാവത്തില്‍ ഒറ്റവാക്കിലുത്തരം തരും. അതുകൊണ്ടൊക്കെത്തന്നെ അവനോടും, മഠം വക കശുമാവില്‍ കല്ലെറിഞ്ഞതിന്‌, സിസ്റ്റേഴ്സിന്റെ ചൂരല്‍പ്രയോഗത്തിനും അപ്രീതിയ്കും പാത്രമായിരുന്ന അവന്റെ കൂട്ടുകാരോടും എനിയ്ക്ക്‌ ദേഷ്യമായിരുന്നു.

നാലില്‍ പഠിയ്കുന്ന കാലം.

ഡ്രില്ലിന്റെ പിരീയഡാണ്‌. ഞങ്ങള്‍ പെണ്‍കുട്ടികള്‍ രണ്ട്‌ സെറ്റായി "പൂപ്പറിയ്ക്കാന്‍ പോരണോ.." എന്നു നീട്ടിപ്പാടി കളിയ്കുന്ന തിരക്കിലാണ്‌. ആണ്‍കുട്ടികള്‍, "ഉപ്പുംപക്ഷിയും" "കൊറ്റംകുത്തിയും" തകര്‍ക്കുന്നു. ഞങ്ങളെ മേയ്ക്കുന്ന സിസ്റ്റര്‍, കുറച്ചു ദൂരെ മഠത്തിലെ കാര്യസ്ഥ മറിയാമ്മച്ചേടത്തിയ്ക്‌ എന്തോ ഇന്‍സ്റ്റ്രക്ഷന്‍സ്‌ നല്‍കുന്നു.

പെട്ടെന്നാണ്‌ ആരോ അലറി വിളിച്ചത്‌.

"ആനന്ദന്റെ കാലില്‍ ആണി കേറ്യേ.."

എല്ലാവരും ഒന്നായി അവിടേയ്ക്‌ പാഞ്ഞുചെന്നു.

വലതു കാല്‍പ്പാദം അമര്‍ത്തിപ്പിടിച്ച്‌ നിലത്തിരിയ്ക്കുകയാണവന്‍.
ഉള്ളംകാലില്‍ തുളഞ്ഞുകയറിയിരിയ്കുന്ന വലിയൊരാണി. ചോര ചെറുതായി പൊടിഞ്ഞിട്ടേ ഉള്ളൂ.. വേദനകൊണ്ടാകാം, മുഖം വിളറിയിട്ടുണ്ട്‌.

അന്തംവിട്ടുനില്‍ക്കുന്ന ഞങ്ങളെ മാറ്റിനിര്‍ത്തി, സിസ്റ്ററും, മറിയച്ചേട്ടത്തിയും കൂടി അവനെ താങ്ങി, ക്ലാസ്സുമുറിയിലെ ബഞ്ചില്‍ കൊണ്ടു കിടത്തി.

തൊട്ടപ്പുറത്തുള്ള ഗവ: ആശുപത്രീന്ന്‌ ഡോക്ടറെ കൊണ്ടുവന്നു.
ഇടയ്കു മെല്ലെ ഞരങ്ങുന്നതൊഴിച്ചാല്‍..അവന്‍ ശബ്ദമൊന്നുമുണ്ടാക്കാതെ കിടപ്പാണ്‌.

ഡോക്ടര്‍ സ്പിരിറ്റ്‌, പഞ്ഞി, പ്ലാസ്റ്റര്‍, കത്രിക... ഇത്യാദികള്‍ മേശമേല്‍ നിരത്തിവച്ചു.

എന്നിട്ട്‌ അവനോടായി, "മോന്‍ പേടിയ്കണ്ടാ..ട്ടൊ. വേദനിപ്പിക്കില്ല" എന്നു പറഞ്ഞു.

ദയനീയമായി തലയാട്ടുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി ചെവിയിലേയ്ക്‌ ഒലിച്ചിറങ്ങി.

സിസ്റ്ററും ഹെഡ്മിസ്റ്റ്രസ്സും അടക്കം ഞങ്ങളെല്ലാം ശ്വാസം വിടാതെ നില്‍പ്പാണ്‌.

ഡോക്ടര്‍ ഗ്ലൗസിട്ടു. കാലില്‍ അവിടവിടെ മെല്ലെ മെല്ലെ തൊട്ടുനോക്കി.

അടുത്ത നിമിഷം ആണി വലിച്ചൂരിയെടുത്തു; ചോര ചീറ്റിയൊഴുകി.

അതേ നിമിഷത്തില്‍ത്തന്നെ, ഒരു കാതടപ്പിക്കുന്ന കരച്ചില്‍ കേട്ട്‌ എല്ലാരും ഞെട്ടിത്തിരിഞ്ഞ്‌ നോക്കി.

ഞാന്‍ രണ്ടുകയ്യും തലയില്‍ വച്ച്‌ അലറിക്കരയുകയാണ്‌.

എത്ര വലിയ വേദനയോ, സങ്കടമോ ആയാലും മറ്റുള്ളവരുടെ മുന്നില്‍ ഉറക്കെ കരയുന്നത്‌ മാനക്കേടായി തോന്നിയിരുന്ന ആളാണ്‌ ഞാന്‍.

അത്തരം സ്ഥലകാലബോധമൊന്നും അന്നേരം എനിയ്കില്ലായിരുന്നു.

എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും, മുറിവ്‌ കെട്ടിയശേഷം അവന്‍ അടുത്ത്‌ വിളിച്ച്‌ ചെറുപുഞ്ചിരിയോടെ.. "നീ കരയണ്ടാ...ട്ടൊ; എനിയ്ക്‌ വേദനയില്ല" എന്നു പറഞ്ഞ ശേഷമാണ്‌ എനിയ്കു സമാധാനമായത്‌.

എന്തുകൊണ്ട്‌ അങ്ങിനെ കരഞ്ഞു എന്ന്‌, ഇപ്പോഴും അറിയില്ല.

ഒരു പക്ഷേ..
ജന്മം കൊണ്ടല്ലെങ്കിലും അവന്‍ എന്റെ കൂടപ്പിറപ്പുതന്നെയല്ലേ.. എന്ന ഉള്‍വിളി ആ രൂപത്തില്‍ പുറത്തു വന്നതാകാം...

Thursday, September 6, 2007

കണ്ണില്‍ച്ചോരയില്ലാതെ...

സ്കൂള്‍ വിട്ടുവരുമ്പോള്‍ ദൂരെ നിന്നേ കണ്ടു;
മുറ്റത്ത്‌ ആരൊക്കെയോ..
"എന്താ നിന്റെ വീട്ടില്‍ ഒരു..?"..കൂട്ടുകാരിയുടെ മുഖത്തും ചോദ്യഭാവം.
ഒരു കൈ കൊണ്ട്‌ പുസ്തകസഞ്ചി ഒതുക്കിപ്പിടിച്ച്‌ കഴിയാവുന്നത്ര വേഗത്തില്‍ ഓടി, മുറ്റത്തേയ്ക്ക്‌ കയറുമ്പോള്‍....

ആകെ തളര്‍ന്നു പോയി.

ചിതറിത്തെറിച്ച ചോരത്തുള്ളികള്‍..
ഒടിഞ്ഞുനുറുങ്ങിയ ഉടല്‍..
സഹിയ്കാന്‍ വയ്യ.
ഞാന്‍ നിലത്ത്‌, വെറും മണ്ണിലിരുന്നു.
ചുറ്റും നില്‍ക്കുന്നവരുടെ, സഹതാപവും ദു:ഖവും കലര്‍ന്ന നോട്ടങ്ങള്‍, കണ്ണീര്‍മറയ്കപ്പുറത്ത്‌, തെളിയാത്ത മഴക്കാല ചിത്രങ്ങള്‍ പോലെ അവ്യക്തമായിരുന്നു.

