Wednesday, October 15, 2014

കൊടുംപതിപ്പുകൾ

1
നേരം പോലെ
മാറിമാറി വരയ്ക്കാൻ
നല്ല വിഷയമൊന്നേയുള്ളൂ..

ഒറ്റവരകൊണ്ടാകാം
ഇടയ്ക്കിത്തിരി ചായമിടാം

കൂടിപ്പോയ കറുപ്പഴിച്ചാലും
അമർന്നുപോയ വരപ്പാടുകൾ
നെഞ്ചുപിളർന്നിരിയ്ക്കും

 ചെരിഞ്ഞും വളഞ്ഞും
കുന്നുകയറിയും കുളമിറങ്ങിയും
ഒടിഞ്ഞുമടങ്ങിയ പേജുകളിൽ
മുറിഞ്ഞുപോയും
അക്കരെയിക്കരെ
രണ്ടുലോകങ്ങളെന്നപോലെ
കോട വന്ന്‌ മായ്ച്ചും
തുടർച്ചയില്ലാതെ പോകുമ്പോഴും,
ഒട്ടും മടുപ്പുകാട്ടാതെ
ആർത്തിയോടെ വായിയ്ക്കപ്പെടുന്നു
വരഞ്ഞുവരഞ്ഞ ജീവിതം
---------------------------------------
2
കുന്നോളം നിറംകൂട്ടിയ
വാക്കിന്റെ താഴ്‌‌വാരത്തിലൂടെ നടക്കുമ്പോളാണ്
ധൃതിയിൽ ഒന്നായി മറിഞ്ഞുപോയ
ചിലപേജുകളെ ഓർത്തത്‌
വായിയ്ക്കപ്പെടാതെ പോയ
വ്യഞ്ജനങ്ങളുടെ സ്വാദുകൾ
ചില്ലിൻ മുറിവുകൾ
സ്വരശുദ്ധികൾ..
ചുറ്റുമുള്ള നിറക്കൂട്ടിനടിയിൽ
ചതുപ്പെടുത്തുപോയ എഴുത്തുകൾ

പുതിയതു മാത്രം തിരയുന്ന കണ്ണിനോട്‌
എന്തു പറയാൻ..!

Sunday, May 25, 2014

ബിഗ് ബാംഗ്


അപരിചിതമായ ഒരു മണൽത്തരി
നെഞ്ചിൽ വീണിട്ടാണ്
ഭൂമി പിളർന്നുപോയത്‌

 മണ്ണെന്ന്‌
മനുഷ്യനെന്ന്‌
മണ്ണിന്റെ മനസ്സെന്ന്‌
കണ്ണികൂട്ടി വച്ചതിൽ നിന്നും
ഭൂമിയോളം ക്ഷമ എന്നതിലെ
ക്ഷമ അറ്റുപോയത്‌

വേരുവേരാന്തരം നിറഞ്ഞിരുന്ന
സ്നേഹനീരുചിന്തി
ഉപ്പുകടലുണ്ടായതും
തിരയെഴുതി ഭാഗിച്ച്‌ കരയുണ്ടായതും
ഓരോ കരയിലും ഓരോ കാടുണ്ടായതും
എന്റെ വീട്‌ നിന്റെ വീടെന്ന്‌
വേലിയിൽ ശീമക്കൊന്ന പൊടിച്ചതും

പാതിരാക്കറുപ്പിൽ
അയൽ‌‌ജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്‌
ടോർച്ച്‌ തിരിഞ്ഞുകിടന്നുറങ്ങിയതും

പിറ്റേന്ന്‌,
കുഴിയിറങ്ങിയ വെള്ളക്കോടിയിൽ
കറുത്ത കൊടിയോടെ ചിതറിവീണതും
അതേ മണൽത്തരിയുടെ
അന്നേവരെ പരിചയിയ്ക്കാത്ത
പര്യായപദങ്ങളായിരുന്നു..

