Monday, February 28, 2011

ശബ്ദം ഉരിച്ചെടുത്ത പാട്ട്

ഉള്‍ക്കടലിലെവിടെയോ
അലയുന്നുണ്ടൊരു പുഴ

ഓളപ്പരപ്പിന്‍ അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ

ചുളിഞ്ഞും കീറിയും പറിഞ്ഞും
ഒരുപാട്‌ ഏടുകളില്ലാത്ത
പഴയകാല പാട്ടുപുസ്തകം പോലെ...
പൂവെറിഞ്ഞ ചില്ലകള്‍,
കൊമ്പൊടിഞ്ഞ്‌ ഒഴുകിവന്ന മലകള്‍,
പിടികിട്ടാതെപോയ മണ്ണൊഴുക്കുകള്‍
മുങ്ങിപ്പിടഞ്ഞ
ഒടുക്കത്തെ നീര്‍ക്കുമിളയില്‍
പറ്റിപ്പിടിച്ച കയ്യെഴുത്തുകള്‍

പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ചര്‍ച്ചയ്ക്കെടുക്കുമോ..

ഒളിപ്പിച്ചു കൊണ്ടുനടന്ന മിനുക്കങ്ങള്‍ വെളിപ്പെട്ട്‌
കൊത്തിപ്പറിച്ചും കുതിര്‍ന്നും
തിരയ്ക്കും തിരശീലയ്ക്കും വേണ്ടാത്ത പാട്ടുകൾ
മൂന്നാം പക്കം
ഏതു തീരത്താവും?

ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
ഏതൊക്കെ കാഴ്ചയിലേയ്ക്കാകും ഒപ്പിയെടുക്കപ്പെടുക?

Thursday, February 3, 2011

പാത്തുമ്മാമ

ബോധവുമബോധവും കൂട്ടിത്തുന്നിയ ഇടവഴിയിലൂടെ
ഭൂതകാലമിഴപിണഞ്ഞ നടത്തത്തിനിടയില്‍,

പ്രകാശം കണ്ണെഴുതിച്ച
ഏതോ നിമിഷത്തിനോര്‍മയെ എന്നപോലെ,
തിമിരക്കണ്ണുകൊണ്ടാണെങ്കിലും
സൂക്ഷ്മമായൊരു
വെള്ളാരംകല്ലിനെ നുള്ളി,
മാനം കാട്ടാതെ
കാല്‍വിരലില്‍ ഇറുക്കിപ്പിടിയ്ക്കും
പാത്തുമ്മാമ

പിഞ്ഞിയ കാച്ചിയൊന്നു മുറുക്കി,
ഓരോ കല്‍ത്തുണ്ടിനേയും
വീടുകാണിയ്ക്കും, പുതപ്പിച്ചുറക്കും

സ്വപ്നനാഴികകളില്‍,
മിന്നാമിന്നികള്‍ മേലാപ്പിട്ട ആകാശമുറ്റത്ത്‌
മയിലാഞ്ചിക്കൈകള്‍ക്കൊപ്പം
കൊട്ടിപ്പാടാന്‍ പോകും

മേലാകെ തളിര്‍ത്ത ചിറകുകരിഞ്ഞ്‌
കീറപ്പായിലെ പഴമ്പുതപ്പിനടിയിലേയ്ക്ക്‌
നാടുകടത്തപ്പെടുമ്പോള്‍
പാത്തുമ്മാമയുടെ പീളകെട്ടിയ പകലിനെ
മുറ്റത്തെ മാവില പല്ലു തേപ്പിയ്ക്കും
പാളത്തൊട്ടി തുളുമ്പി നില്‍ക്കും

പുള്ളിവീണ രണ്ടോട്ടുപാത്രവും
വക്കില്ലാ പിഞ്ഞാണവും
പൊളിഞ്ഞ ചാണകത്തറയില്‍
നിര്‍ത്താതെ വെടി പറയുകയാവും;
മടിയന്മാര്‍!