കാലത്ത്‌ യാത്രപറയുമ്പോള്‍, ആ കവിള്‍ തലോടിയ എന്റെ കൈത്തലം നനഞ്ഞിരുന്നുവല്ലോ..
ദൈവമേ..
കൂട്ടുകാരികളോട്‌, പ്രഭാതത്തില്‍ എനിയ്ക്കു സമ്മാനമായി കിട്ടിയ ആ പനിനീര്‍ പുഞ്ചിരിയെപ്പറ്റി, തെല്ലൊരു അഹങ്കാരത്തോടെ പറയുമ്പോള്‍....
ഒരു 'കണ്ണേറി'നെപ്പറ്റി ഓര്‍ത്തുപോലുമില്ല.

അമ്മ എന്നെ പിടിച്ചെഴുനേല്‍പ്പിച്ചു; ആശ്വസിപ്പിച്ച്‌ അകത്തേയ്ക്കു കൊണ്ടുപോയി.
അടുക്കളഭാഗത്തെത്തിയപ്പോളാണത്‌ കണ്ടത്‌;
മാധവ്യേച്ചി, ഈ കൊടുംപാതകം ചെയ്തവനെ, വടയ്കേ മുറ്റത്തിട്ട്‌ തുണ്ടം തുണ്ടമാക്കി വെട്ടുന്നു.
പിന്നെ താമസിച്ചില്ല;
ഓടിച്ചെന്ന്‌ വെട്ടുകത്തി പിടിച്ചുവാങ്ങി, കൊടുത്തു രണ്ട്‌ വെട്ട്‌ !!
അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ പിന്നെ..

അരുമയായി നട്ടുനനച്ചുണ്ടാക്കിയ ചെമ്പനീര്‍ച്ചെടി, ആദ്യമായി ഹൃദയം തുറന്ന്‌ വിടര്‍ത്തിയ, കടുംചുകപ്പ്‌ പുഷ്പം, മഞ്ഞിന്‍കണങ്ങളണിഞ്ഞ്‌, സുന്ദരിയായി നില്‍ക്കുന്ന കാഴച്ചയും കണ്ട്‌ സ്കൂളില്‍ പോയതാണ്‌ ഞാന്‍.
തിരിച്ചുവരുമ്പോളേയ്ക്കും, തൊട്ടടുത്തുള്ള തെങ്ങിലേ ഓലമടല്‍, കാറ്റിനൊപ്പിച്ച്‌ ഊഞ്ഞാലാടി, വന്നുവീണത്‌ എന്റെ പാവം ചെടിയുടെ നെഞ്ചില്‍.
ഇതളുകളെല്ലാം ചിതറി, ചില്ലകളെല്ലാം ഒടിഞ്ഞു നുറുങ്ങി..
നാളെ വിടരേണ്ടിയിരുന്ന ഒരു പൂമൊട്ടും കൂടിയുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍..

ഓലമടലിനെ വെട്ടിനുറുക്കി കത്തിക്ക്യല്ലേ വെണ്ടത്‌?

Thursday, August 30, 2007

കറുത്ത പൗര്‍ണ്ണമി

ചുമരില്‍ത്തൂങ്ങും കലണ്ടറില്‍,
വെളുത്ത മുഖം അവളോട്‌ ചിരിച്ചു;
ഇന്ന്‌ പൗര്‍ണ്ണമി.

അവളില്‍ സ്വപ്നങ്ങള്‍ വാരിനിറച്ച,
മുറിവില്‍ വെണ്ണയായ്‌ അലിഞ്ഞമര്‍ന്ന
പ്രിയസഖി; പൗര്‍ണ്ണമി.


ഇറ്റുന്ന പാല്‍നിലാവ്‌
ആത്മാവിലേറ്റുവാങ്ങാന്‍,
അവള്‍ ജാലകത്തിരശീല നീക്കി,
മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.


രാവേറെച്ചെന്നിട്ടും
സാന്ദ്രമാം അന്ധകാരം
കഴുകിക്കളഞ്ഞൊരു പാലാഴി തീര്‍ക്കാന്‍
‍എന്തേ നറും നിലാവെത്തിയില്ല..??


ആകാശത്തെരുവില്‍
‍അപഥസഞ്ചാരികളായ കാര്‍മേഘങ്ങള്‍
വെള്ളിവാള്‍ വീശിത്തിമര്‍ക്കവേ,
അവളുടെ കണ്ണില്‍ ചോര പൊടിഞ്ഞു...

************

Thursday, August 23, 2007

...ഇങ്ങനേം സംവദിയ്കാം !!

പണ്ടൊരിക്കല്‍ വിശാല്‍ജി പറഞ്ഞപോലെ, 'ഷാര്‍ജ - ജബല്‍ അലി വാഹനപ്രചരണജാഥയില്‍' ഒരു സ്ഥിരാംഗത്വം എനിക്കുമുണ്ട്‌. ജോലിസമയത്തിനനുസരിച്ച്‌ ഒരു കാര്‍ലിഫ്റ്റ്‌ തരപ്പെട്ടുകിട്ടിയതു തന്നെ വലിയൊരു സമാധാനം.
പിന്നെ, വഴിമദ്ധ്യേ രുചിയ്കുന്ന 'ട്രാഫിക്‌ ജാമിന്റേയും, ജെല്ലിയുടേയും' അളവ്‌, കാണുന്ന കണി, ശകുനം, വാരഫലം എന്നിവയുമായി ബന്ധപ്പെടുത്തി ചിന്തിക്കാത്തത്‌, അവയെല്ലാം തന്നെ ഒരു നിത്യാഘോഷമായതു കൊണ്ടാണ്‌.

ഒരു ദിവസം ഉച്ചക്ക്‌ 2 മണിയോടെ കാര്‍ലിഫ്റ്റ്‌ തരുന്ന പയ്യന്‍സ്‌ വിളിച്ചു; "ഇന്ന്‌ സര്‍വീസ്‌ ഉണ്ടാകില്ല; വണ്ടിക്കു ജലദോഷം, റേഡിയേറ്ററിന്റെ പൈപ്പിന്‌ ചെറിയൊരു..."
മുഴുവന്‍ കേല്‍ക്കുന്നതുനു മുന്‍പു തന്നെ ഇനി ഇന്നെങ്ങനെ വീടുപറ്റും എന്ന വേവലാതിയായി. ഇത്തരം ജലദോഷങ്ങള്‍ നമുക്കും സമയദോഷം തന്നെ.
സഹപ്രവര്‍ത്തകരില്‍ ഒന്നുരണ്ടുപേര്‍ ഷാര്‍ജ നിവാസികളാണെങ്കിലും, ആറര-ഏഴ്‌ മണിയായേ അവരിറങ്ങൂ.
ഇനീപ്പോള്‍ ബസ്സിനു പോകാമെന്നു വെച്ചാല്‍.. രണ്ട്‌ ബസ്സ്‌ മാറിക്കേറീട്ട്‌ വേണം അങ്ങെത്താന്‍. നിറുത്തിക്കൊട്ടിയുള്ള പോക്കും, ദുബായ്‌ സ്റ്റാന്റിലെ ക്യൂവിന്റെ നീളവും ആലോചിച്ച്‌, പ്രശ്നപരിഹാരമെന്തെന്ന് ഈശ്വര്‍ന്മാരോട്‌ ചോദിക്കവേ, ഉത്തരം തന്നത്‌ ... എന്റെ തൊട്ടപ്പുറത്തിരുന്ന് അധ്വാനിയ്കുന്ന ഷാര്‍ജക്കാരന്‍ സുഹൃത്താണ്‌.
"ഞാനിന്ന് നാലരക്കിറങ്ങാ..ഇത്തിരി ഷോപ്പിങ്ങുണ്ട്‌."എന്റെ മനസ്സ്‌ തണുത്തു.
അദ്ദേഹം ഷോപ്പിങ്ങിന്‌ പോകുന്നത്‌ ഷാര്‍ജയില്‍ തന്നെയായതുകൊണ്ട്‌, അവിടെ നിന്നും ടാക്സിക്ക്‌ പോകാവുന്ന ദൂരമേ ഉള്ളൂ എനിക്ക്‌. (ഓഫീസില്‍ നിന്നും വീടുവരെ ടാക്സി കിട്ടൂല്യേ..ന്ന് ചോദിച്ചാല്‍.. കിട്ടും. ന്നാലും അതൊരു കടുംകൈയ്യാണേയ്..)
അങ്ങനെ, 'അന്‍സാര്‍മാളി'ന്‌ മുന്നില്‍ അദ്ദേഹം എന്നെ ഡ്രോപ്‌ ചെയ്തു.
"സാലിക്കിന്റെ" തൊടുകുറിയിട്ട വണ്ടികളും, മീറ്റര്‍ ടാക്സികളും നിരത്തില്‍ ഇറങ്ങുന്നതിന്‌ മുന്‍പുള്ള കാലമാണ്‌.