Tuesday, March 11, 2014

നക്ഷത്രയാമത്തിൽ



ഉണർവിൻ തുറസ്സിലേയ്ക്കുള്ള
ജനല്പ്പാളികളെല്ലാം അടച്ച്‌
കാഴ്ചയെ കയറിട്ടുപിടിച്ച്‌,
ഇരുട്ടിറങ്ങാനിടയില്ലെന്ന്‌ കരുതുന്ന
ഓർമ്മയുടെ സൂക്ഷ്മ അറകളിലൊതുക്കി
തിയതിയും നേരവും അടയാളം വച്ചു;

ഉറക്കത്തിലേയ്ക്ക്‌ പടികളിറങ്ങാൻ തുടങ്ങി

മണൽക്കുന്നിൽ നിന്നും
സമതലങ്ങളും
താപശമനിയായ താഴ്വാരങ്ങളും കടന്ന്‌
വെയില്ക്കണ്ണെത്താത്ത ഉറവയിലേയ്ക്കിറ്റുന്ന
ഒറ്റവരിപ്പടികൾ

ആഴ്ന്നുപോകുന്തോറും
സാന്ദ്രത ഏറിവരുന്ന രാവിന്റെ ജഡരാശിയിൽ
സ്വപ്നത്തിന്റെ വിത്തുകൾ
മുളപ്പിച്ചെടുക്കുകയാണ്‌ നീ

രണ്ടുനേരവും നീരേറ്റി
കല്ലുഭാരം വച്ച്‌
വായ്‌കെട്ടിയ ചാക്കിലിരുന്ന്‌
വെന്തുമുളയ്ക്കുന്ന ജീവിതംപോലെയല്ല;

കോശങ്ങളെത്തമ്മിൽ
കെട്ടുപിണയാതെ കോർത്ത
നേർനൂലുകൾ ജ്വലിപ്പിച്ച്‌, 
തമ്മിലലിഞ്ഞും കൈവഴിവിടർത്തുന്ന
ബോധധാരയിൽ മുങ്ങാംകുഴിയിട്ട്‌,
കിളിർത്തുവരും കിളിത്തൂവലോളം ഭാരക്കുറവിൽ
ഹൃദയത്തിന്റെ കള്ളറകളിൽ
ഒളിച്ചുപാർക്കുന്നവർ,

ഇതുവരെ ജനിച്ചിട്ടില്ലാത്ത വാസസ്ഥലത്തേയ്ക്ക്‌
ക്ഷണനേരംകൊണ്ട്‌ വളർന്ന്‌
വള്ളിയായ്‌ പൂക്കളായ്‌
മയക്കുന്ന ഗന്ധമായ്‌
പ്രകാശപ്പെടുകയാണ്‌

നിന്റെ കയ്യോളം ചേരുമ്പോൾ
ജീവരേണുക്കൾ
തൊട്ടെടുത്ത പൂമ്പൊടിപോലെ
സർവ്വസമാനരാവുന്നു

നിദ്രയെ ഗാഢമായി വായിയ്ക്കുന്നു

ഉണരുവോളം
പടിയുടെ മുകളറ്റത്ത്‌
വെളിച്ചം
കാത്തുനില്ക്കുമെന്നൊരു വിശ്വാസം,
നിന്റെ അക്ഷരങ്ങളിൽ നിന്ന്‌
മനസ്സ്‌ പകർത്തിയെടുക്കുന്നു
------------------------------------- 

Tuesday, January 14, 2014

മറുപിറവി


കൈവരിയില്ലാത്ത
കവിതയിലൂടെ നടക്കുമ്പോഴാണ്
എന്നെ കാണാതായത്‌

ആഴത്തിനും പരപ്പിനും
വേറെ വേറെ അളവുകളില്ലാത്ത
മഞ്ഞിൻ ത്രിമാനവിരിപ്പായിരുന്നു ചുറ്റിലും

താഴെ,
വെൺ‌മുയൽക്കുഞ്ഞുങ്ങൾ
കുത്തിമറിഞ്ഞുകിടക്കുംപോലെ
ചാഞ്ഞും ചെരിഞ്ഞും
മേഘത്തിൻ കുറ്റിക്കാടുകളായിരുന്നു

ഇടത്തുനിന്നും വലത്തോട്ട്‌
ഇഴനീർന്നു കിടന്ന എഴുത്തുനൂലുകൾ
നടത്തത്തിന്റെ ആദ്യപടിയിൽത്തന്നെ
ഇടവിട്ടു കിതച്ചിരുന്നു
അഴിയിട്ടുനെയ്ത വാക്കുകളിൽ
എന്നിട്ടും
പലസ്ഥായിയിലുള്ള കൌതുകം പൂത്തുനിന്നു
ഇടയിലേതോ വരിയിലെ ചില്ലക്ഷരത്തിൽ നിന്ന്‌
ഊർന്നിറങ്ങി വന്ന ശബ്ദമാണ്
എന്നെക്കാണാനില്ലെന്ന്‌ ഉടഞ്ഞുവീണത്‌...

