കുഴലൂതും പ്രതിമകള്‍ക്കിടയില്‍,
പൊഴിയും പകലുപോലെ
തളര്‍ന്ന ശബ്ദം.
"പത്തു രൂപയ്ക്കൊരു കൃഷ്ണന്.."
ഒട്ടുന്ന വ്രണങ്ങള്‍
കൂടുകെട്ടിയ മുഖം,
ഉരുകുന്ന വെണ്ണനിറമുള്ള
ദാവണിത്തുമ്പാല്‍ മറച്ച്,
പ്രതീക്ഷാദീപം കണ്ണിലേന്തും പെണ്‍കുട്ടി.
ചാണകം അടര്‍ന്ന കോലായില്‍
കരിന്തിരി കത്തും വിളക്കും വയറും,
വായു കുറുകി വലിയ്ക്കും നെഞ്ചും
കൃഷ്ണപാദത്തില്‍ അര്‍പ്പിച്ചവള്‍ക്ക്,
വാടിയ സ്വപ്നത്തിന്
നിര്‍മ്മാല്യമല്ലാതെ
ശേഷിപ്പുകളില്ലെങ്കിലും...
വെയില് പിന്‍വാങ്ങുന്ന വഴികളില്‍
ചുണ്ടില്‍ വാള്‍ത്തല തിളക്കും
കശാപ്പുകാരുടെ
ചോര മണക്കുന്ന
പങ്കു വയ്പ്പുകളില്‍ നിന്ന്...
നിശ്ശബ്ദയാക്കപ്പെടുന്ന ഇരയുടെ
കണ്ണു തുളച്ച് തോരണം തൂക്കും
പത്രത്താളുകളുടെ
ആഘോഷങ്ങളില്‍ നിന്ന്...
വിണ്ടുകീറിയ ജീവിതം
മുഖത്തെഴുതി,
വിരൂപമാം കോലം ചാര്‍ത്തി,
നിന്റെ പാല്‍ക്കുടം
കാക്കുന്നുവല്ലോ.. കണ്ണന്.
*********************************
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍ എന്ന വരിയിലൂടെ, ഇങ്ങനെയൊരു മുഖത്തിന്റെ പ്രതിഫലനം പകര്‍ത്താന്‍ പ്രചോദനമേകിയ ശ്രീ. മനുവിനോടുള്ള കടപ്പാട്, വാക്കുകളിലൊതുക്കാന്‍ ശ്രമിയ്ക്കാതെ, സ്നേഹപൂര്‍വ്വം ബാക്കി വയ്ക്കുന്നു...