കാണാന്‍ ഇത്തിരി 'മൊഞ്ചൊ'ക്കെയുള്ള ഒരു ടാക്സിക്ക്‌ കൈകാട്ടി. പതിഞ്ഞ ശബ്ദത്തില്‍ 'പുസ്തു'സംഗീതം ഒഴുകുന്നു. ഒറ്റനോട്ടത്തില്‍, ഒരുവിധം വൃത്തിയൊക്കെയുണ്ട്‌. എന്നാലും, സീറ്റുകള്‍ക്കിടയിലും മറ്റും സുഖവിശ്രമം നടത്താനിടയുള്ള മൂട്ടകളെ ഉണര്‍ത്താതെ, വളരെ സൂക്ഷിച്ച്‌ ഒതുങ്ങിയിരുന്നു, പോകേണ്ട സ്ഥലം പറഞ്ഞു; വണ്ടി നീങ്ങി.
സാരഥി പഠാണ്‍/പഠാണി.
നല്ല ട്രാഫിക്കുണ്ട്‌. ഷാര്‍ജയിലെ "സെയില്‍സ്‌ട്രീറ്റ്" എന്നു പറയാവുന്ന 'അല്‍ വഹ്ദ' സ്‌ട്രീറ്റിലൂടെ ഓരോ ഇഞ്ചും അളന്നു നീങ്ങുകയാണ്‌ ഞങ്ങള്‍.
"മീന്‍ കിട്ട്യാലും തന്തോയം, കിട്ടീല്ലേലും തന്തോയം" എന്ന ഡയലോഗ്‌ ഓര്‍മിപ്പിക്കുന്ന; വെയിലായാല്‍ 'സമ്മര്‍ സെയില്‍', മഞ്ഞായാല്‍ 'വിന്റര്‍ ബൊനാന്‍സ' എന്നിങ്ങനെ കൊല്ലത്തിലെല്ലാദിവസവും ഓരോരോ പേരില്‍ 10 മുതല്‍ 70% വരെ ആദായ(ആര്‍ക്ക്‌) വില്‍പനയുടെ ബോര്‍ഡ്‌ തൂക്കുന്ന ഇവിടത്തെ ബിസിനസ്സ്‌ ട്രിക്കിനെക്കുറിച്ച്‌ വെറുതേ ആലോചിക്കുന്നതിനിടയില്‍....,
ഞാനൊരു കാര്യം ശ്രദ്ധിച്ചു.
പഠാണി ഡ്രൈവര്‍ ഒരു ഇംഗ്ലീഷ്‌ പത്രം നിവര്‍ത്തി നോക്കുന്നു !!
കാര്യമായ ഗൗരവത്തോടെ പേജുകള്‍ മറിക്കുന്നു !!
കീഴ്ചുണ്ടില്‍ 'നസ്വാര്‍' തിരുകിവെച്ച്‌, കാറിന്റെ മുന്നിലും പിന്നിലും കുറെ പൂക്കള്‍ പരത്തി അലങ്കരിച്ച്‌, തൊങ്ങലുകള്‍ ചാര്‍ത്തി..... അങ്ങനെ രൂപഭാവങ്ങള്‍ കൊണ്ട്‌ അയാളൊരു 'റ്റിപിക്കല്‍' പഠാണിയാണ്‌.
വാഹനം മുന്നോട്ടെടുക്കാനാവാത്തവിധം ട്രാഫിക്‌ ആകുമ്പോള്‍, വീണുകിട്ടുന്ന വിശ്രമവേളകള്‍ വിജ്ഞാനപ്രദമാക്കുന്നതാവാം.
എന്നാലും..
ഒരു പഠാണി ഇത്ര കൂളായിട്ട്‌ ഇംഗ്ലീഷ്‌ പത്രം വായിക്യാന്ന് പറഞ്ഞാല്‍.. ????
ഇനീപ്പൊ, ചിത്രം കാണ്വാവോ.. ?
... ശ്ശേ.. അങ്ങിനെ ചിന്തിക്യാമോ..
ഓ..എന്തോ ആവട്ടെ.
സ്ലോവില്‍ നീങ്ങാമെന്നായപ്പോള്‍ പേപ്പര്‍ മടക്കി. വീണ്ടും നിന്നപ്പോള്‍ നീര്‍ത്തി.
ഇതു പലവട്ടം നടന്നു.
'ഏതു ജീവിത സാഹചര്യത്തിലായാലും, ഒരുവന്റെ വിജ്ഞാനദാഹത്തിന്റെ അനര്‍ഗളപ്രവാഹത്തെ തടുത്തു നിര്‍ത്താനാവില്ല' എന്ന, എടുത്താല്‍ പൊന്താത്ത ചിന്തയുമായിരുന്ന എന്നെ, തിരിഞ്ഞൊന്നു നോക്കി, കറവീണ പല്ലുകളില്‍ കുറച്ചെണ്ണം പുറത്തു കാട്ടി, അയാളൊന്നു ചിരിച്ചു.
എന്നിട്ട്‌,
..ദേ ഇപ്പൊ പത്രത്തീന്ന് കിട്ടീതാ എന്ന മട്ടില്‍ ഒരു പ്രസ്താവന.
"ആജ്‌ റ്റൂ ഹോട്ട്‌".
ദൈവമേ...ഹിന്ദി-ഇംഗ്ലീഷ്‌ മണിപ്രവാളം.
ഇയാളൊരു 'പഠാണിപ്പുലി' തന്നെയെന്ന് മനസ്സില്‍ കരുതി; 'അതെ' എന്ന അര്‍ത്ഥത്തില്‍ ഞാനൊന്ന് മൂളി.
Al Yarmouk (മലയാളത്തില്‍ പറഞ്ഞാല്‍ 'മ്മടെ അലിയാരുമുക്ക്‌' ) സിഗ്നലില്‍ രണ്ട്‌ സുഡാനി കുമാരിമാര്‍ "ക്യാറ്റ്‌ വാക്‌" നടത്തി കടന്നു പോയി. അയാളെന്തോ ആത്മഗതം നടത്തിയോ.. തോന്നിയതാവാം.
റോഡിലെ തിരക്കിന്‌ അയവുവന്നു. അയാളുടെ പത്രപാരായണം മുടങ്ങി.

"ആജ്‌ ആപ്‌ ഹൗ ആര്‍ യൂ?"

ങ്‌ഹേ...
വീണ്ടും "ഹിംഗ്ലീഷ്‌".
"ഫൈന്‍"
തീരെ പ്രതീക്ഷിക്കാത്ത ചോദ്യമായതിനാല്‍ ഒരു നിമിഷമെടുത്തു മറുപടി പറയാന്‍.
ഇനീപ്പൊ, കയ്യിലുള്ള ഭാഷാപരിജ്ഞാനം മുഴുവന്‍ എന്റെ നേരെ എറിഞ്ഞു കഷ്ടപ്പെടുത്താനാണോ പ്ലാന്‍?
കൂടുതല്‍ വേവലാതിപ്പെടുന്നതിനു മുന്‍പ്‌ അടുത്ത ചോദ്യം വന്നു.