അന്തിമായുന്ന വേലിയ്ക്കലേയ്ക്ക്‌
സൂര്യനൊപ്പമെത്താൻ
ഒരു ചിറകു കറുപ്പും മറുചിറകു വെളുപ്പുമുള്ള
കാഴ്ചയുടെ തൂവലുകൾ
എന്നെ പറത്തിയതാകാം

അസാധ്യമെന്ന്‌ തോന്നും‌വിധം മൂർച്ചപ്പെട്ട
ഭൂമിയുടെ വക്കിൽ നിന്നും
സ്വപ്നം കൈപിടിച്ചെടുത്തതാകാം

ഇരുൾ മാനത്ത്‌
അടക്കംവിട്ട്‌ ചാറിവീണ
ഓരോ വെളിച്ചത്തുള്ളിയിലും
ഓരോ ലോകങ്ങളുയിർക്കുന്നതും
പിന്നെ-
തുന്നലഴിഞ്ഞ ചിന്തയിൽനിന്നും
എഴുതിമുറിച്ച ദൂരങ്ങളില്ലാതെ
കവിത, അനന്തശായിയാവുന്നതും
അതുവരെ കയ്യെത്താതിരുന്ന ആശ്ചര്യചിഹ്നത്തോടൊപ്പം
വെള്ളിപ്പൊട്ടുപോലൊരു നക്ഷത്രം
എന്റെ കണ്ണിൽ വീണു കുതിർന്നതും
കണ്ടത്‌ മറ്റാരുമാകാനിടയില്ല;
ഞാൻ തന്നെയാവണം.

Sunday, January 5, 2014

നിറംപറ്റിയ വാക്കുകൾ



തൃശ്ശൂർ സ്റ്റാന്റിൽനിന്ന്‌
അഴുകിയ മാർക്കറ്റ്‌മണം നീട്ടിത്തുപ്പി
തലവെട്ടിച്ച്‌ ഇടത്തോട്ടിറങ്ങി
സമയമളന്ന്‌ കുതിയ്ക്കുകയാണ്‌ ബസ്സ്‌

മുൻവരിച്ചില്ലിൽ
“ഞാൻ നിന്നോടുകൂടെ”യെന്ന്‌
തിളങ്ങുന്ന ബൾബുമാല
ചായമിളകിയ ദേവരൂപത്തിൽ
പഴകിപ്പതിഞ്ഞ മുൾക്കിരീടം

റോഡ്‌ തട്ടി മുറിഞ്ഞുപോയൊരു തോട്‌
പാലം നൂണ്ടിറങ്ങി
പാടത്തേയ്ക്ക്‌ ചുരുളുന്നു
അവിടവിടെ ആമ്പൽത്തണ്ടുകൾ
വെയിലിനുനേരെ ചിമ്മിത്തുറക്കുന്നു

കാറ്റിലേയ്ക്കിറ്റുന്ന പച്ചപ്പ്‌

പാലയ്ക്കൽപ്പള്ളിയിൽ
പെയ്തു കയറുന്നുണ്ട്‌ ഊട്ടുതിരുന്നാൾമേളം
അമ്മയുടെ സാരിത്തലപ്പുചുറ്റി
പാട്ടുപാടുന്ന ബലൂൺപീപ്പികൾ
ചുണ്ടുചോപ്പൻ മിഠായികൾ
പീലിവച്ച കരിമ്പിൻ കാടുകൾ

പിന്നോട്ടുപായും കാഴ്ചയിൽ
മെഴുക്കുപടർന്ന അലുവപ്പൊതി
മേല്ക്കാമോതിരമിട്ട ഉഴുന്നടക്കോർമ്പ
ഇനിയും പൊട്ടിത്തീരാത്ത ചുവന്ന കുപ്പിവള

വഴിയിലേയ്ക്കാഞ്ഞു നില്ക്കും
ഇലക്‌ട്രിക് പോസ്റ്റിന്റെ ഇരുമ്പുടലിൽ
പണ്ടംപണയത്തിൻ
കൊഴുത്ത അക്ഷരങ്ങൾ
കമ്പിവേലിപ്പരസ്യങ്ങൾ

ബംഗ്ലാവ്‌ സ്റ്റോപ്പിലെ തണൽവിരിപ്പിൽ
വെയിൽ കല്ലെറിയുന്നു
തെരഞ്ഞെടുപ്പുതോരണങ്ങൾ
ആർത്തുചിരിയ്ക്കുന്നു

