Monday, October 3, 2011

ദൈവത്തിന്റെ വേവലാതികള്‍

ആദ്യമുണ്ടാക്കിവച്ച മൂശയില്‍
പണിതെടുത്തവയില്‍,
ഉള്ളറയിലേയ്ക്ക്‌
ഓരോരോ ദിശയില്‍ നിന്നും
ഒഴുകിവരുന്ന വഴികളുണ്ടായിരുന്നു

അവ വന്നുമുട്ടുന്നിടത്ത്‌
അയലത്തേയ്ക്കൊരു ചില്ലകൊടുത്ത വരിയ്ക്കപ്ലാവും
ആല്‍മരം ചൂളമടിയ്ക്കുന്ന കുളിക്കടവും
നനഞ്ഞൊട്ടിയ സിനിമാപ്പരസ്യവുമായി,
ചേര്‍ത്തടച്ചാലും
പുറംലോകമെത്തിനോക്കുന്നത്ര നേര്‍ത്തതോ
കാറ്റിലുലയുന്നതോ
തിരിക്കുറ്റികള്‍ കരയുന്നതോ ആയ
വാതിലുകളുണ്ടായിരുന്നു

വെളിച്ചത്തിന്റേയും
തണുത്ത സങ്കടത്തിന്റേയും
കരകളെ മാറിമാറിത്തൊടുന്ന
വാതില്‍പ്പാളികളുണ്ടായിരുന്നു

പുതിയ പണിത്തരങ്ങളില്‍
എന്തൊക്കെ ചെയ്തിട്ടും
എല്ലാ കപ്പല്‍യാത്രകളും ചെന്നെത്തുന്നത്‌
വെന്തതോ വെന്തുകൊണ്ടിരിയ്ക്കുന്നതോ ആയ
കരകളിലാണ്‌

ഇടയില്‍
സര്‍വ്വാധികാര്യക്കാരനായി,
രഹസ്യവഴിയുടെ അവസാനപഴുതടച്ച്‌
വെളിച്ചത്തിന്‍ നെഞ്ചിലേയ്ക്ക്‌
ഒരേ ഉന്നത്തില്‍
അനേകം സാക്ഷകള്‍

ഇരുട്ടുകുത്തിയ വാതില്‍മറയില്‍
കാല്‍നടക്കാരനറിയാതെ
ഓടിയൊളിയ്ക്കുന്ന തോള്‍സഞ്ചികള്‍
ചോപ്പുകറുത്ത കുഞ്ഞുടുപ്പുകള്‍
കണ്ണുകളെണ്ണിവയ്ക്കുന്ന ഉറുമ്പുകള്‍

കടഞ്ഞെടുത്ത പടികളില്‍ കാവലിരിയ്ക്കുന്ന
ചുളിവീഴാത്ത കീശകള്‍

തലമൂടി വെള്ളം വന്നാല്‍
അതിനുമീതെ വഞ്ചി എന്ന്‌
ദൈവവും ഗതികെടുമ്പോഴാകണം
പ്രളയമുണ്ടാകുന്നത്‌

*****************************

Monday, September 12, 2011

'ഗന്ധ'കം

എന്റെ അടുക്കളയില്‍
മറ്റൊരടുക്കള മണക്കുന്നു

കുനുകുനെ അരിഞ്ഞിട്ട
പടവലത്തിന്‍ നെഞ്ചില്‍
ബീറ്റ്‌റൂട്ട്‌ ചോന്ന മണം

ഏലയ്ക്കാമണത്തില്‍ നീന്തുകയാണ്‌
മീന്‍കറിയിലെ കുടംപുളി

ഉടഞ്ഞ നാളികേരത്തില്‍
തുളസിവെറ്റിലയുടെ മണം
നീറി നീറിയിരുന്ന ഉള്ളിയില്‍
ഉലഞ്ഞുവീഴുന്നു പനിനീര്‍മണം

രണ്ട്‌ വാതിലുകളുള്ളതില്‍
ഒന്ന്‌ മറ്റൊന്നിലേയ്ക്ക്‌ കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്‌
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
സാരിത്തുമ്പുപറ്റി നിന്നിരുന്നു

രുചിയറിയാത്ത കൂട്ടുകള്‍
തിളയ്ക്കുന്നതിന്‍ ആവി
ശ്വാസനാളം നിറയ്ക്കുന്നു

പുറത്തേയ്ക്ക്‌ വഴി തിരഞ്ഞ്‌
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു

അടുപ്പണച്ച്‌
മുഖവും മനസ്സും
കഴുകി വരുമ്പോള്‍
ചില്ലുഗ്ലാസ്സില്‍, ഇത്തിരി വെള്ളത്തില്‍
ഒരു ഒത്ത മരമെന്ന്‌
ഇലയനക്കാതിരിക്കുന്നുണ്ട്‌
ഒടിച്ചുവച്ച വേപ്പിന്‍ ചില്ല
********************

Sunday, August 28, 2011

ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍

പാതി ഇടത്തോട്ടും
പാതി വലത്തോട്ടും
മുഖം നോക്കുന്ന
ഒറ്റമുറിയാത്രയിലാണ്‌
മുഴുജീവിതചിത്രീകരണം

സീറ്റിലടുക്കിയ ഉടലുകള്‍
ചാഞ്ഞും ചെരിഞ്ഞും തലകള്‍

കൈകളില്‍
ഭാഷാഭേദത്തിന്‍ കൂട്ടക്കലമ്പല്‍

മനോരമയിലെ പീഡനക്കോളം
എക്സ്പ്രസ്സിന്‍ നിയമലേഖനം നോക്കും
സമരാവേശിത തര്‍ക്കങ്ങള്‍
ക്രിക്കറ്റില്‍ ചേരും
ചരമവാര്‍ത്ത പൊതിഞ്ഞ വടയില്‍
ചൂടുള്ള സാമ്പാര്‍ വീഴും

താഴെ
അവധിയെന്നുമല്ലാതെയും
ചിരിച്ചും കണ്ണുതുടച്ചും
രുചിയുമരുചിയും കലര്‍ന്ന
ഭാണ്ഡക്കെട്ടുകള്‍

ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍

ഇരുപതുരൂപയ്ക്ക്‌ ചെമ്പുവളതന്നും
നൂറ്റൊന്ന്‌ നാട്ടറിവുകളെറിഞ്ഞും
യൂക്കാലിതൊട്ട്‌
പാറ്റഗുളിക മൊട്ടുസൂചിവരെ
എണ്ണയും അത്തറും മണപ്പിച്ചും
അതിഥികഥാപാത്രങ്ങള്‍
വന്നുംപോയുമിരിയ്ക്കും

പഴയപേജുകള്‍ ഇറങ്ങുന്നിടത്ത്‌
കഥാഗതിയുടെ മേക്കപ്പില്‍
സാരിയ്ക്കു പകരം ചുരിദാറിടാം
പാകമാകാത്തവരെ ഡയലോഗിടിച്ച്‌
പാളത്തില്‍ വീഴ്ത്തിയോ വലിച്ചിറക്കിയോ
എഡിറ്റ്‌ ചെയ്യാം

ചെയിന്‍ വലിച്ചാലുമില്ലെങ്കിലും
പിന്നണിപ്പാട്ടുകാര്‍
ഓര്‍ത്ത്‌ പാടിക്കോളും
പഴകിയ വരികള്‍
ഒരു മാറ്റവുമില്ലാതെ

Monday, August 22, 2011

പൂമരത്തിലേയ്ക്കുള്ള വഴികളില്‍

വേനലിനും മഴയ്ക്കുമിടയിലെ
കൊടുക്കല്‍വാങ്ങലുകള്‍ക്കൊടുവില്‍,
മഞ്ഞുകാലത്തിലേയ്ക്കുള്ള
എത്തിനോട്ടത്തിനിടയില്‍
വസന്തത്തിന്‍ പൂവിളി കേട്ടു

തുമ്പക്കുടത്തില്‍
ശ്രീപാദമുണരുകയാവും

തണ്ടും തളിരും
സ്വപ്നനിറങ്ങളില്‍
ഉള്ളം പെരുക്കി,
മഴത്തുള്ളിയ്ക്കു മുകളിലൂടെ
പാറിവീഴുന്ന വെയില്‍ത്തുണ്ടുകളലങ്കരിച്ച്‌
തൊട്ടിടത്തെല്ലാം വിരിയാന്‍
ഇതള്‍ മിനുക്കിയിരിപ്പാവും