"ആപ്‌ കാ ഫേമിലി ഹൗ ആര്‍ യൂ?"

എന്റീശ്വരാ... ഇയാളിത്‌ എന്തു ഭാവിച്ചാ..?
ഈ സങ്കരയിനം ചോദ്യത്തിന്റെ ശരിയായ രൂപം പറഞ്ഞുകൊടുക്കാന്‍ മുതിരുന്നത്‌ ബുദ്ധിയല്ല. വളരെ ആത്മാഭിമാനത്തോടെ, സ്വപ്രയത്നംകൊണ്ട്‌ (?) ആര്‍ജിച്ചെടുത്ത ജ്ഞാനം പ്രകടിപ്പിയ്കാന്‍, പറഞ്ഞൊപ്പിച്ച വാചകങ്ങളെ ചോദ്യം ചെയ്തൂന്ന് തോന്നിയാല്‍...
ഒട്ടും ശരിയല്ല.
പക്ഷേ...
ഇനിയും ഹിംഗ്ലീഷ്‌ ചോദ്യശരങ്ങളെ നേരിടാനുള്ള മനക്കട്ടി എനിക്കില്ല. ഇതുവരെ അടക്കി നിര്‍ത്തിയ ചിരിയെങ്ങാന്‍ പുറത്തുവന്നാല്‍..... അതിലുമപകടം.
അതോണ്ട്‌, തികഞ്ഞ സംയമനം പാലിച്ച്‌, ഞാന്‍ അടുത്ത "ഫൈന്‍" പറഞ്ഞു.
ഭാഗ്യത്തിന്‌, ഇറങ്ങാനുള്ള സ്ഥലം എത്താറായി. അറിയുന്ന 'മുറിഹിന്ദി'യില്‍ വണ്ടി നിര്‍ത്തിക്കോളാന്‍ പറഞ്ഞു.
കൊടുത്ത പൈസയുടെ ബാക്കി തരുന്നതിനിടയില്‍..
ഇനിയുമൊരവസരമില്ലല്ലോ എന്നു കരുതീട്ടാവണം, ഉദ്വേഗം നിറഞ്ഞ ഒരന്വേഷണം കൂടി അയാള്‍ ധൃതി പിടിച്ചു നടത്തി.

ഒതുക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചിരി, ഏതെങ്ങിലും വികൃത ശബ്ദമായി രൂപാന്തരപ്പെട്ട്‌ പുറത്തു വരുന്നതിനു മുന്‍പേ...
മറുപടിയായി ഒരു തലചെരിയ്കലോ, കുലുക്കലോ നടത്തി, ഞാന്‍ ഇറങ്ങി ഡോര്‍ അടച്ചു.
എന്തായിരുന്നു ആ അവസാനത്തെ ചോദ്യം? ഊഹിയ്കാമോ?
"ആജ്‌ മോസം ഹൗ ആര്‍ യൂ?" !!!

*****************

Wednesday, August 22, 2007

എന്റെ ഓണം

കേട്ടുമറന്നൊരു പൂവിളി കാതിന്നമൃതം പകരുമ്പോള്‍,
പാടിപ്പഴകിയൊരോണപ്പാട്ടെന്നോര്‍മയിലൊഴുകുമ്പോള്‍,

വാസന്തം വന്നോരോ തളിരിലുമുണരുവതറിവൂ ഞാന്‍..
ആനന്ദത്തിന്നലയൊലിയെങ്ങും പടരുവതറിവൂ ഞാന്‍..

പാടവരമ്പത്തെങ്ങോ മെതിയടിയമരുവതറിവൂ ഞാന്‍..
ഓലക്കുടയുടെ കീഴില്‍ മാബലിയണയുവതറിവൂ ഞാന്‍..

ആടും പൊന്‍കതിര്‍ മിന്നും വെയിലിന്നാടയതണിയുമ്പോള്‍,
മാറും മാമല നാടിന്‍ മായിക രൂപം കാണ്മൂ ഞാന്‍..

ആഴക്കടലിന്നിക്കരെ നോവിന്‍ നീറുകളിഴയുമ്പോള്‍,
തീമഴ പൊഴിയും കനവില്‍ വീണ്ടും കനലുകളെരിയുമ്പോള്‍,

ഓണനിലാവിന്‍ കുളിരെന്നുയിരായലിയുവതറിവൂ ഞാന്‍..
ആശ്വാസത്തിന്‍ തൂവലിതെന്നെത്തഴുകുവതറിവൂ ഞാന്‍..!!

Monday, June 18, 2007

മഴ..വീണ്ടും മഴ..പിന്നെയും മഴ..!!


നെറുകയില്‍ വീണ ആദ്യത്തെ മഴത്തുള്ളി, അമ്മയുടെ തലോടല്‍ പോലെ..ഉഷ്ണത്തിന്റെ തീവ്രതയില്‍ നിന്ന്, പച്ചപ്പിന്റെ ശീതളിമയിലേക്ക്‌ കാലെടുത്തു വച്ചപ്പോളുള്ള നിര്‍വൃതി.

വീട്ടിലെത്തുവോളം...

കണ്ണെത്തും ദൂരം വരെ വര്‍ഷത്തിന്റെ സമൃദ്ധി.

റോഡ്‌, പല ആകൃതിയിലും, വലിപ്പത്തിലുമുള്ള കുഴികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തിരി താഴ്‌ന്ന ഇടങ്ങളിലെല്ലാം, എന്റെ നെഞ്ചില്‍ ചവിട്ടിയേ മുന്നോട്ടൊരടി വെയ്കാനാവൂ.. എന്ന മട്ടില്‍ വിലങ്ങടിച്ചു നില്‍ക്കുന്ന ജലപ്രവാഹം.

കാറിന്റെ ഗ്ലാസ്സില്‍ പാറിവീഴുന്ന കുഞ്ഞുതുള്ളികളോട്‌ കുശലം പറയുന്ന തിരക്കിലാണ്‌ മക്കള്‍.

പണ്ട്‌, ഉമ്മറത്തിണ്ണയിലിരുന്ന്, വിശാലമായ മുറ്റത്ത്‌, കാറ്റിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്യുന്ന വെള്ളിനൂലുകളുടെ ലാസ്യഭംഗി ആസ്വദിച്ചിരുന്നത്‌ ഓര്‍മ വന്നു.

സന്ധ്യക്ക്‌ അനേകം മാളങ്ങളില്‍ നിന്ന് ജന്മസ്വാതന്ത്ര്യം ആഘോഷിക്കാന്‍ എത്തുന്ന ഈയാമ്പാറ്റകള്‍. ചീവീടുകളുടേയും, പോക്കാച്ചിത്തവളകളുടേയും വാദ്യമേളം.

അങ്ങിനെയങ്ങിനെ...എന്തെല്ലാം..

ഞങ്ങളെത്തിയതോടെ വീടുണര്‍ന്നു. പറയാനായി കൂട്ടി വെച്ച വിശേഷങ്ങള്‍ ഓരോന്നായി കെട്ടഴിക്കുന്ന തിരക്കായി പിന്നെ.

വീട്ടില്‍ എല്ലാവര്‍ക്കും "ഈ നശിച്ച മഴ"യെന്നേ പറയാനുള്ളൂ. വെള്ളം കെട്ടിനിന്ന് വാഴയും ചേമ്പും കേടായിപ്പോയതും, ഇടിവെട്ടുകൊണ്ട്‌ രണ്ട്‌ നല്ല തെങ്ങിന്റെ തലപോയതും, ടി.വി.യുടെ കേബിളും ടെലിഫോണ്‍ ലൈനും തകരാര്‍ ആയതും..

അങ്ങിനെ മഴയെ ശപിക്കാന്‍ കാരണങ്ങള്‍ക്ക്‌ ക്ഷാമമില്ല.

