Tuesday, October 2, 2007

ബലി

നന്മയുടെ സൂര്യന്ന്‌
കൗശലച്ചിറകിനാല്‍ മറപിടിച്ച്‌
കളവറിയാത്ത ബാല്യത്തില്‍ നിന്നും
വിരുതനാം കാകന്‍ കവര്‍ന്നതാണെന്നെ.

ചതുരതയുടെ സൂത്രവാക്യം
'നിന്മൊഴിയെത്ര മനോജ്ഞം' ചൊല്ലി,
ജംബുക,നെന്നെ,യവന്റേതാക്കി.

വീണ്ടുമനേകം കൈകളിലൂടെ
വിശപ്പിന്റെ വിളികള്‍
കേള്‍ക്കാത്തൊരകലത്തി,ലുയരത്തില്‍,
തങ്കത്താംബാളത്തില്‍
പലഹാരക്കൂമ്പാരത്തില്‍
ചേര്‍ന്നമര്‍ന്നൂ ഞാന്‍...

ആഡംബരത്തിന്‍ വിലങ്ങണിയിച്ച്‌
കത്തിയും മുള്ളും കൊണ്ട്‌
ആക്രമിച്ചാസ്വദിയ്ക്കും മുന്‍പ്‌,
അവരെന്നെ ഞാനല്ലാതാക്കും മുന്‍പ്‌

കണ്ണീരൊട്ടും മുഖത്തിന്നും,
വേറിടും പ്രാണന്നുമിടയില്‍
ശോഷിച്ച കയ്യിലൊതുങ്ങും
വയറിന്‍ പിച്ചച്ചട്ടിയില്‍,

ആര്‍ത്തി മൂര്‍ഛിയ്ക്കും
കഴുകന്‍ കണ്ണുകള്‍
‍കൊളുത്തിട്ട്‌ കാവലിരിയ്ക്കും
ഉണക്ക മാംസക്കോലങ്ങളില്‍,

.....എന്നെ അര്‍പ്പിയ്കാന്‍
ബലിക്കല്ലു തേടുന്നു ഞാന്‍.....

14 comments:

ചന്ദ്രകാന്തം said...

കുഞ്ഞിന്റെ കയ്യില്‍ നിന്നും അപ്പം തട്ടിപ്പറിയ്ക്കുന്ന കാക്കയും, അവനില്‍ നിന്നും അത്‌ നേടിയെടുക്കുന്ന കുറുക്കനും.. ഇന്നും തുടരുന്ന കഥ..

ബലി - കവിത.

കുഞ്ഞന്‍ said...

കമന്റിലൂടെ കവിതയെ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റി.

സുല്‍ |Sul said...

“ചാഹ് നഹി സുരബാലാ കെ
ഗഹനോം മെ ഗൂന്ധാ ജാവൂം
ചാഹ് നഹി പ്രേമി മാലാമേ
ബിന്ദ് പ്യാരി കൊ ലല്‍ചാവൂം...”

ഈ കവിത ഓര്‍മ്മവന്നു വരികളിലൂടെ കടന്നു പോയപ്പോള്‍. നന്നായിരിക്കുന്നു ചന്ദ്രേ :)

-സുല്‍

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു...

ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ലായിരുന്നു... പിന്നെ കമന്റ് വായിച്ചിട്ട് ഒന്നു കൂടി വായിച്ചപ്പോ എന്തൊക്കെയോ ഓടി... കവിത നന്നായിരിക്കുന്നു.... കമന്റിനു നന്ദി

:)

താരാപഥം said...

കാകസൂത്രവും ജംബൂകതന്ത്രവും ഇന്നും നമ്മുടെ അസ്തിത്വത്തെത്തന്നെ ഇല്ലായ്മചെയ്തുകൊണ്ടിരിക്കുന്നു, പല രൂപങ്ങളിലായി. തേന്‍ പുരട്ടിയ വക്കുകളില്‍ നമ്മളും മയങ്ങി മനഃപ്പായസമുണ്ണുന്നു. ഒളിഞ്ഞിരിക്കുന്ന ചതിയുടെ സത്യം അറിയാതെ.

(ആര്‍ത്തി മൂര്‍ഛിയ്ക്കും
കഴുകന്‍ കണ്ണുകള്‍
കൊളുത്തിട്ട്‌ കാവലിരിയ്ക്കും
ഉണക്ക മാംസക്കോലങ്ങളില്‍,)

ഈ വരി ഇത്തിരി ഭീകരമായിപ്പോയി.

മുസ്തഫ|musthapha said...

കുഞ്ഞന്‍ പറഞ്ഞത് പോലെ,ചന്ദ്രകാന്തത്തിന്‍റെ കമന്‍റ് കവിതയെ കൂടുതല്‍ ആസ്വദിക്കാന്‍ സഹായിച്ചു...

പരിത്രാണം said...

