Tuesday, January 29, 2013

ഒറ്റമുറിവിദ്യാലയം


ശരീരദ്വീപിന്നകത്തളത്തില്‍
പലവഴി ചിന്നും മനസ്സിന്‍
വിരലെഴുത്തില്ലാച്ചുമരുപറ്റി
ജീവിച്ച ശീലങ്ങളെത്രയോ പേര്‍

കല്ലും കരടും മാറ്റി
ചൊല്ലും ചേലും ചേറ്റി
കൈവെള്ളയില്‍ കനത്ത കാലത്തെ
കൂട്ടക്ഷരങ്ങളില്‍ക്കെട്ടി
ചങ്കൂറ്റക്കലപ്പ താഴ്ത്തി
തലയ്ക്കുള്ളില്‍ തീകൂട്ടി
തുള്ളിനൂല്‍പ്പരുവത്തിലുതിരും
മഞ്ഞുകവിത നീര്‍ത്തി
പരുക്കനഴിയുള്ള ജനാലയില്‍
കണ്ണീര്‍ മുക്കിയുണക്കി
പൂമരച്ചോപ്പിന്റെ വഴിയില്‍
വെയില്‍ച്ചൂട്‌ നീന്തി
പുസ്തകക്കാടിന്‍ തുന്നാംചില്ലയില്‍
കണ്ണും കരളും തൂക്കി
ജീവിതനീളത്തില്‍ ഒറ്റമുറിയില്‍
പാഠഭേദങ്ങളായവരെത്രയോ പേര്‍

അവസാനപാഠത്തിനേകാന്തനിമിഷത്തില്‍
ശീലത്തില്‍ ശീലക്കേടില്‍
വെള്ളമുണ്ടൊന്നായ്‌ച്ചുറ്റി
അഗ്നിപരീക്ഷിയ്ക്കും ആത്മവിദ്യാലയം!
.....................................
അറിവിന്‍ കനല്‍ക്കൂട്ടം
ഇന്നോളമെഴുതിത്തീര്‍ത്ത
പുസ്തകങ്ങളില്‍നിന്നിടയ്ക്കിടെ
മഞ്ഞും മഴയും വെയിലും
ഇറങ്ങി നടക്കുന്നു

അക്ഷരമാലയായ്‌
എന്റെ ഒറ്റമുറിയിലേയ്ക്ക്‌ കൂട്ടുവരുന്നു

തൂക്കുകലണ്ടര്‍ത്താളില്‍
കുതറി നില്‍ക്കുമക്കങ്ങളില്‍
വീണ്ടും സമയമുരുകുന്നു

********************

Thursday, January 17, 2013

ജനിതകം

അച്ഛന്റെ കണ്ണും കാതും
അമ്മതന്‍ കൈനീട്ടവും
എഴുതിപ്പതിച്ചപോലുണ്ടത്രേയെന്നില്‍
കൂട്ടുകാരുടെ കണ്ണില്‍

ഏടുപോയ പ്രണയവേദങ്ങള്‍
ആശകള്‍ ആശയങ്ങള്‍
ചോരയോട്ടദിശകള്‍ ഉന്മാദകാലങ്ങള്‍
ചൂഴ്‌ന്ന മാംസത്തിനുണങ്ങാക്കുഴികള്‍
വിണ്ടുപൊട്ടിയും ഇഴയിട്ടുവെട്ടിയും
വഴിനടന്നു തിണര്‍ത്ത പാടുകള്‍
ഒളിഞ്ഞുകുത്തുവാന്‍ ചിരിച്ച മൂര്‍ച്ചകള്‍
തെളിഞ്ഞുനില്‍പ്പുണ്ടെന്റെമാത്രം കണ്ണില്‍

മഴയും വെയിലും മാറ്റിമാറ്റിയെഴുതി
നിറങ്ങളന്യോന്യമിണഞ്ഞ തണലുകള്‍
ഞാനെന്ന്‌ നീയെന്ന്‌ വേറിടാപ്പേജുകള്‍
തമ്മില്‍ക്കുതിര്‍ന്ന വരികള്‍ വേരുകള്‍
നനഞ്ഞപൂഴിയില്‍ ഒട്ടിക്കിടക്കുന്നു
വസന്തം നോക്കാതിടയ്ക്കു പൂക്കുന്നു