കരിങ്കണ്ണന്റെ വൈക്കോല്ക്കൈകൾ
വാഴയെ ചേർത്തുപിടിയ്ക്കുന്നു

ഉറക്കെക്കരഞ്ഞുകൊണ്ടൊരാംബുലൻസ്‌
എതിരെ നെഞ്ചടിച്ചു വന്നു

ഇരുട്ടിലേയ്ക്കിഴയുന്ന
ഏതോ അതിവേഗയാത്രക്കാരനാവാം
തീപ്പൊരി വീണേക്കാവുന്ന വെടിക്കെട്ടുപുര പോലെ
കൂട്ടിരിയ്ക്കുന്നവരുണ്ടാകാം

അതിദീനതയോടെ ബസ്സ്‌
അരികൊതുക്കി

യേശുദേവന്റെ നെറ്റിമുറിവിലെ ചോര
വിളർത്തിരിയ്ക്കുന്നു
ആഴക്കടലിൽ നിന്നും രണ്ടു നീലജാലകങ്ങൾ മാത്രം
മങ്ങാതെ ഇമയനക്കാതെ തുറന്നുകിടക്കുന്നു 

Tuesday, October 8, 2013

വീണും വീണ്ടും കിളിര്‍ത്തും ചിലത്‌

ജാതിമരങ്ങൾക്കപ്പുറം 
കിഴക്കേ ചെരുവിൽ 
കാട്ടുചന്ദനത്തിൽ ചില്ലകൾ 
കാറ്റിന്നിളക്കത്താലിയിടുമ്പോൾ 

ഓടക്കുഴലില്ലാതെ, മഞ്ഞപ്പട്ടില്ലാതെ 
ഇലക്കിലുക്കത്തിനൊത്ത്‌ 
പ്രണയനടനത്തിനെത്താറുണ്ട്‌ 
ഒരാണ്മയില്ച്ചന്തം 

മുട്ടോളം പൊന്നിട്ട പാടം കൊയ്ത്‌
മുളംകൂടിൻ തുന്നാംതലപ്പേറുന്ന തൂവല്പ്പച്ചയായി
ആർപ്പിടാറുണ്ട്‌
തത്തമ്മച്ചുണ്ടിൻ ചെംപൂക്കളം

.....................
മുറിച്ചുപോയ കാട്ടുചന്ദനം പോലെ...
വണ്ടികേറിയ പാടം പോലെ...
കൂടെപ്പോയ വിത്തും കൈക്കോട്ടും പോലെ...
കണ്ണിക്കാലോളം വെള്ളം
കണ്ണീരാവും വേനൽപ്പുഴയിൽ
ചെളിപ്പരുവത്തിൽ
ഇപ്പൊഴുമൊളിച്ചുകിടപ്പുണ്ട്‌
ഓർമ്മകളുടെ താമരത്തോട്ടം

Wednesday, May 29, 2013

പഴക്കശാല


പൊതിഞ്ഞും ചുരുണ്ടും
കൈകാലയഞ്ഞും
മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍
ക്രമത്തിൽ  തട്ടുതട്ടായിരിയ്ക്കുന്നു

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍
വെയില്‍ ചുവപ്പിച്ച തേന്‍പഴങ്ങള്‍
നാട്ടുപൂരത്തിന്റെ നെയ്യലുവത്തുണ്ടുകള്‍
ഉപ്പുണങ്ങിയ മാങ്ങാപ്പൂളുകള്‍
അമര്‍ന്നുപരന്ന പപ്പടങ്ങള്‍
സുഖമണം ഊറ്റിയെടുത്ത്‌
എറിഞ്ഞുകളയേണ്ട വേപ്പിലകള്‍,
രണ്ടോ മൂന്നോ പകല്‍ദൂരം കടന്ന്‌
രസം ചോര്‍ന്ന കറിക്കൂട്ടുകള്‍
ഇതിനെല്ലാം മീതെ
മനസ്സുറഞ്ഞ വെള്ളത്തുള്ളികള്‍

തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...

അടുക്കളമൂലയിലെ
ശീതഭരണിയില്‍ നിന്നും
പല സമയങ്ങളില്‍
പലതായ്‌ നിങ്ങളെ
പുനരവതരിപ്പിയ്ക്കാന്‍
അടുപ്പൊരുങ്ങുന്നുണ്ട്‌