എന്നെ പോലെ സാധാരണക്കാര്‍ക്കു എളുപ്പം മനസ്സിലാവുന്ന ഭാഷാപ്രയോഗം അല്ലായിരുന്നല്ലോ. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ലായിരുന്നു. പക്ഷേ അടികുറിപ്പു വായിച്ച് കവിത ആവര്‍ത്തിച്ച് വായിച്ചപ്പോള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. ചിന്തകള്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്ന കവിത. ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്.

Murali K Menon said...

ജീവിതത്തിന്റെ ഒടുങ്ങാത്ത ദുര്യോഗങ്ങളില്‍ പൊങ്ങിയും താണും സഞ്ചരിക്കുന്ന നമ്മള്‍ ഇത്തരം ഓര്‍മ്മകളില്‍ ചെന്നു നില്‍ക്കണം.

ഉണക്കമാംസം മാത്രമല്ല കഴുകന്‍ നോക്കി നില്ക്കുന്നത്, നീരുവറ്റിയ പച്ചമാംസവും നോക്കി നില്‍ക്കുന്ന കാഴ്ച കാണാന്‍ സുഡാനിലേയും എത്യോപ്പിയലേയും കുറ്റിക്കാടുകളില്‍ പോയാല്‍ മതി. ആഫ്രിക്കയില്‍ നിന്ന് ഈ കവിത വായിക്കുമ്പോള്‍ അത് മനസ്സിലെവിടെയോ കലമ്പല്‍ സൃഷ്ടിക്കുന്നു.

പി.സി. പ്രദീപ്‌ said...

കവിതയെ കൂടുതല്‍ മനസ്സിലാക്കാന്‍ അടിക്കുറിപ്പ് സഹായിച്ചു.
ഇനിയും എഴുതുക.:)

ശ്രീ said...

"...എന്നെ അര്‍പ്പിയ്കാന്‍
ബലിക്കല്ലു തേടുന്നു ഞാന്‍..."


നന്നായിരിക്കുന്നു ചേച്ചീ... നല്ല ആശയം. ലോകമുള്ളിടത്തോളം കാലം ഇതിനൊന്നും ഒരു മാറ്റവുമുണ്ടാകുമെന്ന് തോന്നിന്നില്ല.

ചന്ദ്രകാന്തം said...

എത്രയൊക്കെ വിപ്ലവം അരങ്ങേറിയാലും, ഇന്നും അപ്പക്കഷ്ണങ്ങള്‍ കയ്യൂക്കുള്ളവന്റെ കയ്യില്‍ തന്നെ. പാവപ്പെട്ടവനെ മുതലെടുക്കുന്ന രീതിയ്ക്കു മാത്രമേ വ്യത്യാസമുള്ളൂ...
കുഞ്ഞന്‍, സഹയാത്രികന്‍, അഗ്രജന്‍, വിസ്‌ഡം, പ്രദീപ്, ശ്രീ .... മനസ്സില്‍ ഉള്‍ക്കൊണ്ട്‌ വായിച്ചതിനും, അതു കുറിച്ചു വച്ചതിനും.. നന്ദി.
സുല്ലെ.. പറഞ്ഞത്‌ ശരിയാണ്‌, പാവപ്പെട്ടവനിലേയ്ക്ക്‌ ഒരിയ്ക്കലെങ്കിലും ഇറങ്ങിവന്നവന്‌, ആഡംബരങ്ങള്‍ വിലങ്ങുകള്‍ തന്നെ. (ഈ പോസ്റ്റിട്ടത്‌ ഗാന്ധിജയന്തിയില്‍ ആയത്‌ തികച്ചും യാദൃശ്ചികമായിരുന്നു.)
താരാപഥം, ആ വരികളിലെ ഭീകരത ടി.വി.യിലൂടെ എത്രയോ നമ്മെ പേടിപ്പിച്ചിട്ടുള്ളതല്ലെ..
മുരളിജീ, ആഫ്രിക്കയിലിരുന്നു വായിയ്ക്കുമ്പോള്‍.... ശരിയാണ്‌, മനസ്സ്‌ കൂടുതല്‍ കലമ്പും. നീരുവറ്റിയ മനുഷ്യക്കോലം തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചത്‌. (കുരുന്നുജീവന്റെ അവസാന ചലനം കൂടി നിലയ്ക്കാന്‍ കാത്തിരിയ്ക്കുന്ന കഴുകന്‍.. ആ ചിത്രത്തിന്റെ ഭീകര മുഖം ആര്‍ക്കാണ്‌ മറക്കാനാവുക !!)

ഉപാസന || Upasana said...

Nannayittunte madam,
:)
upaasana

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു. പലരും പറഞ്ഞതു പോലെ കമന്റ് വായിച്ചു മുന്‍‌ധാരണയോടെ വായിച്ചപ്പോള്‍ കൂടുതല്‍ ആസ്വദിക്കാനായി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചന്ദ്രകാന്തം..
വലിയ ചിന്തകള്‍
കുറഞ്ഞ വരികളിലൂടെ
അവതരിപ്പിക്കുന്നതില്‍ താങ്കള്‍ വിജയിക്കുന്നു.
ഇനിയും തുടരുക,കാത്തിരിക്കുന്നു