കെട്ടകാലത്തിനാവാസഭീതിയില്‍
സര്‍പ്പവൃക്ഷങ്ങള്‍ വിഷംചേര്‍ത്ത ചിന്തകള്‍
നുള്ളിപ്പറിച്ച കണ്ണുകള്‍ കൈകാലുകള്‍
ഉടഞ്ഞ ചങ്കിനെപ്പിളര്‍ന്ന നാവുകള്‍
ചേര്‍ത്തുവച്ചോരടയാളവാക്കുപോല്‍
വരും ഋതുക്കളില്‍ തളിര്‍ത്തുകായ്ക്കുമ്പോള്‍,

കൂട്ടുകാര്‍ കൂട്ടിവായിയ്ക്കാമിന്നേപ്പോലെ
കുരുന്നു കാല്‍വയ്പ്പില്‍, കാഴ്ചയില്‍ മുന്‍ഗാമിയെ!
കടന്ന കാലത്തിന്‍ കരിന്തിരി കത്തി-
പുകഞ്ഞ ശീലത്തിന്നൂരാക്കുടുക്കിനെ!!

--------------------------------



Monday, December 31, 2012

മഴത്തുള്ളിദൂരം

ഇറ്റുവീണതേ ഉള്ളു
ഇലമെത്തയില്‍
കൈകാലടിച്ച്‌ തുളുമ്പുന്നു

സൂര്യനോളം തിളങ്ങി
കാറ്റില്‍ പിച്ചവയ്ക്കുന്നു

അന്നോളമടിഞ്ഞ പൊടിപ്പരപ്പില്‍
തെന്നിത്തെന്നിയൊരു പുഴ വരയ്ക്കുന്നു

മീനും മീന്‍കണ്ണികളും
നക്ഷത്രത്തെരുവുകളും
ആകാശമൈതാനവും
മേഘത്താഴ്‌വരയും
മാന്തളിരും മധുരക്കനിയും
ഉള്ളുനുരയും തേന്‍നിലാവും
ഉള്ളൊതുക്കിയ ഞാറ്റുപാട്ടും
മുറുക്കിത്തെറിച്ച ചെമ്പന്‍നീരും
വളഞ്ഞും തെളിഞ്ഞുമൊഴുകി
പുഴ നിറയുന്നു

പുഴയിറമ്പിലൂടെ
ഇലദൂരത്തിനുമപ്പുറമെത്തും സ്വപ്നങ്ങളെ
കാണെക്കാണെ കരയെടുക്കും
സങ്കടത്തിട്ടയിലുണക്കാനിടും

ഒട്ടുവറ്റി,
നിറവും നിറഭേദങ്ങളും ചോര്‍ന്ന്‌
ഇലത്തടത്തിലിടറിയിടറി
കാണാക്കാറ്റിന്നൂഞ്ഞാല്‍ത്തുമ്പില്‍ ചിതറും വരെ
വെയില്‍മിനുക്കത്തില്‍ കണ്ണുചുളിയ്ക്കും
നൂലിഴ പലതായ്‌പകുത്തപോല്‍
നേര്‍ത്തൊരു നനവ്‌
------------------------


Sunday, December 9, 2012

ദൂരദേശം തന്ന ചുമരെഴുത്തുകള്‍



മഞ്ഞുകൊണ്ടു തലപ്പു പോയ മലയുടെ
ചുമലിലുമൊക്കത്തും
കൈവിരല്‍ തുമ്പത്തുമുണ്ട്
കുഞ്ഞു മേഘങ്ങള്‍

മലമ്പാതയില്‍,
ചിമ്മിനി വെട്ടത്തില്‍
ചിറകുകരിഞ്ഞ ഈയലുകളെപ്പോലെ
അന്തിച്ചോപ്പ് മുങ്ങി
ഇഴയുന്ന വാഹനങ്ങള്‍