പണ്ടെന്നോ
ഭാഗ്യം തേടിപ്പോയ തോഴന്റെ
കൈതപ്പൂക്കും ഉറുമാല്‍ത്തുണ്ടെടുത്ത്‌
പാത്തു കസവുതട്ടമിടും,
സുറുമയെഴുതാനവന്റെ വിരല്‍ തേടും

കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും

പിന്നെപ്പിന്നെ
മുട്ടോളമിട്ട കുപ്പിവള പൊട്ടിപ്പൊട്ടി
കല്ലിച്ച ഓര്‍മ്മക്കൂമ്പാരത്തില്‍ കലരുമ്പോള്‍
കാറ്റിലൊരു തേങ്ങലുയരും

ഒരു സന്ധ്യയ്ക്ക്‌
മഴവില്ലിറങ്ങിയെത്തിയ
മിന്നല്‍ത്തോണിയില്‍ കയറിപ്പോയതാണ്‌;
പുലര്‍ന്നിട്ടും, മാവില കുഴഞ്ഞു വീണിട്ടും
തൊട്ടി വരണ്ടിട്ടും
പാത്തുമ്മാമ വന്നില്ല

വെള്ളാരം കുന്നുകളില്‍
മലക്കുകള്‍ പാറിനടന്നു
മഴയുണക്കാനിട്ട മൈതാനം കടന്ന്‌
മയിലാഞ്ചിക്കാട്ടിലേയ്ക്ക്‌ വഴി വളര്‍ന്നു

കേട്ടു കേട്ടു വന്ന്‌,കണ്ണുതുടച്ചവരോട്‌,
എന്റെ പാത്തു
മേഘം മുറിച്ച്‌ നീന്തി വരുന്നല്ലോ എന്ന്‌
ഓര്‍മ്മക്കല്ലുകള്‍ക്കിടയില്‍ നിന്നും
ഉറുമാലുചുറ്റിയ ഒരു പൊന്‍പണം
തിളങ്ങിക്കൊണ്ടിരുന്നു..

Wednesday, December 29, 2010

വായനപ്പങ്ക്‌

പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം

ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു

ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക്‌ കുത്തിക്കയറിയത്‌;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്‌
തലവീര്‍ത്ത്‌ മെയ്‌‌തളര്‍ന്നവർ‌ക്കൊപ്പം
കണ്ണിഴയുമ്പോള്‍

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു

Sunday, November 14, 2010

തേച്ചു മിനുക്കി തേഞ്ഞു മിനുങ്ങി..

ഇനിയുമൊരു തുന്നലിനിടമില്ലെന്ന്
പിഞ്ഞിയ തോല്
ആണിയടിയ്ക്കാനില്ലെന്ന് നെഞ്ച്
അഴുകിയ ജീവിതം കൂട്ടിനിര്ത്താനാവാത്ത
തുരുമ്പിച്ച കൊളുത്തുകളടക്കം പൊതിഞ്ഞുകെട്ടി
എത്രയോ തവണ
ഞാനെന്നെ ഉപേക്ഷിച്ചതാണ്

പഴങ്കഥയിലെ ചെരുപ്പിനെപ്പോലെ,
കുഴിച്ചുമൂടിയാലും
കടലിലൊഴുക്കിയാലും
വീണ്ടും വീണ്ടും തേടിവരുമെന്നറിയാതെ..

Tuesday, November 9, 2010

വെളുക്കുമ്പോള്‍ കുളിയ്ക്കണം, വെളുത്ത മുണ്ടുടുക്കണം..

അരിക്കാരിച്ചേട്ടത്തി പണ്ടുപറഞ്ഞപ്പോള്‍
ഇത്ര കരുതീല്ല
പരുവപ്പെടുത്തിയ വിതയൊന്നും വേണ്ട
തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്‌

വടക്കന്‍ മലകടക്കുന്ന
തുരപ്പന്മാരെ പേടിപ്പിയ്ക്കാന്‍
വേണ്ടിവന്നാല്‍
നാട്ടീന്നു പൊട്ടാസു കൊണ്ടുവരാലൊ

തൊപ്പിവച്ച തമ്പ്രാന്‍
വ്യവസ്ഥകളൊക്കെ സമ്മതിച്ചിട്ടുണ്ട്‌

കരാറൊന്നൊത്തു കിട്ടാന്‍
അപ്പനപ്പൂപ്പന്മാരെത്തൊട്ട്‌
പിറക്കാന്‍ പോണോരെക്കൂടി
ഉയര്‍ത്തിപ്പാടി;
ഈത്തറവാടിന്റെ തലതൊട്ടപ്പന്‍
പണ്ടുപറഞ്ഞ കഥകളാണ്‌
ഇന്നുമെന്റെ വഴികാട്ടിയെന്ന്‌ വരെ
കാച്ചി വിട്ടു,
കച്ചോടം നടക്കണ്ടേ..!

