Wednesday, February 29, 2012

കോഴിയങ്കം

വെയില്‍ ചാഞ്ഞു മയങ്ങുമ്പോള്‍
അപ്പുറത്തെ കെട്ടിടച്ചായ്പ്പില്‍
എരിഞ്ഞുണരുന്ന തീക്കൂട്‌
ഏറെക്കാലമായി കാണുന്നുണ്ടെന്റെ ജനലുകള്‍

കാഴ്ചയുടെ തനിയാവര്‍ത്തനത്തില്‍
ഭയമോ ആകുലതയോ സഹതാപമോ എന്ന്‌
കനംതൂങ്ങും വികാരങ്ങള്‍
തിരിയന്‍കമ്പിയിലെ
പൊള്ളുന്ന കോഴികളില്‍ വീണു;
മേല്‍വരിയില്‍ നിന്ന്‌ താഴേയ്ക്ക്‌ താഴേയ്ക്ക്‌
താവഴികളിലേയ്ക്ക്‌ തീച്ചാലുകീറി

പച്ചിലയും തക്കാളിച്ചുണ്ടും അലങ്കരിച്ച്‌
തീറ്റപ്പണ്ടങ്ങളുണ്ടായ്‌വരുന്നു

തീന്‍മേശ എറിഞ്ഞ
കോഴിത്തുണ്ടുകള്‍ കൊത്തിത്തിന്ന്‌,
കയ്യനക്കത്തിനൊത്ത്‌ കൊക്കി,
കസേരക്കാല്‍ വലംവെയ്ക്കാറുണ്ടൊരങ്കവാലന്‍

ഷവര്‍മക്കടയില്‍ വെളിച്ചമുറങ്ങുംവരെ,
ആര്യവേപ്പിന്‍തടം ചിക്കിയും
അങ്കത്തൂവലൊതുക്കിയുമുലാത്തും മന്നന്‍

വെട്ടുചോര മോന്തും തോമയെ ഓര്‍ത്തു;
ബെല്‍റ്റും വയറും വീര്‍ത്ത
അങ്ങാടിപ്പിരിവുകാരനെയോര്‍ത്തു;
കത്തിമുനകൊണ്ട്‌ താടിചൊറിയും
മറ്റനേകരെയോര്‍ത്തു..

എന്തുകൊണ്ടോ...
പച്ചതിളങ്ങും വെയിലുനോക്കി
ചിറകടിച്ചുകൂവുന്ന
നാടന്‍പൂവനെ ഓര്‍മ്മവന്നില്ല...

****************************
വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, അബുധാബിയില്‍ ഒരു ഷവര്‍മക്കടയിലെ നിത്യക്കാഴ്ചയായിരുന്ന പൂവന്‍കോഴിയ്ക്ക്‌...

Sunday, February 12, 2012

പനി'നീരൊ'ഴുക്ക്‌

എത്ര വേണ്ടെന്നുവച്ചാലും
തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകളുണ്ട്‌
ആശ്വാസധമനിയുടെ വാല്‍വ്‌ തുറക്കുന്നവ

വിരല്‍ച്ചില്ല ഇറുക്കിയിറുക്കിപ്പിടിച്ച മധുരക്കനി
ചളിയിലും മാന്തോപ്പ്‌ കിളിര്‍പ്പിക്കാമെന്ന്‌
വീണുപോകുന്നത്‌

പെറ്റിട്ടുപേക്ഷിച്ചവള്‍
കെടുതിക്കാറ്റിനുശേഷവും
കെട്ടുപോകാത്ത തൈമരത്തെ
കുഞ്ഞേ..യെന്ന്‌ തിരഞ്ഞെത്തുന്നത്‌,

ചിരിച്ച്‌ വെളുപ്പിച്ചോരൊക്കെയും
നിമിഷത്തിന്‍ തികട്ടല്‍ക്കറയില്‍
ഒറ്റനൂല്‍ബന്ധം പൊട്ടി,
കാണാതെയും, കണ്ടാല്‍ മിണ്ടാതെയുമാകുന്നത്‌,

വ്രണം മാന്തിയും കണ്ണുകൂര്‍പ്പിച്ചും
ചുരുണ്ട ദേഹത്തില്‍ നിന്ന്‌
വെളിച്ചമഴിഞ്ഞുപോകുന്നത്‌

കടിച്ചൊതുക്കിയ കടിഞ്ഞാണ്‍
മൂര്‍ച്ചപ്പെട്ട വാക്കില്‍ത്തട്ടി
എതിര്‍നില്‍ക്കുന്നവന്റെ
മുഖത്ത്‌ തെറിക്കുന്നത്‌,

പനിക്കിടക്കയില്‍
തൊണ്ടയില്‍ വഴുതിയിറങ്ങും കഫക്കട്ട
ശ്വാസഗതി തെളിയിച്ചെടുക്കുന്നത്‌

തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകള്‍
അതിശയമോ അതിസുഖമോ തരുന്ന
ആശ്വാസവഴികള്‍ തുറന്നു വയ്ക്കുന്നു