ഈ പറഞ്ഞതെല്ലാം ഇത്ര വലിയ കാര്യമാണോ എന്ന മട്ടില്‍, കുട്ടികള്‍ കഴിയുന്നത്രയൂം നേരം ഒരു കുടയുമായി മുറ്റത്തു തന്നെ. കടലാസു വഞ്ചിയും, അതിലെ യാത്രക്കാരായ ഉറുമ്പുകളും അവര്‍ക്ക്‌ നല്‍കുന്ന സന്തോഷം എത്രയോ വലുതാണ്‌.

.."മക്കളേ..കാലം നന്നല്ല. വല്ല പനിയോ മറ്റോ.."

അമ്മയെ സമാധാനിപ്പിയ്കാന്‍, ഒരു നിമിഷം വരാന്തയില്‍.. പിന്നെ പഴയപടി.

തൊടിയില്‍, മുട്ടോളം തഴച്ചു നില്‍ക്കുന്ന പുല്ലും, കുഞ്ഞിക്കൈകള്‍ എത്ര പിടിച്ചുലച്ചാലും, വെള്ളത്തുള്ളിയല്ലാതെ, ഒരൊറ്റ പൂവുപോലും താഴെ വീഴാതെ നോക്കുന്ന ചെമ്പകമരവും, നിറഞ്ഞുകവിഞ്ഞ കുളവും, രാത്രിയില്‍ താരാട്ടുപാടി ഉറക്കം കെടുത്തുന്ന കൊതുകുകള്‍ പോലും.. അവരില്‍ പുതുമ നിറഞ്ഞ അനുഭവമായിരുന്നു.

ദിവസങ്ങളോളം ആര്‍ത്തലച്ചു പെയ്യുന്ന മഴക്കു കൂട്ടായി, പുറത്തിറങ്ങാതെ. 'തുള്ളിക്കൊരു കുടം' എന്നതെല്ലാം 'ഔട്ട്‌ ഓഫ്‌ ഫാഷന്‍' ആയി; മൂന്നു നാലു കുടം എന്നായിരിക്കുന്നു. അഞ്ച്‌ നിമിഷത്തിനുള്ളില്‍ മുറ്റത്ത്‌ വെള്ളമുയരും. ഒഴുകിപ്പോകാനുള്ള പാടവും തോടും മിക്കയിടത്തും നമ്മള്‍ അതിവിദഗ്ധമായി മണ്ണിട്ട്‌ നികത്തിയിരിക്കുകയല്ലേ..

ദൂരെയുള്ള ബന്ധുക്കളേയും, സുഹൃത്തുക്കളേയും ഫോണ്‍വിളികളിലൊതുക്കി.

അതിനിടെ, വീട്ടിലെല്ലാരും ആഘോഷിച്ച, "ഗുനിയ" പോലെ ബ്രാന്‍ഡഡ്‌ ഒന്നുമല്ലാത്ത, ചെറുവക അസുഖങ്ങളില്‍ ഞങ്ങളും ആവും വിധം പങ്കു ചേര്‍ന്നു.

തിരിച്ചുപോരാനുള്ള ദിവസത്തിന്‌ മുന്‍പ്‌ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ്‌ പെരുമ്പാമ്പു പോലെ.. നീണ്ടു കിടന്നു.

ഒടുവില്‍, കുറേ ഹ്രസ്വസന്ദര്‍ശനങ്ങളുടെ സുഖവും, പങ്കുവെച്ച സൗഹൃദങ്ങളുടെ മധുരവും, മനസ്സിലേറ്റി,... മടക്കയാത്ര.

എയര്‍പ്പോര്‍ട്ടെത്തുന്നതു വരെ, മഴ പരിഭവിച്ചു നിന്നു. കാറില്‍ നിന്നും പുറത്തിറങ്ങിയതും, ഞങ്ങളെ യാത്രയാക്കാനെന്നോണം.. ഓടിയെത്തി....

നെറുകയില്‍ തഴുകി, മൂര്‍ദ്ധാവില്‍ ചുംബിച്ചു...

പിന്നെ....വാല്‍സല്യം കണ്ണുനീരായി പെയ്തിറങ്ങി.

വീണ്ടുമുള്ള കാത്തിരിപ്പിന്റെ ദിനങ്ങളിലേക്ക്‌ പറന്നു നീങ്ങവേ.. ആ നീര്‍ത്തുള്ളികള്‍ എന്റെ കണ്ണിലും പടര്‍ന്നിരുന്നു...


Thursday, June 7, 2007

പിന്‍‌വിളി

അസ്ഥികൂടം വിതാനിച്ചപോലെ ക്രെയിനുകള്‍ നിറഞ്ഞ മേല്‍ക്കൂര. അതിനിടയിലൂടെ കാണുന്ന ആകാശത്തുട്ടുകള്‍ക്ക്‌ മങ്ങിയ ചാരനിറം.

താഴെ തലങ്ങും വിലങ്ങും കൂട്ടിക്കെട്ടി ഏതുസമയവും പുറംലോകബന്ധം വിച്ഛേദിക്കാന്‍ കുത്തിയൊഴുകിവരാവുന്ന കോണ്‍ക്രീറ്റ്‌ പ്രവാഹം കാത്തുകിടക്കുന്ന ഇരുമ്പുകമ്പികള്‍.

ചുറ്റിലും ക്ഷീണമറിയാതെ, അറിഞ്ഞാലും ഭാവിക്കാനാവാതെ അവസാനവീര്‍പ്പുവരെ അധ്വാനിക്കാന്‍ വിധിക്കപ്പെട്ട കുറെ മനുഷ്യശരീരങ്ങള്‍. സ്വന്തം ആത്മാവ്‌, ജന്മഗൃഹത്തിന്റെ മേല്‍ക്കൂരയില്‍ തന്റെ കുടുംബത്തിന്‌ കാവലായി, തണലായി നിര്‍ത്തിക്കൊണ്ടാണല്ലൊ അവര്‍ ഈ സ്വര്‍ണ്ണമൊഴുകുന്ന നാട്ടില്‍ ഭാഗ്യം തേടി വന്നത്‌.

അങ്ങുദൂരെ..

ചന്ദനശീതളിമ ഭൂമിയിലൊഴുക്കുന്ന ചന്ദ്രബിംബത്തിനുപോലും കണ്ടാസ്വദിക്കാന്‍ പാകത്തില്‍, പനമരത്തിന്റെ രൂപത്തിലുള്ള ദ്വീപുകള്‍ വാര്‍ത്തെടുക്കുന്ന തിരക്കിലാണവര്‍....സ്വശരീരത്തിന്റെ യാതനകളെപ്പറ്റി ചിന്തിക്കാനുള്ള മനസ്സ്‌ എന്നേ കൈമോശം വന്നവര്‍.

ആരുടെയൊക്കെയോ തലച്ചോറിലൂടെയും പിന്നെ ചായക്കോപ്പയിലൂടെയും വീശിയടിച്ച കൊടുങ്കാറ്റില്‍ കടലിലേക്ക്‌ തലതല്ലി വീണുപോയ പനമരം.

...എന്റെ നാട്ടില്‍, വീടിന്റെ പടിഞ്ഞാറുഭാഗത്തൊഴുകുന്ന കനോലിക്കനാലിന്റെ കരയില്‍ നിന്നിരുന്ന ചമ്പത്തെങ്ങ്‌ ഒരു മഴക്കാലത്ത്‌ പുഴയില്‍ തലയടിച്ചു വീണിട്ടും..വീഴാന്‍ സമ്മതിക്കാതെ ബലിഷ്ട്ഠമായ വേരുകള്‍ സ്നേഹപൂര്‍വം പിടിച്ചുനിര്‍ത്തിയതും.. പിന്നെ വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക്‌ ജലകേളികള്‍ക്ക്‌ രംഗമായതും...

ചുവപ്പുരാശി കലര്‍ന്ന ആകാശച്ചെരുവിലൂടെ, കാലത്തു കിഴക്കോട്ട്‌ പറന്ന പക്ഷിസമൂഹം തിരിച്ചു ചേറ്റുവാക്കടപ്പുറത്തിനപ്പുറത്ത്‌ സാഗരസ്നാനത്തിനൊരുങ്ങുന്ന പകലോനെ നോക്കി തിരിച്ചു പറക്കുന്നതിന്റെ ബഹളം കാതിലിപ്പോഴുമുണ്ട്‌.

