Sunday, January 5, 2014

നിറംപറ്റിയ വാക്കുകൾ



തൃശ്ശൂർ സ്റ്റാന്റിൽനിന്ന്‌
അഴുകിയ മാർക്കറ്റ്‌മണം നീട്ടിത്തുപ്പി
തലവെട്ടിച്ച്‌ ഇടത്തോട്ടിറങ്ങി
സമയമളന്ന്‌ കുതിയ്ക്കുകയാണ്‌ ബസ്സ്‌

മുൻവരിച്ചില്ലിൽ
“ഞാൻ നിന്നോടുകൂടെ”യെന്ന്‌
തിളങ്ങുന്ന ബൾബുമാല
ചായമിളകിയ ദേവരൂപത്തിൽ
പഴകിപ്പതിഞ്ഞ മുൾക്കിരീടം

റോഡ്‌ തട്ടി മുറിഞ്ഞുപോയൊരു തോട്‌
പാലം നൂണ്ടിറങ്ങി
പാടത്തേയ്ക്ക്‌ ചുരുളുന്നു
അവിടവിടെ ആമ്പൽത്തണ്ടുകൾ
വെയിലിനുനേരെ ചിമ്മിത്തുറക്കുന്നു

കാറ്റിലേയ്ക്കിറ്റുന്ന പച്ചപ്പ്‌

പാലയ്ക്കൽപ്പള്ളിയിൽ
പെയ്തു കയറുന്നുണ്ട്‌ ഊട്ടുതിരുന്നാൾമേളം
അമ്മയുടെ സാരിത്തലപ്പുചുറ്റി
പാട്ടുപാടുന്ന ബലൂൺപീപ്പികൾ
ചുണ്ടുചോപ്പൻ മിഠായികൾ
പീലിവച്ച കരിമ്പിൻ കാടുകൾ

പിന്നോട്ടുപായും കാഴ്ചയിൽ
മെഴുക്കുപടർന്ന അലുവപ്പൊതി
മേല്ക്കാമോതിരമിട്ട ഉഴുന്നടക്കോർമ്പ
ഇനിയും പൊട്ടിത്തീരാത്ത ചുവന്ന കുപ്പിവള

വഴിയിലേയ്ക്കാഞ്ഞു നില്ക്കും
ഇലക്‌ട്രിക് പോസ്റ്റിന്റെ ഇരുമ്പുടലിൽ
പണ്ടംപണയത്തിൻ
കൊഴുത്ത അക്ഷരങ്ങൾ
കമ്പിവേലിപ്പരസ്യങ്ങൾ

ബംഗ്ലാവ്‌ സ്റ്റോപ്പിലെ തണൽവിരിപ്പിൽ
വെയിൽ കല്ലെറിയുന്നു
തെരഞ്ഞെടുപ്പുതോരണങ്ങൾ
ആർത്തുചിരിയ്ക്കുന്നു

കരിങ്കണ്ണന്റെ വൈക്കോല്ക്കൈകൾ
വാഴയെ ചേർത്തുപിടിയ്ക്കുന്നു

ഉറക്കെക്കരഞ്ഞുകൊണ്ടൊരാംബുലൻസ്‌
എതിരെ നെഞ്ചടിച്ചു വന്നു

ഇരുട്ടിലേയ്ക്കിഴയുന്ന
ഏതോ അതിവേഗയാത്രക്കാരനാവാം
തീപ്പൊരി വീണേക്കാവുന്ന വെടിക്കെട്ടുപുര പോലെ
കൂട്ടിരിയ്ക്കുന്നവരുണ്ടാകാം

അതിദീനതയോടെ ബസ്സ്‌
അരികൊതുക്കി

യേശുദേവന്റെ നെറ്റിമുറിവിലെ ചോര
വിളർത്തിരിയ്ക്കുന്നു
ആഴക്കടലിൽ നിന്നും രണ്ടു നീലജാലകങ്ങൾ മാത്രം
മങ്ങാതെ ഇമയനക്കാതെ തുറന്നുകിടക്കുന്നു 

Tuesday, October 8, 2013

വീണും വീണ്ടും കിളിര്‍ത്തും ചിലത്‌

ജാതിമരങ്ങൾക്കപ്പുറം 
കിഴക്കേ ചെരുവിൽ 
കാട്ടുചന്ദനത്തിൽ ചില്ലകൾ 
കാറ്റിന്നിളക്കത്താലിയിടുമ്പോൾ 

ഓടക്കുഴലില്ലാതെ, മഞ്ഞപ്പട്ടില്ലാതെ 
ഇലക്കിലുക്കത്തിനൊത്ത്‌ 
പ്രണയനടനത്തിനെത്താറുണ്ട്‌ 
ഒരാണ്മയില്ച്ചന്തം 