ചോരപൂത്ത ശോകമരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് നടക്കാനിറങ്ങവെ,
തെരുവിന്റെ വാതിലുകള്‍
നിലവിളികളെ നിശബ്ദരാക്കി
അകത്തേയ്ക്ക് വലിക്കുന്നു

വരണ്ട തൊണ്ടയില്‍ നിന്ന്
താരാട്ടുപാട്ടിനെ ഒളിച്ചു കടത്തേണ്ടത്
ഏത് ദേശത്തേക്കാണെന്ന്
വെടിയുണ്ട തിന്ന ചുവരുകള്‍
ആകാശം നോക്കുന്നു

മെല്ലെ മെല്ലെ
മലഞ്ചെരിവുകളെ മുഴുവനായും
വെള്ളമൂടുകയാണ് മഞ്ഞ്

കട്ടപിടിച്ച കാറ്റ് നിശ്ചലരാക്കിയ
മേഘക്കുഞ്ഞുങ്ങള്‍ക്കുമേല്‍
ചുറ്റുവഴികള്‍ ചിതറിയ വെളിച്ചം
ഉറുമ്പുവരികളാകുന്നു
.......................................................

Sunday, November 25, 2012

ഇതള്‍ പൊഴിയുമൊരു ശലഭത്തിന്നാത്മഭാഷണം

ശരീരദേശത്തിനുള്‍വഴികള്‍
നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട്‌
നിറഞ്ഞിരിയ്ക്കുന്നു

ചുമലില്‍നിന്നും തലയിലേയ്ക്ക്‌
ആര്‍ത്തുകയറുകയാണ്‌ ഭ്രാന്തുകള്‍

നെഞ്ചിന്‍ മദ്ധ്യഭൂമിക
ചതുപ്പും ചരലുംകൊണ്ട്‌
അനേകം വന്‍കരകളായി
സൂക്ഷ്മദ്വീപുകളായി
പിരിച്ചെഴുതിയിട്ടിരിയ്ക്കുന്നു

കൈക്കരുത്തിന്റെ കോട്ടയില്‍
കുന്തമുന കയറിയിറങ്ങുന്നു

വിരല്‍മടക്കുകളില്‍,
ഞരമ്പുണങ്ങിയ കൈത്തണ്ടില്‍
കടല്‍ച്ചൊരുക്കേറ്റ ശ്വാസനാളിയില്‍
കരളേയെന്നൊരു കരിമ്പിന്‍തോപ്പില്‍,
തിരിഞ്ഞും വളഞ്ഞുമിഴയുന്ന
അനേകം പ്രാണവഴികളില്‍
വേദന തറച്ച്‌
പ്രതിരോധത്തിന്‍ പടവുകള്‍
കുഴഞ്ഞുവീഴുന്നു

പൂക്കാലം ഒഴിഞ്ഞുപോയ അസ്ഥിയില്‍
ജീവപദമൂന്നി
ഏതുനേരവും തകര്‍ന്നേക്കാവുന്ന
ചില്ലുകൂടാരത്തിലുമ്മവയ്ക്കുന്നു
ഹൃദയഭിത്തിയോടൊട്ടിയ
പഴയൊരു പ്രണയഗാനം
***********************

Thursday, October 11, 2012

സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ കരകയറിയ നാള്‍മുതല്‍



കാലടിയിലൂടെ നടന്നുപോയ വഴികളെന്നപോലെ
ഒന്നിനോടൊന്ന്‌ കൂട്ടിത്തുന്നിയും
പകുത്ത കൈവഴിയില്‍ കാലഹരണപ്പെട്ടും
പാടവും പറമ്പും പാലവും വളഞ്ഞുപിടിച്ചും
നെടുകെപ്പിളര്‍ത്തിയും
തമ്മില്‍ക്കൊരുത്തുമയഞ്ഞും
നടക്കാതെ പോയ വഴികളുമുണ്ട്‌