വേലിപ്പുറത്തെ ഇല്ലിക്കാട്ടില്‍ മാത്രം
വിഷാദത്തിന്‍ ഇലകൊഴിയുന്നു

ഓടത്തണ്ടിന്‍ നെഞ്ചില്‍
വലിച്ചുകെട്ടിയ ജീവിതം മൂളി
പതിഞ്ഞ ഈണത്തിലൊരു
കുഴലൂത്തുകാരന്‍ നടക്കാനിറങ്ങുന്നു

നേര്‍ത്ത സുഷിരങ്ങളില്‍
കാറ്റ്‌ മുറുകുമ്പോള്‍
ജനാലകളെല്ലാം അവനിലേയ്ക്ക്‌ തുറക്കും
വഴിക്കണ്ണു മടക്കി
നിറങ്ങളെല്ലാം അവനിലേയ്ക്കൊഴിയും
ഇതളെല്ലാം അവനെപ്പൊതിയും
മുളങ്കാട്‌ പൂക്കും
വസന്തം സ്വപ്നത്തിന്‍ വാതിലടയ്ക്കും

**********************

Sunday, August 7, 2011

ജീവനുള്ള ഫോസിലുകള്‍ രൂപപ്പെടുന്നത്‌

പൂമ്പാറ്റയോ ബാലരമയോ ആവോ
ചിത്രകഥയാണല്ലോ..

രാജാവ്‌
വിദൂഷകനെ കേട്ടുകേട്ടിരിയ്ക്കുന്നു;
റാണി
പുടവയും അലങ്കാരങ്ങളും
മാറിമാറിയണിയുന്നു

കയ്യൂക്കുള്ള മന്ത്രി
സപരിവാരം
നീതിയുടെ മൊത്തവിതരണത്തിന്‌
എവിടേയുമെപ്പോഴും

പലവട്ടം അടച്ചിട്ട താഴുകളെല്ലാം
താനേ തുറന്ന്‌
പൊന്നുകെട്ടിയ കോട്ടയില്‍
അടയിരിയ്ക്കുന്നോനെ കയ്യോടെ പിടിയ്ക്കാന്‍
ഓതിരം കടകമെന്ന്‌
അകത്തേയ്ക്ക്‌ പറക്കുന്ന മന്ത്രിയുടെ
ക്ലോസ്‌-അപ്‌ ഷോട്ട്‌

പുറത്ത്‌,
കീജയ്‌ വിളികളോടെ
ഏതു വിഴുപ്പുമെടുക്കാന്‍ പോന്നവര്‍

വാള്‍പ്പേശലിനൊടുവില്‍
ഒറ്റക്കണ്ണുമൂടിയ കള്ളന്‍
അടിയറവു പറയേണ്ടതാണ്‌;
കഥ തീരേണ്ടതാണ്‌

മന്ത്രിയ്ക്ക്‌ പകര്‍ച്ച കിട്ടിയ
'നാരങ്ങാവെള്ള'ത്തില്‍
ഒഴുകിപ്പോകുന്നത്‌
നാളിതുവരെക്കൊതിപ്പിച്ച വാക്കല്ലേ
കള്ളനല്ലേ എന്ന്‌
കഴുത കൊമ്പിളക്കുന്നിടത്ത്‌,
കള്ളനെ കണ്ടുകെട്ടാനൊരു
വാറോലയില്ലല്ലോ
ചൂടിക്കയറില്ലല്ലോ എന്ന്‌
മന്ത്രി രണ്ടു കണ്ണും മൂടുന്നിടത്ത്‌

കഥ അനക്കമറ്റു നില്‍ക്കുന്നു

Monday, May 30, 2011

മരത്തല(പ്പു)കളെക്കുറിച്ച്‌

രാവിന്‌ ഊടും പാവും നെയ്ത മിന്നാമിന്നികള്‍
പുലരുവോളം കൂട്ടിരുന്ന മഞ്ഞുതുള്ളികള്‍
മേലു ചുളുങ്ങി മഞ്ഞ മഞ്ഞച്ച ഇല
പേറ്റുമുറിയ്ക്ക്‌ പുറത്ത്‌
കൈ പിന്നില്‍ കെട്ടിയും നീര്‍ത്തിയും
തലകുടഞ്ഞ്‌ അടിയളന്ന കാറ്റ്‌

ആരുമറിയുന്നില്ലല്ലോ...

ഇതളും കാമ്പും തുരന്നുപോകുന്നത്‌
ആരുമറിഞ്ഞിരുന്നില്ലല്ലോ..