ഇവിടത്തെ കുട്ട്യോള്‍
ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി
ഗവേഷണോം ചെയ്തിരുന്നോട്ടെ,

ഞാനീ മണ്ണിന്റെ വേരില്‍ നിന്ന്‌
പൊന്നൂറ്റിയെടുക്കും
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്‌
ഇവിടെയൊരു കുളവും കുഴിയ്ക്കും

ഞാനാരാ മോന്‍!!!

Wednesday, October 20, 2010

ഉപേക്ഷിയ്ക്കാനാവാത്ത ഉടൽ‌ക്കുപ്പായങ്ങൾ

"രണ്ടുപറ തവിടിനു പകരം
പുള്ളോത്തി തന്നതാ
ചുണ്ടുവരണ്ടൊരു പെണ്‍കിടാവിനെ"

ചിറിയിലൂടെ ഇഴഞ്ഞിറങ്ങുന്ന
ചൊകചൊകന്ന പാമ്പിന്‍കുഞ്ഞിനെ
നീട്ടിത്തുപ്പിയൊരു
നാട്ടുനടപ്പുകഥ;
മുറ്റത്തും മനസ്സിലും
ചോരപ്പത്തി വിടര്‍ത്തും

എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്‌
അനാഥമായ ഉള്‍വഴികളില്‍
പുള്ളോര്‍ക്കുടത്തിന്‍ മുഴക്കം

ആയില്യം നക്ഷത്രം
അധിദേവത സര്‍പ്പം

ചുണ്ടുപോലെ വരണ്ടുപോയ മനസ്സില്‍
നെടിയ വരമ്പിലൂടെ
രണ്ടുപറ തവിടുമായി
പുള്ളോത്തി നടന്നു

വിജനമായ രാക്കിനാക്കള്‍
ഒരിടിവെട്ടിലും കെട്ടുപോകാത്ത ഇഴജന്മങ്ങളായി
പറന്നു കൊത്തി

രാവിനു മൂര്‍ച്ചയേറും യാമങ്ങളില്‍
കെട്ടുപിണഞ്ഞ കടും നിറങ്ങളെ,
മുടിയിഴച്ചും പൂക്കുല തല്ലിയും
അഴിച്ചെടുക്കാനാവാതെ..

ഇരുട്ടു പന്തലിച്ച ആകാശത്തിനു കീഴെ
ചിറകു വെട്ടി ഉപേക്ഷിയ്ക്കപ്പെട്ടവള്‍
അസ്ഥിത്വത്തിന്‍ ചോദ്യചിഹ്നത്തില്‍
തലകീഴായാടി

പാടത്തിനക്കരെനിന്ന്‌
കവുങ്ങിന്‍ പൂമണം പൊതിഞ്ഞ്‌
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ്‌ കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌
*****************************

Tuesday, September 14, 2010

എന്നെത്തന്നെ

പറഞ്ഞും കേട്ടും തേഞ്ഞുപോയ
വാക്കുകൊണ്ടാണ്‌ മേച്ചില്‍

പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌

മാറാലയില്‍ തൂങ്ങിയാടുന്ന
വാഗ്ദത്ത ഭംഗികള്‍
എന്നത്തേയും പോലെ
ഏതു സമയത്തും വീണുമറയാം

ആദര്‍ശങ്ങള്‍ ഉത്തരമാകുമ്പോള്‍
മനസ്സ്‌ അനങ്ങാപ്പാറയാകേണ്ടതാണ്‌;
പക്ഷേ,
കടുപ്പിച്ചൊരെഴുത്തില്‍
തകര്‍ന്നുപോകുന്നതാണ്‌ ചുമരെങ്കില്‍
തറച്ചൊരു നോട്ടത്തില്‍
അനുസരിപ്പിയ്ക്കപ്പെടുന്നതാണ്‌
തൂണുകളെങ്കില്‍..
ഉത്തരത്തിനു താങ്ങാകില്ല

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം

ഒടുവില്‍
തൊട്ടാല്‍ പൊടിയാവുന്ന
നേര്‍ത്ത നാരുകളോ തുണ്ടങ്ങളൊ ആയി
മനസ്സില്ലാതെ, ഒരു ശരീരം പറന്നുപോകാം

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഒരു കൊടുങ്കാറ്റിനും കൈകൊടുക്കാതെ.

*************************
"ആനുകാലിക കവിത"യില്‍ പ്രസിദ്ധീകരിച്ചത്‌.