ടാറുരുകിയും
ചെമ്മണ്ണ്‌ തെറിപ്പിച്ചും
കാറ്റിളക്കത്തിനൊത്ത്‌ വെയിലെരിച്ചും
നിഴല്‍മരങ്ങള്‍ക്കിടയിലൂടെ നിലാവുനനഞ്ഞും
കെട്ടുപിണഞ്ഞുകിടക്കുന്നു

മഞ്ഞുപാടയ്ക്കപ്പുറമെന്നപോലെ
ഉയര്‍ന്ന പാതകളിന്നും മങ്ങിയ കാഴ്ചയാണ്‌
അടുത്തുള്ള സ്ഥിരവഴികളാവട്ടെ
മുന്നിലൊരു ലക്‌ഷ്യമുണ്ടെന്ന നാട്യത്തില്‍
തിടുക്കം കൂട്ടി കിതയ്ക്കുന്നു

എന്നും ഏറെ നടത്തക്കാരെത്തുന്നത്‌
അപ്പപ്പോള്‍ ചുങ്കപ്പിരിവില്ലാതെ
ഒറ്റത്തീര്‍പ്പില്‍ മുഴുജീവിതം എണ്ണിയെടുത്ത്‌
കൃത്യമായ കൈവരികളില്‍ ചിട്ടപ്പെടുത്തിയ
രണ്ടു ദേശീയപാതകളിലേയ്ക്കാണ്‌

കിടപ്പുമുറിയില്‍ നിന്ന്‌
നാഴികക്കണക്കില്ലാത്ത അടുക്കള വരേയും
അവിടെനിന്ന്‌ തീന്മേശ വരേയും.
.................................................................

Monday, September 17, 2012

നാരായം തിരിച്ചെടുക്കാനാകണേ..


പുലര്‍ച്ചയ്ക്കുണരണേ ചോപ്പന്‍പൂവാ


സൂക്ഷിച്ചുനീന്തണേ താറാക്കുഞ്ഞേ

കപ്പയില കടിയ്ക്കല്ലേ ആട്ടിന്‍കുട്ടീ..

എത്ര പറഞ്ഞിട്ടും ചുറ്റിപ്പിടിയ്ക്കുന്ന

അമരയുടെ കുഞ്ഞുവിരലും വിടുവിച്ച്‌

കൂട്ടുകാരന്‍ യാത്ര പോകുന്നു



കള്ളിമുള്ളിനിടയില്‍

ചോപ്പുതാരകം കണ്ണുചിമ്മുന്നിടം;

കമ്പിമുറുക്കിയ വാദ്യങ്ങളില്‍ കവിത നിറച്ച്‌

സായാഹ്നങ്ങള്‍ സുഗന്ധികളാകുന്നിടം;

ഉടലുചുട്ടൊരു മരുദേശം..

ഈന്തല്‍മധുരം നീട്ടി വിളിയ്ക്കുന്നു

വീണ്ടുമുണ്ണിയെക്കൊണ്ടുപോകാന്‍

പൂതം രാവുതോറും പടിയ്ക്കലെത്തുന്നു



കൈവള കാല്‍ത്തള കിലുക്കത്തില്‍

കാതില്‍ത്തോടയിളക്കത്തില്‍

മുട്ടോളം താഴും മണല്‍മുടിപ്പരപ്പില്‍

നാലും കൂട്ടിയ ചോപ്പില്‍

വെള്ളി കിലുങ്ങുമുടുത്തുകെട്ടില്‍

പൂതം ഉണ്ണിയെക്കൂട്ടുന്നു



വര്‍ഷം പൊഴിഞ്ഞ്‌

ഒഴിവുകാലം പൂക്കുംവരെ

പെറ്റമ്മയെ

ചോരക്കണ്ണീരിനെ

നെയ്‌മണക്കുമുരുളയെ

നിലാത്തെളിമയെ

കണ്ണടച്ചിരുട്ടിലിട്ട്‌



കാട്ടിലെറിഞ്ഞ നാരായം

തിരിച്ചെടുക്കാനാകണേയെന്ന്‌

ഉണ്ണി യാത്രയാവുന്നു..

*************************