പുഴയോരത്തു മഞ്ഞക്കുപ്പായത്തില്‍ കാപ്പിക്കളര്‍ പൊട്ടിട്ട പനച്ചോത്തിന്‍ പൂവുകള്‍ മുള്ളുതട്ടാതെ പറിച്ചെടുക്കുമ്പോള്‍ പൊന്തക്കുള്ളില്‍ ഓടിമറയുന്ന കുളക്കോഴികളെ ഉന്നം നോക്കുന്ന കൗതുകം.

മണ്ണിര കോര്‍ത്ത ചൂണ്ടല്‍ ടാങ്കീസില്‍ക്കെട്ടി ധ്യാനനിരതമായി തൂങ്ങിപ്പിടിച്ചിരിക്കുന്നതും, പൊട്ടിയ ഓടിന്റെ ചീള്‌ പുഴവെള്ളത്തില്‍ ചായ്ച്ചെറിഞ്ഞ്‌ എത്ര തവണ അതു തെന്നിപ്പറന്നു എന്നു കണക്കെടുക്കുന്നതിനു റഫറി അശ്വാരൂഢഭാവത്തില്‍ ഉപവിഷ്ടനാവുന്നതും പാതിവീണ കേരവൃക്ഷ സിംഹാസനത്തിലാണ്‌.

ചാഞ്ഞ തെങ്ങില്‍ കയറിനിന്ന് മലക്കംമറിഞ്ഞ്‌ പുഴയുടെ കൈകളിലേക്ക്‌ ചാടുമ്പോള്‍..പറ്റുന്നത്ര തുന്നാംതലപ്പിലിരുന്ന് 'കടലിനക്കരെപ്പോണോരേ..'എന്ന് തൊണ്ട പൊട്ടുമാറ്‌ നീട്ടിപ്പാടി പ്രതിധ്വനിയുടെ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍..

ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ല..

അക്കരെപ്പോകുന്ന കൂട്ടരില്‍ ഞാനും ഒഴുകിച്ചേരുമെന്ന്.

...വാക്കുകള്‍ക്കെത്താവുന്നതിനേക്കാള്‍ എത്രയോ ആഴത്തില്‍..ആ തെങ്ങും പുഴയും ജീവിത്തില്‍ പടര്‍ന്നിറങ്ങിയിരുന്നു.

..എന്റെ പുഴ; ഞങ്ങളുടെ പുഴ.

എന്തിനെല്ലാമോ സാക്ഷിയായ പുഴ.

ഒടുവില്‍.. ഒഴുകിയൊഴുകി അറബിക്കടലില്‍ അലിഞ്ഞില്ലാതാകുന്ന പുഴ.

..അതെ. അതേ അറബിക്കടലാണ്‌ മുന്നില്‍.

രണ്ടടി നടന്നപ്പോള്‍..കുഞ്ഞുതിരകള്‍ കാലില്‍ത്തൊട്ടു വിളിക്കുന്നു.

നിന്നു; കടലിനെ ഒരു കുടന്ന തീര്‍ത്ഥമായി കോരിയെടുത്തു. എന്റെ പുഴവെള്ളത്തില്‍ കണ്ടിരുന്ന അതേ മുഖം.

കുറച്ചുകൂടി അടുത്തു ചെന്നു. ജലം ആര്‍ത്തുല്ലസിച്ചു കൈകള്‍ നീട്ടി എതിരേറ്റു.

.."എനിക്കറിയാം നിന്നെ,.. നീ എന്റെ കുഞ്ഞല്ലേ.."

അതെ. പണ്ട്‌ നീ താലോലിച്ച അതേ കുഞ്ഞ്‌.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണുകിട്ടിയ ജന്മബന്ധം.

ആഹ്ലാദത്തിലേക്ക്‌ ഊളയിട്ടിറങ്ങി മുങ്ങുമ്പോള്‍ കാതുകളില്‍ പുഴയുടെ സംഗീതം.

മേലാകെ.. മനസ്സാകെ കുളിര്‌.

ആര്‍ത്തിയോടെ വീണ്ടും വീണ്ടും മുങ്ങി.

നിവര്‍ന്നെണീക്കാന്‍ തോന്നിയില്ല.

ഞാന്‍.....

കൗമാരത്തിലേക്കും.. കുസൃതി നിറഞ്ഞ ബാല്യത്തിലേക്കും.. പിച്ചവെക്കാന്‍ വെമ്പുന്ന ശൈശവത്തിലേക്കും.. പതിയെപ്പതിയെ അമ്മയിലേക്കും തിരിച്ചു നടന്ന്‌.. ജീവന്റെ കണികയായി..

..അതിനുമപ്പുറം സമയതീരങ്ങളില്‍ നിന്നകന്ന്‌ പ്രപഞ്ചചൈതന്യത്തില്‍ ഒരു പ്രകാശബിന്ദുവായി ലയിച്ച്‌..

"സാര്‍"

ങ്ങ്‌ഹേ..

"വൊ ആപ്‌കൊ ബുലാരെ.."


ഹോ..

ജലപ്പരപ്പിനു മുകളിലെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വീണ്ടും..






Saturday, June 2, 2007

പാവം പാവം ചെമ്പരത്തി

അങ്കച്ചമയത്തിന്‌ അമ്പലപ്പറമ്പിലെ ചെമ്പരത്തിപ്പൂവിനോട്‌ സിന്തൂരം ചോദിച്ചിരുന്ന കാലം....
പ്രിയദേവനെക്കണ്ടോന്ന് ചോദിച്ചുകൊണ്ട്‌ കവിളിലൊന്നു തലോടി പെണ്മണികള്‍ പുഞ്ചിരി സമ്മാനിച്ചിരുന്ന കാലം....

ഇന്നിപ്പോള്‍...

ഓര്‍ക്കിഡ്‌ പിള്ളാര്‍ക്കും, ആന്തൂറിയം കൊച്ചുങ്ങള്‍ക്കും, ചുണ്ടിലൊരു പരിഹാസം! കണ്‍കോണിലൊരു പുച്ഛരസം! "ലവനേതെന്ന" ഭാവം!!
പണ്ട്‌ അതിര്‍ത്തിയില്‍ പതിച്ചിരുന്ന ഉരുളന്‍കല്ലൊക്കെ മുറ്റത്ത്‌ അടുക്കിപ്പെറുക്കി, പറിച്ചു കളഞ്ഞിരുന്ന പുല്ലൊക്കെ തിരിച്ചെടുത്ത്‌ നട്ടുവളര്‍ത്തി, "ലാന്‍ഡ്‌സ്കേപ്പ്‌" എന്നൊരു മഹാസംഭവം ഉണ്ടാക്കിയെടുത്ത "മോഡേണ്‍ ഗാര്‍ഡന്റെ" പശ്ചാത്തലത്തില്‍ അവരങ്ങിനെ വിലസുകയല്ലേ..
അല്ലെങ്കില്‍ത്തന്നെ അവരെയെന്തിന്‌ പറയുന്നു? ദോഷൈകദൃക്കുകള്‍, ചിലനേരങ്ങളില്‍ ചിലരുടെ ചെവിക്കുറ്റി അലങ്കരിക്കാന്‍ മാത്രമാണ്‌ ചെമ്പരത്തി എന്ന രീതിയിലല്ലേ ഓരോന്ന് ചിത്രീകരിച്ചു വെച്ചിരിക്കുന്നത്‌?
എന്നും സര്‍വ്വേശ്വരന്‍ തന്നെ തുണ.
പൂന്തോട്ടത്തിലെ "ആസ്ഥാനപുഷ്പം" എന്ന പദവിയില്‍ നിന്ന് നിഷ്ക്കാസിതനായിട്ടാണ്‌..ഇന്നീ പുറം വേലിയില്‍..
...ഹും...ഇനി ആരെങ്കിലുമൊക്കെ ഈ പാവത്തിനെ ഒന്നു പരിഗണിക്കണമെങ്കില്‍ അമേരിക്കക്കാരന്‍ ഒരു "പേറ്റന്റ്‌" അവകാശത്തിന്റെ അട്ടഹാസം മുഴക്കേണ്ടി വരുമോ..!!!
സ്വന്തമായുള്ളതിന്റെ വിലയറിയാതെ, അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെയുള്ള ഉദാസീനതയുടേയും അവഗണനയുടേയും ലോകം ഒരു വശത്ത്‌; കണ്ടതും കേട്ടതും വെട്ടിപ്പിടിച്ചു സ്വന്തമാകാനുള്ള ആര്‍ത്തി നിറഞ്ഞ ലോകം മറുവശത്ത്‌.
വിചിത്രമായ ചുറ്റുപാടുകളില്‍ ഒട്ടൊരു വ്യാകുലതയോടെ, ഒരു പൂവ്‌, ചങ്കില്‍ നിന്നും പറിച്ചെടുത്ത്‌ തന്നെച്ചൂഴുന്ന അലസസമൂഹത്തിനു നേരെ നീട്ടി..
..പാവം പാവം ചെമ്പരത്തി.