കയ്യത്താകൊമ്പില്‍
കണ്ണെത്താദൂരത്തില്‍
ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ടായിരുന്നു
വിടര്‍ന്ന ചില്ലയൊന്നാകെ
മണ്ണിലേയ്ക്ക്‌ ചുരുണ്ടുപോകുന്നത്‌
ആരുമാരുമറിഞ്ഞില്ലെന്നാണോ...

സൗന്ദര്യശാസ്ത്രത്തിനേറ്റ പുഴുക്കുത്താണെന്ന്‌
തേന്‍കുടിയന്മാര്‍

വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ എന്ന്‌
മണ്ണിരകള്‍

വെള്ളക്കാരന്റെതായിരുന്നു
പുഴുതൊടാത്ത തോട്ടങ്ങളെന്ന്‌
വെള്ളമൂടിയിരിയ്ക്കുന്നോര്‍

പുഴുക്കളെ കല്ലെറിയണമെന്ന്‌
ചുരുട്ടിയ മുഷ്ടികള്‍

അമരത്തടത്തിലും
ആലിന്‍ചോട്ടിലുമുണ്ട്‌
പുഴുസഞ്ചികള്‍
മണ്ണുതൊട്ട്‌ ഇലത്തുമ്പുവരെ
കണ്ണുവച്ചവര്‍

വേരോളമിറങ്ങിപ്പോയി,
നല്ലജീവനെ വീണ്ടെടുക്കേണ്ടതുണ്ടെന്ന്‌
ഓരോ മഴത്തുള്ളിയോടും
തവളകള്‍ കരഞ്ഞുകൊണ്ടേയിരിയ്ക്കുന്നു
വയല്‍വരമ്പില്‍ ചീവീടുകള്‍
കാതു തുളയ്ക്കുന്നു..

ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്‌
ഒറ്റക്കാലില്‍ ഒരു കൊടിമരം

Tuesday, May 3, 2011

കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരല്‍ത്തണുപ്പുകള്‍

ജീവിതത്തിന്റെ അതിശൈത്യമേഖലയില്‍ നിന്നും
കാറ്റ്‌ വീശിവീശിക്കയറുമ്പോളെല്ലാം
തടുത്തു നിര്‍ത്തണമെന്നുണ്ട്‌

വെളിച്ചമിറങ്ങാത്ത വാഴത്തോപ്പില്‍ പൊട്ടിച്ചിരിച്ച,
പിന്നെ ചോര പൊടിഞ്ഞ വളപ്പൊട്ടുകള്‍
മുളങ്കൂട്ടില്‍ ലഹരി പൂഴ്ത്തിയ ചപ്പിലകള്‍
കിതപ്പുകള്‍ ഒളിച്ചുകടന്നു കടന്ന്‌
മുള്ളുപതിഞ്ഞ വേലികള്‍..

മൂത്തുമൂത്ത്‌ കലര്‍ന്നുപോയ ശീലക്കേടുകളെ
അരിച്ചുമാറ്റാനാവാത്തതിനാല്‍
ശീതീകരിച്ചു മറയിട്ട ഇടങ്ങളാണെല്ലാം

ഒളിക്കണ്ണുകള്‍,
സദാചാരമാപിനിയിലെ സൂചകങ്ങളുടെ
കടപറിയ്ക്കുന്ന കൊടുങ്കാറ്റുകളെ
ലോകത്തെക്കാട്ടുമ്പോഴൊക്കെ,
ഉള്ളിന്റെയുള്ളില്‍
ശീതീകരണിയുടെ മൂടിയിളകാന്‍ തുടങ്ങും
വളപ്പൊട്ടുകള്‍ ചങ്കില്‍ കൊരുക്കും
വിളര്‍ത്ത ടോര്‍ച്ചുലൈറ്റുകള്‍ കണ്ണുതുളയ്ക്കും

ഉപ്പുനീര്‍ക്കയങ്ങളില്‍ നിന്ന്‌
ശാപക്കലമ്പല്‍ ചുഴിയിട്ട്‌ പൊങ്ങിപ്പറക്കും
നീണ്ട പനനിരകളിലെ
യക്ഷിസഞ്ചാരം പോലെ..

കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്‌
തൊലിയിലെ സൂചിപ്പഴുതുകള്‍ വരെ
പൂട്ടി വയ്ക്കണമെന്നുണ്ട്‌

*****************************
കൃതിയുടെ "കാ വാ രേഖ?" യില്‍ നിന്ന്‌