മുട്ടോളം പൊന്നിട്ട പാടം കൊയ്ത്‌
മുളംകൂടിൻ തുന്നാംതലപ്പേറുന്ന തൂവല്പ്പച്ചയായി
ആർപ്പിടാറുണ്ട്‌
തത്തമ്മച്ചുണ്ടിൻ ചെംപൂക്കളം

.....................
മുറിച്ചുപോയ കാട്ടുചന്ദനം പോലെ...
വണ്ടികേറിയ പാടം പോലെ...
കൂടെപ്പോയ വിത്തും കൈക്കോട്ടും പോലെ...
കണ്ണിക്കാലോളം വെള്ളം
കണ്ണീരാവും വേനൽപ്പുഴയിൽ
ചെളിപ്പരുവത്തിൽ
ഇപ്പൊഴുമൊളിച്ചുകിടപ്പുണ്ട്‌
ഓർമ്മകളുടെ താമരത്തോട്ടം

Wednesday, May 29, 2013

പഴക്കശാല


പൊതിഞ്ഞും ചുരുണ്ടും
കൈകാലയഞ്ഞും
മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍
ക്രമത്തിൽ  തട്ടുതട്ടായിരിയ്ക്കുന്നു

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍
വെയില്‍ ചുവപ്പിച്ച തേന്‍പഴങ്ങള്‍
നാട്ടുപൂരത്തിന്റെ നെയ്യലുവത്തുണ്ടുകള്‍
ഉപ്പുണങ്ങിയ മാങ്ങാപ്പൂളുകള്‍
അമര്‍ന്നുപരന്ന പപ്പടങ്ങള്‍
സുഖമണം ഊറ്റിയെടുത്ത്‌
എറിഞ്ഞുകളയേണ്ട വേപ്പിലകള്‍,
രണ്ടോ മൂന്നോ പകല്‍ദൂരം കടന്ന്‌
രസം ചോര്‍ന്ന കറിക്കൂട്ടുകള്‍
ഇതിനെല്ലാം മീതെ
മനസ്സുറഞ്ഞ വെള്ളത്തുള്ളികള്‍

തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...

അടുക്കളമൂലയിലെ
ശീതഭരണിയില്‍ നിന്നും
പല സമയങ്ങളില്‍
പലതായ്‌ നിങ്ങളെ
പുനരവതരിപ്പിയ്ക്കാന്‍
അടുപ്പൊരുങ്ങുന്നുണ്ട്‌

Thursday, April 25, 2013

ഇന്ദ്രജാലകം


ഉണ്ണാനെന്നും
ഇരിയ്ക്കാനെന്നും
കിടക്കാനെന്നും
വരഞ്ഞ്‌ മുറിച്ച ചുമരില്‍
ഇത്രമേല്‍ ഒട്ടിനില്‍ക്കുന്ന മുറികളേ..

വാതിലും
ഒടുക്കം താക്കോല്‍പ്പഴുതുമടയുമ്പോള്‍
ശ്വാസം മുട്ടുമോ..

അവിടെ സുഖമോ..
ഇവിടത്തെപ്പോലെ അവിടെയുമെന്ന്‌
രണ്ടുപുറങ്ങളില്‍
രണ്ടുലോകം കാതുചേര്‍ക്കുമ്പോള്‍,

നിന്റെ നിറമെന്താണ്‌
മണമെന്താണ്‌
വൃത്തവുമലങ്കാരവുമെന്താണ്‌
ഏതുവരിയിലാണ്‌ എന്റെ പേരുള്ളത്‌
ഏതു രാഗത്തിലാണെന്നെ കേള്‍ക്കുന്നത്‌
താക്കോല്‍ അഴിഞ്ഞുമാറുമ്പോള്‍
നിന്നോടെന്താണാദ്യം മിണ്ടേണ്ടത്‌..
അകം തിങ്ങിയ ശ്വാസച്ചൂട്‌
അപ്പുറമിപ്പുറം നിന്ന്‌ ചുണ്ടുകോര്‍ക്കുമ്പോള്‍,

മേശവിളക്ക്‌ തെല്ലുചെരിച്ച്‌വച്ച്‌
ഒരു പെന്‍സില്‍
ചുമരിന്നുടലില്‍
പ്രണയജനാലകള്‍ വരച്ചുതുടങ്ങുന്നു
..........................................................