Thursday, May 24, 2007

നീയും ഞാനും

നിന്നെ ഞാന്‍ തേടിത്തിരഞ്ഞൂ..നോക്കി-
യെന്‍ മിഴിപ്പക്ഷി കരഞ്ഞൂ..
കേണു ഞാനാകെത്തളര്‍ന്നൂ..വീണു-
തേടി ഞാനെങ്ങുമലഞ്ഞൂ
ഉരുകുന്ന മണലാഴി താണ്ടി..പിന്നെ-
ഘോര കാന്താരത്തിലെത്തീ
കണ്ടില്ല നിന്നെയങ്ങെങ്ങും..വീണ്ടു-
മെത്തി ഞാനിത്രയും ദൂരം
ഒടുവില്‍ത്തിരഞ്ഞെത്തിയെന്നില്‍..മിന്നു-
മെന്‍ മനോബിംബത്തിനുള്ളില്‍
മൗനമേ നിന്നെ ഞാന്‍ കേട്ടൂ..മായാ-
രൂപമായ് നിന്നെ ഞാന്‍ കണ്ടൂ
എന്നിലെ നിന്നെയറിഞ്ഞൂ..അതു-
നീയായിരുന്നുവോ..ഞാനോ..???

Sunday, May 20, 2007

സംസ്കൃതി

"എനിക്കു സാന്‍സ്ക്രീറ്റ് പഠിക്കണം, പറ്റ്വോ?"..

സ്കൂളില്‍ നിന്നു വന്നു പുറത്തേറ്റിയിരുന്ന ബാഗ് , ഷോള്‍ഡര്‍ മാത്രം ചലിപ്പിച്ച് നിലത്തേക്കു കുടഞ്ഞിട്ട് " ധും" എന്നൊരു ശബ്ദവും കേള്‍പ്പിച്ച് നിഷ്ക്കളങ്കമായ മുഖഭാവത്തൊടെ അവന്‍ എന്നെ നോക്കി ചോദിച്ചു. എത്രയോ തവണ അരുതെന്നു വിലക്കിയിട്ടുള്ളതും; ഇപ്പോഴും, ആവര്‍ത്തിച്ച ശേഷം 'സോറി' പറയുന്നതുമായ ആ ‘ഡീഫാള്‍ട്ട്’ ബാഗിടല്‍ കര്‍മ്മം, ചെറിയൊരു ബഹളം വെയ്ക്കലിനു പര്യാപ്തമായിരുന്നുവെങ്കിലും അവന്റെ പുതിയ ചോദ്യം എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചു.
"സംസ്കൃതം പഠിക്കാന്‍ അത്ര വിഷമൊന്നുള്ള കാര്യല്ല.. പക്ഷേ ഈ നാട്ടില്..അതിന്റെ ക്ലാസ്സുണ്ടോന്ന് അറീല്യ..ന്നാലും നോക്കാം."
ധ്രൃതിയില്‍ മേല്‍കഴുകിവന്ന മകനു ചോറു വിളമ്പിക്കൊടുത്തു.
"എന്തേ..പ്പൊ ഇങ്ങിനൊന്നു പഠിക്കണംന്ന് തോന്നാന്‍?" പെട്ടെന്നു പൊട്ടിമുളച്ച ആഗ്രഹത്തിനു പിന്നിലെ പ്രചോദനം അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചു.
"അദൊക്കിണ്ട്, ഞാന്‍ പിന്നെ പറയാം." അവന്‍ എന്തോ കാര്യമായ ത്രില്ലിലാണു.
രണ്ടാഴ്ച മുന്‍പു യാദൃശ്ചികമായി കേട്ട ഒരു ശ്ലോകത്തിന്റ അര്‍ത്ഥം അവന്‍ ചോദിച്ചറിഞ്ഞതു ഓര്‍ത്തു. സംസ്കൃതം എന്നതു വളരെ പണ്ടുകാലത്തുള്ള ഒരു ഭാഷയാണു എന്നതിലുപരി അറിവൊന്നും അവനില്ല. എന്തായാലും, അവന്റെ പുതിയ ചിന്തകള്‍ എനിക്കും സന്തോഷം നല്‍കി.
ദേവനാഗിരീലിപിയുടെ ആദ്യാക്ഷര‍ങ്ങള്‍ എഴുതിച്ച ലീലടീച്ചറെ ഓര്‍മ്മവന്നു. ക്ലാസ്സിലെ ആദ്യ ആഴ്ച്ചകളിലൊന്നില്‍, 'പുരി'എന്നതിനു പകരം, വളരെ ആലോചിച്ചു കഷ്ട്ടപ്പെട്ട് മാത്രകളൊക്കെ മനസ്സിലിട്ടുരുട്ടി 'പൂരി" എന്നു വായിച്ചൊപ്പിച്ചതും; "ന്താ...എപ്പൊഴും ശാപ്പാടിന്റെ ഓര്‍മ്മ്യാ..ല്ലേ.." എന്ന ടീച്ചറുടെ കമന്റും. ക്ലാസ്സിലെ കൂട്ടച്ചിരിക്കിടയില്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു.
ഗംഗാതടത്തിലെ ഇരുണ്ടു ഇടതൂര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന പുല്‍ക്കാടുകളിലേക്ക് മേയാനായി കയറിപ്പോകുന്ന വെളുത്ത സുന്ദരിയായ നന്ദിനിയും, അവളുടെ കുളമ്പിന്റെ സ്പര്‍ശനത്താല്‍ പറന്നുപൊങ്ങുന്ന പൊടി പോലും പുണ്ണ്യമെന്നു കരുതി പരിപാലനോല്‍സുകനായി ദിലീപ മഹാരാജനും, അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടു ഗുഹാന്തര്‍ഭാഗത്തുനിന്നു പശുവിന്റെ മേല് ചാടിവീണ സിംഹവും നിറഞ്ഞ മായാചിത്രം. "മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ താഴ് വരയില്‍ പാച്ചോറ്റി പൂത്ത പോലെ"യെന്ന കാളിദാസഭാവന ടീച്ചര്‍ വിവരിക്കുമ്പോള്‍ , നനുത്ത ശീകരങ്ങളാള്‍ ഈറനുടുത്ത അന്ത:രീക്ഷത്തിന്റെ കുളുര്‍മ്മ പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്.
കഥ കുമാരസംഭവത്തിലേക്ക് കടന്നപ്പോള്‍, പാര്‍വ്വതിയുടെ അംഗപ്രത്യംഗവര്‍ണ‍ ണനകള്‍ ഇഞ്ചോടിഞ്ച് ചേര്‍ത്ത് അടുക്കി മെനഞ്ഞെടുത്ത വരികള്‍. മറ്റേതൊരു ക്ലാസ്സിലും നാളിതുവരേയും കാണിയ്ക്കാത്തത്ര ശുഷ്ക്കാന്തിയോടെ ആണ്‍പ്രജകള്‍. നൂറുകണക്കിനു സംശയങ്ങള്‍ ആവേശപൂര്‍വം മുന്‍പില്‍ നിരത്തി വെയ്ക്കുമ്പോള്‍, വില്ലന്മാരുടെ വിജ്ഞാനദാഹംകൊണ്ടു പൊറുതിമുട്ടിനില്‍ക്കുന്ന ടീച്ചര്‍. അതിലേറെ കഷ്ട്ടമായ അവസ്ഥയില്‍ ‍ഞങ്ങള്‍ അഞ്ച് പേരുടെ പെണ്‍സമൂഹം.
വിണ്ണോളമെത്തുന്ന ഭാവനാലോകത്തിന്റെ വാതായനങ്ങളിലൂടെ..സൂര്യതേജസ്സില്‍, വെള്ളിപ്രഭയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊടുമുടികള്‍.. അങ്ങുദൂരെ ഉയരങ്ങളിലെവിടെയോ മാനസ സരോവരം. കൈലാസനാഥന്റെ കേളീരംഗം. ഹിമഗിരിതനയേ..ഹേമലതേ..
ഗംഗാനദിയിലെ ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞോളങ്ങളില്‍നിന്ന് ഒരു കുടന്ന ജലം എന്റെ മുഖത്തു ചിതറി വീണു.
"അമ്മ സ്വപ്നം കാണാണോ?"..
നനഞ്ഞ കൈകളിലെ വെള്ളം എന്റെ മുഖത്തേക്കു തെറിപ്പിച്ച് കുസ്രുതിയോടെ മകന്‍.
"അതേയ്, കമ്പ്യൂട്ടര്‍ സാറു പറയ്യാ..സാന്‍സ്ക്രീറ്റിന്റെ ഗ്രാമാറ്റിക് സ്റ്റൈല് കമ്പ്യൂട്ടറിന്റെ ബ്രൈനിനു ഏറ്റവും പറ്റിയ ലാങുവേജ് ആണെന്ന്. അതില് വെല്യ റിസേര്‍ച്ച് ഒക്കെ നടക്കുന്നുണ്ടത്രെ. ഞാന്‍ ‍വലുതാവുമ്പൊഴേക്ക് അതല്പം പഠിച്ചാല് കാര്യങ്ങള് എളുപ്പല്ലേന്ന് വെച്ചിട്ടാ.. അമ്മയ്ക്ക് ഗ്രാമര്‍ അറിയെങ്കില് അമ്മ പഠിപ്പിച്ചാലും മതി."
.......ഹോ..ഇതെല്ലാം എന്റെ അഞ്ചാം ക്ലാസ്സുകാരന്റെ future calculations ആയിരുന്നോ..
ഹിമവാന്റെ മടിത്തട്ടില്‍ നിന്ന് ഈ ഊഷരഭൂമിയിലെ, ജൂണിലെ പൊള്ളുന്ന മധ്യാഹ്നത്തിലേക്ക് എടുത്തെറിയപ്പെട്ട ജാള്യത മറയ്ക്കാന്‍ ഒരു ഉണങ്ങിയ ചിരി ചുണ്ടിലൊട്ടിച്ച്... "അമ്മയ്ക്കറീല്ല കുട്ട്യേ,അമ്മ പഠിക്കുന്ന കാലത്തു ജീവിതം ഇത്രയും മെക്കാനിക്കല്‍ ആയിരുന്നില്ല" എന്ന് പറഞ്ഞൊപ്പിച്ച്, കുഴക്കുന്ന അടുത്ത ചോദ്യങ്ങളിള്‍ നിന്നും രക്ഷപ്പെടാന്‍ ‍മെല്ലെ പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് നടന്നു.