Thursday, April 18, 2013

ദേവനാഗരി

അറ്റുപോയ ഈയല്‍ച്ചിറകായും
ജീവന്‍ തിരിച്ചെടുക്കുവാന്‍ മുറിച്ചിട്ട
വാല്‍ക്കഷണമായും
ഒരേസമയം
ഞാന്‍ ദൈവത്തിന്റെ വിരലുകളെ വായിയ്ക്കുന്നു

തൊട്ടുതൊട്ടൊഴുകുന്ന ഞരമ്പുകള്‍
അന്യോന്യമെന്നപോലെ
അതിന്റെ കുതിപ്പിനെ കേള്‍ക്കുന്നു;
ഉപേക്ഷിയ്ക്കപ്പെട്ട കാലടികളില്‍
നനഞ്ഞുകിടക്കുന്ന നിസ്സംഗതയെ
കിളിമാസുകളിയ്ക്കാന്‍ വിളിയ്ക്കുന്ന
കുസൃതിയെപ്പോലെ ഉമ്മവയ്ക്കുന്നു..

ചെളിമൂടിപ്പോയ സ്വപ്നശകലത്തിലും
തിളക്കമെഴുതുന്ന
അതിന്‍ ജീവഭാഷയിലേയ്ക്ക്‌
അടുത്ത നിമിഷത്തെ പകര്‍ത്തിയെഴുതുന്നു

Sunday, March 10, 2013

പരീക്ഷണപ്പറക്കല്‍

അകത്തും പുറത്തും
കൊല്ലപ്പരീക്ഷയുടെ വെയിലാണ്‌
പുസ്തകത്തിന്‌ പനിയ്ക്കുന്നുണ്ട്‌

കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്‌
തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,
പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന
രാസത്വരകങ്ങളുടെ കൂട്ടുകുടുംബം
പലിശയും കൂട്ടുപലിശയും
ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്‌
കൊണ്ടും കേട്ടും തഴമ്പിച്ച
ചെമ്പരത്തിയുടെ പരിച്ഛേദം

പാഠങ്ങളൊക്കെ തുള്ളിവിറയ്ക്കുന്നു;

പിച്ചും പേയും പറയുന്നുണ്ട്‌
ഭരണപരിഷ്കാരങ്ങള്‍

മൗലികാവകാശമെന്ന പേജില്‍ നിന്നും
സിലബസിലില്ലാത്ത സ്വപ്നപ്പച്ചയിലേയ്ക്ക്‌
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ-
കൊഞ്ചുന്ന പൂഞ്ചിറക്‌" പറന്നുപറന്നുപോകുന്നു



Thursday, March 7, 2013

ആദ്യാക്ഷരമാല

സംഭാഷണങ്ങളേയില്ലാത്ത
നെടുനീളന്‍ നാടകംപോലൊരു വരാന്ത

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
തലപ്പില്‍ താമരയിതളും
താഴേയ്ക്ക്‌ മുന്തിരിവള്ളിയും ചുറ്റി
ചന്തം നരച്ച തൂണുകള്‍;
ദ്രവിച്ച കഴുക്കോല്‍കൂട്ടമെഴുതിയ
മേല്‍ക്കൂരയെത്താങ്ങിത്താങ്ങി
നിന്നനില്‍പ്പിലുറഞ്ഞുപോയവര്‍

പകലിതളുകള്‍
വെളുത്ത്‌
ചുകന്ന്‌
കരിഞ്ഞ്‌ തീരുന്ന താളത്തില്‍
ഒഴുകിപ്പരക്കുന്ന ഓരോ നിഴലും
സങ്കടത്തിന്റെ കൈവരി കടന്ന്‌
ഇപ്പോള്‍ പടിയിറങ്ങുമെന്ന്‌ തോന്നും;
ഒരു മിടിപ്പുനേരം
തമ്മില്‍ത്തമ്മില്‍ വിരല്‍കോര്‍ത്ത്‌
തന്നിലേയ്ക്ക്‌തന്നെ വറ്റിപ്പോകും

വെയിലൊളിയ്ക്കുന്ന തണലില്‍
മഴ എത്തിനോക്കിയാലും
പാടത്തിനക്കരെയിക്കരെ
മഞ്ഞ്‌ മുങ്ങാംകുഴിയിട്ടാലും
പൊട്ടിപ്പോകാത്ത നിഴല്‍രേഖ മുറിച്ച്‌

ആഴത്തില്‍ നുരചിതറും
ജലഭംഗിയിലേയ്ക്കുള്ള സ്വപ്നാടനം പോലെ

നിന്റെ കാഴ്ചയിലേയ്ക്കുള്ള വഴിയിലാണ്‌
വഴി നിറഞ്ഞ ആകാശവെളിച്ചത്തിലാണ്‌
കാലാഹരണപ്പെട്ടെന്നു കരുതിയ
വാക്കുകളുടെ വിത്തുകിളിര്‍ത്തത്‌
പൂത്ത്‌ ചുവന്ന്‌
കവിത ശ്വസിച്ചത്‌