Thursday, May 10, 2007

ആത്മാംശം..

പുലര്‍കാലസഞ്ചാരി തെന്നല്‍ തലോടവെ
മൃദുവായ്ക്കരഞ്ഞുണര്‍ന്നെന്നെയുണര്‍ത്തുവാന്‍
മഞ്ഞമുളകള്‍ക്കിടയിലൂടെത്തങ്ക..
നൂലിഴപ്പരുവത്തിലെന്‍ കിളിവാതിലൂ-
ടെത്തിനോക്കി; സ്സുപ്രഭാതമര്‍പ്പിക്കുന്ന
ബാലാര്‍ക്ക രശ്മി കണി കാണാന്‍ കൊതിപ്പു ഞാന്‍..

കൈത്തിരിയില്‍ നിന്നൊരിത്തിരി വാര്‍ന്നെടു-
ത്തമ്മയടുപ്പിന്നു ജീവന്‍ കൊടുക്കവെ
ഉഛ്വാസ വായുവിന്‍ പിന്‍ബലത്താല്‍ വിറ-
കെത്തിപ്പിടിയ്ക്കുന്ന നാളങ്ങളില്‍ നിന്നു-
മൊറ്റക്കുതിപ്പില്‍ ചെറൂജാലകത്തിലൂ-
ടേറ്റമുയര്‍ന്നുല്ലസിച്ചു പോകും പുക-
ച്ചുരുളുകള്‍ തീര്‍ക്കുന്ന മായിക ലോകത്തി-
ലൊരുമാത്ര ചുറ്റിപ്പറക്കാന്‍ കൊതിപ്പു ഞാന്‍.

മാധുര്യമേറും നറും പാല്‍ നുകര്‍ന്നുടല്‍
തുള്ളിച്ചു പായും പശുക്കിടാവിന്‍ പിന്നി-
ലൊപ്പമോടും വള്ളിയെത്തിപ്പിടിച്ചു തൊടി
യൊട്ടാകെയോടി നടക്കാന്‍ കൊതിപ്പു ഞാന്‍.

മുക്കുറ്റി തന്നുച്ചഭാഷിണിക്കൂട്ടവും
തെന്നിപ്പറക്കുന്ന തുമ്പിക്കിടാങ്ങളും
തുമ്പക്കുടങ്ങളും കൊങ്ങിണിപ്പൂക്കളും
വര്‍ണം വിതച്ച ഗതകാലങ്ങളോര്‍പ്പു ഞാന്‍.
* * * * * * * * * *
സങ്കല്പ്പ ലോകസമാനമീയുള്‍ക്കടല്‍-
ത്തീരം മനോഹരം ആമോദ ദായകം
ഒഴുകുന്ന സ്വര്‍ണഖനിയമരുമീ ഭൂവിങ്ക-
ലുയരത്തിലേറ്റിപ്പടുത്തൊരു കൂട്ടിലെ
ചില്ലു ജനാലകള്‍ക്കിപ്പുറത്തേയ്ക്കായി
തെല്ലു നുണഞ്ഞു നിന്നോട്ടെ ഞാനോര്‍മ്മകള്‍!!
അന്ത:രംഗത്തിന്നകക്കണ്ണിലൂടെക്ക-
ടന്നെത്തുമായിരം കുപ്പിവളപ്പൊട്ടു-
മെണ്ണുവാനാകാത്ത മുത്തുമണികളും
പൂത്തുലഞ്ഞാടുന്ന പൂമരച്ചില്ലയും
പീയൂഷ നിര്‍ഭര സ് നേഹകാവ്യങ്ങള്‍: ഞാന്‍
വായിച്ചു തീര്‍ന്നില്ല; നില്‍ക്കൂ.. ദിനങ്ങളേ..!!

Thursday, May 3, 2007

നമസ്കാരം..

..ഭൂലോക നിവാസികളേ...വന്ദനം.. ഈ മായിക ലോകത്തിലേക്കു പ്രവേശിക്കാന്‍ എനിക്കും അനുമതി തരൂ..